
കോഴിക്കോട്: നിപയിൽ കോഴിക്കോടിന് ആശ്വാസം. ജില്ലയിൽ ശനിയാഴ്ച പുതിയ പോസിറ്റിവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. നിലവിൽ നാല് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുളള മകൻ വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആരോഗ്യ പ്രവർത്തകനടക്കം മറ്റ് രോഗികളുടെ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിപ ബാധിച്ചവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തേക്കും. വിഷയം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. റിപോർട്ടർ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നാല് പേരുടെ ബിൽ തുക അഞ്ച് ലക്ഷം കവിഞ്ഞെന്ന് റിപോർട്ടർ വാർത്ത നൽകിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പേരുടെ പരിശോധന ഫലം ഞായറാഴ്ചയോടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണം ലംഘിച്ച് സെലക്ഷൻ ട്രയൽ നടത്തിയ അത്ലറ്റിക് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിരോധന നിയമ പ്രകാരം ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്. നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 23 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂവെന്നാണ് നിർദേശം. മദ്രസകൾ, അങ്കണവാടികൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂർ ഹാർബർ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മത്സ്യബന്ധന ബോട്ടുകളും തോണികളും ഇനി മുതൽ വെള്ളയിൽ, പുതിയാപ്പ ഹാർബറുകളിൽ അടുപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 1,177 പേരാണ് ഉള്ളത്. ശനിയാഴ്ച 97 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 82 പേരാണ് ഉള്ളത്. ആദ്യം മരിച്ച വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 409 ആണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 152 പേരാണ് ഉള്ളത്. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 54 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുള്ളവയിൽ പെടുന്നു. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.