
കോഴിക്കോട്: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് കൊയിലാണ്ടി പൊലീസ്. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്ത്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് അനിൽ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഐപിസി 118 E, കെപിഎ.505 (1) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം കോഴിക്കോട് ഒരാള്ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് രോഗബാധയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ ആരോഗ്യവകുപ്പിനെ സമീപിക്കുകയായിരുന്നു. മരുതോങ്കര സ്വദേശി ചികിത്സ തേടിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇയാളും ചികിത്സയ്ക്കായി എത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ എൻ ഐ വി പൂനയുടെ ലാബിലാണ് പരിശോധന നടത്തിയത്. നിലവില് ആശുപത്രിയില് ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാല് ആയി.
കോഴിക്കോട് നിയന്ത്രണങ്ങള് കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കണ്ടെയ്ന്മെന്റ് സോണുകളില് ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള് അനുവദിക്കില്ലെന്ന് അറിയിപ്പുണ്ട്. കള്ള് ചെത്തുന്നതും വില്ക്കുന്നതും നിര്ത്തിവെക്കണം. ആശുപത്രികളില് സന്ദര്ശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാന്ഡറെ മാത്രമായിരിക്കും അനുവദിക്കുക. കോഴിക്കോട്ടെ പൊതുപാര്ക്ക്, ബീച്ച് എന്നിവിടങ്ങളിലും പ്രവേശനമുണ്ടായിരിക്കില്ല. മാസ്കും സാനിറ്റൈസറും നിര്ബന്ധമാക്കി. പൊതുപരിപാടികള് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക. വവ്വാലുകളുടെയും പന്നികള് ഉള്പ്പടെയുള്ള വന്യജീവികളുടെയും ജഡം ഒരു കാരണവശാലും സ്പര്ശിക്കരുത് എന്നും നിര്ദ്ദേശമുണ്ട്.