
കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ കോഴിക്കോട് ജില്ലയിൽ ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകും. ക്ലാസുകൾ ഓൺലൈനായി മാത്രം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.
ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര കള്ളാട് സ്വദേശിക്കും നിപ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇയാളിൽ നിന്നാണ് രോഗം പടർന്നത്. ഇയാളുടെ തൊണ്ടയിൽ നിന്നെടുത്ത സാമ്പിൾ ആശുപത്രിയിലുണ്ടായിരുന്നു. അതാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ സംസ്ഥാനത്ത് ആറ് പേരിലാണ് നിപ ബാധ സ്ഥിരീകരിച്ചത്. രണ്ട് പേരിൽ മരണശേഷമാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കോഴിക്കോട് കോർപ്പറേഷനിലെ ചെറുവണ്ണൂരിൽ നിപ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ ചെറുവണ്ണൂരിലുള്ള 39 വയസ്സുള്ളയാള്ക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ചെറുവണ്ണൂർ കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. 1080 പേർ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇവരിൽ 327 ആരോഗ്യ പ്രവർത്തകർ ഉണ്ട്. ഹൈറിസ്ക് കാറ്റഗറിയിലുള്ളത് 175 പേരാണ്. ഇവരിൽ 122 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കപട്ടികയിൽ മലപ്പുറം ( 22) കണ്ണൂർ (3) വയനാട് (1) തൃശൂർ (3) സ്വദേശികളുമുണ്ട്. 10714 വീടുകളിൽ വിവരശേഖരണം നടത്തിയതായും വീണാ ജോർജ് അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് എത്തിയ പ്രത്യേക മെഡിക്കൽ സംഘം മരുതോങ്കരയിലെത്തി ഇന്ന് പരിശോധന നടത്തിയിട്ടുണ്ട്. മുഹമ്മദാലിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വൃക്ഷങ്ങൾ കേന്ദ്രസംഘം നോക്കിക്കണ്ടു. മുഹമ്മദാലിയുടെ തറവാട് വീട് സന്ദർശിച്ച സംഘം, രോഗ ബാധയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഏർപ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു. തറവാട് വീടിന് സമീപത്തെ വാഴ തോട്ടത്തിൽ നിന്ന് മുഹമ്മദാലി വാഴക്കുല വെട്ടിയതായി വീട്ടുകാർ പറഞ്ഞിരുന്നു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത് . ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വവ്വാലുകളെ പിടിക്കാൻ വല വിരിക്കാൻ തീരുമാനമായി. കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വല വിരിക്കുക.