മൊബൈൽ വൈറോളജി ലാബ് കോഴിക്കോട്ടേക്ക് എത്തിക്കും; പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി

'കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കും'

dot image

തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇത് ഉപയോഗിച്ച് നിപ പരിശോധന നടത്തും. ബിഎസ്എൽ ലെവൽ രണ്ടു ലാബുകളാണ് ഇവ. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിയുടെ ഹൈ റിസ്ക് കോണ്ടാക്ടുകള് എല്ലാം പരിശോധിക്കും. മോണൊക്ലോണൽ ആൻ്റിബോഡി എത്തിച്ചിട്ടുണ്ട്. കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കും. നിപ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തിയിട്ടുണ്ട്. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. മാല ചബ്ര (സീനിയര് കണ്സള്ട്ടന്റ് മൈക്രോബയോളജിസ്റ്റ് എ ബി വി ഐ എം), ഡോ. ഹിമാന്ഷു ചൗഹാന് (ജോയിന്റ് ഡയറക്ടര് ഐ ഡി എസ് പി, നാഷണല് സെന്റര് ഫോര് ഡിസീസ് കണ്ട്രോള്, ഡല്ഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടര്, നാഷണല് സെന്റര് ഫോര് ഡിസീസ് കണ്ട്രോള്, ഡല്ഹി), ഡോ. അജയ് അസ്രാന (പ്രൊഫ. ന്യൂറോളജി നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല് ഹെല്ത്ത് ആന്റ് ന്യൂറോ സയന്സസ്, ബാഗ്ലൂര്), ഡോ. ഹനുല് തുക്രല്- (എപിഡമോളജിസ്റ്റ്, സെന്റര് ഫോര് വണ് ഹെല്ത്ത്, നാഷണല് സെന്റര് ഫോര് ഡിസീസ് കണ്ട്രോള്, ഡല്ഹി), ഡോ. ഗജേന്ദ്ര സിംഗ് (വൈല്ഡ്ലൈഫ് ഓഫീസര്- സെന്റര് ഫോര് വണ് ഹെല്ത്ത്, നാഷണല് സെന്റര് ഫോര് ഡിസീസ് കണ്ട്രോള്, ഡല്ഹി) എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് കേന്ദ്ര സംഘം സംസ്ഥാന സർക്കാരിന് വിവരങ്ങൾ നൽകും. രോഗബാധ സ്ഥിരീകരിച്ച മരുതോങ്കരയിലുൾപ്പടെ സംഘം പരിശോധന നടത്തും.

നിലവിൽ മൂന്ന് പേരാണ് രോഗബാധ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിൽ കഴിയുന്നത്. വെൻ്റിലേറ്ററിൽ കഴിയുന്ന ഒൻപത് വയസുകാരൻ്റെ ആരോഗ്യനില കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റ് രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആകെ 20 പേരാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. 11 സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വൈകിട്ട് വരും.

കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളിൽ ചെക്ക് പോസ്റ്റുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ളവരുടെ സംഘം 24 മണിക്കൂറും പരിശോധന നടത്തും. അതിർത്തി ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തമിഴ്നാട് സർക്കാർ മാസ്ക്, സാനിറ്റൈസേഷൻ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image