
കൊച്ചി : എസ്എൻ ട്രസ്റ്റ് ജീവനക്കാരന്റെ ആനുകൂല്യങ്ങൾ നൽകണമെന്ന വിധി നടപ്പിലാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്ന് വെള്ളാപ്പള്ളി നടേശനോട് ഹൈക്കോടതി. എസ്എന് ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരന് നല്കിയ കോടതിയലക്ഷ്യ ഹര്ജിയിലാണ് ഉത്തരവ്. വിധി നടപ്പാക്കിയില്ലെങ്കില് സെപ്തംബര് 19ന് നേരിട്ട് ഹാജരാകണമെന്നും എന്തുകൊണ്ട് വിധി നടപ്പാക്കിയില്ലെന്ന് വിശദീകരണം നൽകണമെന്നുമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നിര്ദ്ദേശം.
കൊല്ലം തട്ടാമല സ്വദേശി കെ കെ ശ്യാം ആണ് വെള്ളാപ്പള്ളി നടേശന് എതിരെ കോടതിയലക്ഷ്യ ഹര്ജി നല്കിയത്. കൊട്ടിയം ശ്രീ നാരായണ ട്രസ്റ്റ് പോളിടെക്നിക് കോളേജിന്റെ ഗവേണിംഗ് ബോഡി ചെയര്മാന് എന്ന നിലയിലാണ് ഹാജരാകേണ്ടത്. പോളിടെക്നിക് കോളേജിലെ ജീവനക്കാരനായ കെ കെ ശ്യാമിന് നിരവധി ആനുകൂല്യങ്ങള് ലഭിക്കാനുണ്ട്. ഇന്ക്രിമെന്റ് ഉള്പ്പടെ തടയുകയും ചെയ്തു.
ലഭിക്കേണ്ട ആനുകൂല്യങ്ങള് കണക്കാക്കി രണ്ട് മാസത്തിനകം നല്കാമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അഭിഭാഷകന് കഴിഞ്ഞ ഒക്ടോബറില് നല്കിയ ഉറപ്പ്. എന്നാല് ഈ ഉറപ്പ് ആറ് മാസത്തിന് ശേഷവും പാലിക്കാന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും കെ കെ ശ്യാം കോടതിയലക്ഷ്യ ഹര്ജി നല്കിയത്.