
കൊച്ചി: കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഓൺലൈൻ വായ്പക്ക് പുറമെ കുടുംബം മുളന്തുരുത്തിയിലെ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പപയെടുത്തതായും അന്വേഷണ സംഘം കണ്ടെത്തി, തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇവർക്ക് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. ഇതും കുടുംബത്തെ സമ്മർദത്തിലാക്കിയിട്ടുണ്ടാകാം എന്നാണ് പൊലീസിൻറെ നിഗമനം.
സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഓൺലൈൻ കമ്പനികൾക്കു പുറമെ ബാങ്കുകളിൽ നിന്നും ശിൽപ്പയും നിജോയും സ്വീകരിച്ച വായ്പകളുടെ വിവരം പൊലീസിന് ലഭിച്ചു. മുളന്തുരുത്തിയിലെ സർവ്വീസ് സഹകരണ ബാങ്കിൽ മാതാവിൻ്റെ പേരിലെടുത്ത ലോണിൽ മാത്രം 3,09,578 രൂപ കൂടിശികയുണ്ട്. ശിൽപ്പ മറ്റ് ബാങ്കുകളിൽ നിന്ന് വലിയ തുക ലോൺ സ്വീകരിച്ചതായുള്ള വിവരവും പൊലീസിന് ലഭിച്ചു. ഓൺലൈൻ വായ്പ കമ്പനിയുടെ ഭീഷണിക്ക് പുറമേ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലുമായിരുന്നു കുടുംബം. ഇതിനു പുറമേയാണ് സഹകരണ ബാങ്കിൽ നിന്നുള്ള നോട്ടീസും ലഭിച്ചത്. കുട്ടികളടക്കം നാല് പേരുടെ മരണത്തിലേക്ക് നയിച്ച എല്ലാ സാധ്യതകളും പുറത്ത് കൊണ്ട് വരുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വൃക്തമാക്കി.
കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കളായ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. നിജോയും ശിൽപയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചു എന്നാണ് പൊലീസ് നിഗമനം. വീടിൻ്റെ മുകൾ നിലയിലാണ് ഇവർ താമസിക്കുന്നത്. താഴത്തെ നിലയിൽ നിജോയുടെ അമ്മയും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. രാവിലെ കുട്ടികളെ കാണാത്തതിനാൽ നിജോയുടെ മാതാവ് ആനി നോക്കുമ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. വരാപ്പുഴ ഇസബെല്ല സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ച കുട്ടികൾ.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)