സോളാർ ലൈംഗിക പീഡന കേസ്; ഗൂഢാലോചനയിൽ പുകഞ്ഞ് കോൺഗ്രസ്

അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ ആശയക്കുഴപ്പം
സോളാർ ലൈംഗിക പീഡന കേസ്; ഗൂഢാലോചനയിൽ പുകഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസിലെ ഗൂഢാലോചനയെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത രൂക്ഷമാകുന്നു. ഗൂഢാലോചനയിൽ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ പാർട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പം തുടരുകയാണ്. കോൺഗ്രസും മുന്നണിയും അന്വേഷണം വേണമെന്നായിരുന്നു ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടത്. പക്ഷേ യുഡിഎഫ് യോഗം സിബിഐ അന്വേഷണത്തിൽ തുടർനടപടിയാണ് ആവശ്യപ്പെട്ടത്. അന്വേഷണം വേണ്ടെന്നായിരുന്നു യുഡിഎഫ് തീരുമാനം. യുഡിഎഫ് നിലപാട് ഭരണപക്ഷം ആയുധമാക്കിയതോടെയാണ് പ്രതിപക്ഷം തിരുത്തിയത്.

പിണറായി വിജയൻറെ പൊലീസ് അന്വേഷിക്കേണ്ടതില്ലെന്നും സിബിഐ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോഴും അതിന്റെ നടപടിക്രമങ്ങളിലേക്ക് നീങ്ങാൻ തീരുമാനിച്ചിട്ടില്ല. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.
സോളാർ സിബിഐ റിപ്പോർട്ട് പുറത്തുവന്നതോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ലൈംഗിക പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് പാർട്ടിയിൽ ഭിന്നത. ഉമ്മൻചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എ ഗ്രൂപ്പ്. ഗൂഢാലോചനയിൽ വിശദ അന്വേഷണം വേണമെന്നാണ് കെസി ജോസഫ് ഉൾപ്പെടെ നേതാക്കളുടെ ആവശ്യം. പക്ഷേ ഈ കാര്യത്തിൽ അഭിപ്രായ ഐക്യത്തിലെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

അന്വേഷണം ബൂമറാങ് പോലെ തിരിച്ചടിക്കുമെന്ന ഭയമാണ് നേതാക്കൾക്ക്. രണ്ട് ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രി ആകാൻ ലക്ഷ്യമിട്ട് സോളാർ കേസ് ഉപയോഗിച്ചു എന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. തിരുവഞ്ചൂരിനെയും ചെന്നിത്തലയേയും സംശയമുനയിൽ നിർത്തുന്ന ആരോപണങ്ങൾക്ക് കോൺഗ്രസ് മറുപടി നൽകിയിട്ടില്ല. ദല്ലാൾ നന്ദകുമാറിന് മറുപടി ഇല്ലെന്നാണ് കോൺഗ്രസ് നിലപാട്.

അതേസമയം കെസി ജോസഫ് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ പടയൊരുക്കം തുടങ്ങി. ഉമ്മൻചാണ്ടിയെ വേട്ടയാടിയ സംഘത്തിൽ തിരുവഞ്ചൂർ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന പ്രസ്താവനയാണ് കോട്ടയത്ത് കെ സി ജോസഫ് നടത്തിയത്. ജോപ്പനെ ഉമ്മൻചാണ്ടി അറിയാതെ അറസ്റ്റ് ചെയ്തു എന്നായിരുന്നു വിമർശനം. അതേസമയം അടിയന്തര പ്രമേയം തിരിച്ചടിയായെന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തമാണ്. അടിയന്തര പ്രമേയം ഭരണപക്ഷത്തിന് വടി നൽകിയതിന് തുല്യമായെന്നാണ് വിലയിരുത്തൽ. കൂടിയാലോചനകൾ ഇല്ലാതെ തിരക്കിട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയെന്നും വിമർശനം ഉയരുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com