'നികുതി പിരിവിലും വീഴ്ച,ഭൂനികുതി കൂട്ടിയിട്ടും വരുമാനം കുറഞ്ഞു'; പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍

സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍
'നികുതി പിരിവിലും വീഴ്ച,ഭൂനികുതി കൂട്ടിയിട്ടും വരുമാനം കുറഞ്ഞു'; പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍. ഭൂ നികുതി കൂട്ടിയിട്ടും വരുമാനം കുറഞ്ഞു. നികുതി പിരിക്കുന്നതില്‍ അലംഭാവമെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍മാരായ എസ് സുനിര്‍രാജ്, ഡോ. ബിജു ജേക്കബ് എന്നിവര്‍ റവന്യൂ വിഭാഗം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. പെന്‍ഷന്‍ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്നതിനോടും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ വിയോജിച്ചു. അനര്‍ഹര്‍ക്ക് പണം ലഭിക്കാന്‍ പഴുത് ഉണ്ടെന്നാണ് നിരീക്ഷണം.

അര്‍ഹരായ 29,650 പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍, മരിച്ച 4039 പേരുടെ പേരില്‍ പെന്‍ഷന്‍ നല്‍കിയെന്നും ചൂണ്ടിക്കാട്ടി. ഡിബിറ്റി പകുതി മാത്രമാണ്. പകുതി നേരിട്ട് വീട്ടില്‍ നല്‍കുന്നു. ഇത് ഒരു ലൂപ് ഹോളാണ്. ഒരു വ്യക്തിക്ക് ഒരു എസ്എസ്പി മാത്രമേ അര്‍ഹതയുള്ളൂ. 3990 വ്യക്തികള്‍ക്ക് എന്നാല്‍ ഒന്നില്‍ കൂടുതല്‍ കണ്ടെത്തി. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യുന്നില്ല. സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

പൊതുമരാമത് വകുപ്പിനെയും അദ്ദേഹം വിമര്‍ശിച്ചു. കരാറുകാര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കി. 4.98 കോടി രൂപ അനര്‍ഹമായി നല്‍കി. റോഡ് നിര്‍മ്മാണങ്ങള്‍ക്ക് നേരിട്ട് ബിറ്റുകള്‍ വാങ്ങി. ഇത് അഴിമതിക്ക് വഴിയൊരുക്കി. നേരത്തെ സര്‍ക്കാര്‍ സപ്ലൈ ചെയ്യുന്നതായിരുന്നു രീതി.

ബാര്‍ ലൈസന്‍സ് അനധികൃതമായി കൈമാറി. ഇത് 2.17 കോടി രൂപ നഷ്ടമുണ്ടാക്കി. സംസ്ഥാനത്തെ 90 ശതമാനം ഹോട്ടലുകളിലും സോഴ്‌സ് ലെവല്‍ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം ഇല്ല. എത്ര മാലിന്യം ഉത്പാദിപ്പിക്കുന്നു എന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശാസ്ത്രീയ പഠനം നടത്തുന്നില്ല. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ മാലിന്യം ക്ലീന്‍ കേരളാ കമ്പനി സ്വകാര്യ സ്ഥലത്ത് കൊണ്ടിടുന്നു.

സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിട്ടും മാലിന്യം കൊണ്ടുപോകാന്‍ 44 വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തുവെന്നും കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ച് പ്രിന്‍സിപ്പല്‍ അക്കൗണ്‍ന്റ് ജനറല്‍ പറഞ്ഞു. 27 കോടി രൂപയാണ് ഇതിനായി ചെലവായത്. 66 വാഹനങ്ങള്‍ കോര്‍പ്പറേഷന് സ്വന്തമായി ഉണ്ടായിരുന്നു. പിസിബി അനുമതിയില്ലാതെയാണ് 2010 മുതല്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഒരേ കരാറുകാര്‍ക്ക് തന്നെ കരാര്‍ നീട്ടി നല്‍കുകയാണെന്നും വിമര്‍ശനമുണ്ടായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com