നിപ, കോഴിക്കോട് കനത്ത ജാഗ്രത; നിയന്ത്രണങ്ങള് കടുപ്പിച്ചു, വിവരങ്ങൾ ഇങ്ങനെ

ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. കോഴിക്കോട്ടെ പൊതു പാർക്ക്, ബീച്ച് എന്നിവിടങ്ങളിൽ പ്രവേശനമില്ല.

dot image

കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണം. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. കോഴിക്കോട്ടെ പൊതു പാർക്ക്, ബീച്ച് എന്നിവിടങ്ങളിൽ പ്രവേശനമില്ല. മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി.

പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക. വവ്വാലുകളുടെയും പന്നികൾ ഉൾപ്പടെയുള്ള വന്യജീവികളുടെയും ജഡം ഒരു കാരണവശാലും സ്പർശിക്കരുത് എന്നും നിർദ്ദേശമുണ്ട്.

അതേസമയം, നാളെ രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവ്വകക്ഷിയോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗവും നടക്കും. നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തിയിട്ടുണ്ട്. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി.

രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈൽ വൈറോളജി ലാബ് കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിപ പരിശോധന നടത്തും. ബിഎസ്എൽ ലെവൽ രണ്ടു ലാബുകളാണ് ഇവ. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിയുടെ ഹൈ റിസ്ക് കോണ്ടാക്ടുകള് എല്ലാം പരിശോധിക്കും. മോണൊക്ലോണൽ ആൻ്റിബോഡി എത്തിച്ചിട്ടുണ്ട്. കേന്ദ്ര എക്സ്പേർട്ട് കമ്മിറ്റിയുമായി ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കും. നിപ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

dot image
To advertise here,contact us
dot image