ഇ ടി മുഹമ്മദ് ബഷീര് മലപ്പുറത്ത് മത്സരിച്ചേക്കും; പൊന്നാനിയിലേക്ക് ലീഗില് നിരവധി പേരുകള്

പൊന്നാനിയില് നിന്ന് മൂന്ന് തവണയാണ് ഇ ടി വിജയിച്ചു കയറിയത്.

dot image

മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് മുസ്ലിം ലീഗ് കടന്നതോടെ സ്ഥാനാര്ത്ഥി സാധ്യത ചര്ച്ചകളും സജീവമായി. സ്ഥാനാര്ത്ഥി നിര്ണയവുമായി ബന്ധപ്പെട്ട് ലീഗ് ഔദ്യോഗികമായ ചര്ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും പാര്ട്ടി വൃത്തങ്ങളിലാണ് ചര്ച്ചകള് ആരംഭിച്ചിരിക്കുന്നത്. നിലവില് പൊന്നാനി എം പിയായ ഇ ടി മുഹമ്മദ് ബഷീര് ഇത്തവണ മലപ്പുറത്ത് നിന്ന് മത്സരിക്കാനാണ് സാധ്യത.

ദേശീയ ഓര്ഗനൈസിങ് സെക്രട്ടറി കൂടിയായ ഇ ടി മലപ്പുറം മണ്ഡലത്തില് ഉണ്ടാകുന്നത് സംഘടനാപരമായ കാര്യങ്ങള്ക്ക് ഗുണമാവുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം സജീവമാവുന്നത്. കരിപ്പൂര് വിമാനത്താവളത്തിന്റെയടക്കം വികസനപ്രവര്ത്തനങ്ങള്ക്ക് കൂടുതല് ഇടപെടാനും കഴിയുമെന്നും ഈ ആവശ്യത്തെ പിന്തുണക്കുന്നവര് പറയുന്നു.

വാഴക്കാട് മപ്രം സ്വദേശിയായ ഇ ടിയ്ക്ക് ഇതുവരെ ലോക്സഭയിലോ നിയമസഭയിലോ ജന്മനാട് ഉള്പ്പെടുന്ന മണ്ഡലത്തെ പ്രതിനിധാനം ചെയ്യാന് അവസരം കിട്ടിയിട്ടില്ല. ഇതും മലപ്പുറത്തേക്ക് മാറ്റാനുള്ള കാരണങ്ങളില് പ്രധാനമാണ്. തൃത്താല മണ്ഡലം ഉള്പ്പെടെയുള്ള പൊന്നാനിയില് നിന്ന് മലപ്പുറത്തേക്ക് മാറിയാല് യാത്രകള് കുറക്കാനാവുമെന്നും വിലയിരുത്തുന്നുണ്ട്.

പൊന്നാനിയില് നിന്ന് മൂന്ന് തവണയാണ് ഇ ടി വിജയിച്ചു കയറിയത്. കഴിഞ്ഞ തവണ 1,93,273 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. പെരിങ്ങളം, തിരൂര് നിയോജക മണ്ഡലങ്ങളില് നിന്നായി നാല് തവണ നിയമസഭയിലെത്തിയ ഇ ടി വിദ്യാഭ്യാസ മന്ത്രിയുമായിട്ടുണ്ട്.

മലപ്പുറത്ത് നിലവില് എംപിയായ എം പി അബ്ദുസമദ് സമദാനി വീണ്ടും മത്സരിക്കാന് തയ്യാറാണെങ്കില് പൊന്നാനിയില് അദ്ദേഹമായിരിക്കും ലീഗ് സ്ഥാനാര്ത്ഥി. അതേ സമയം സമദാനി മത്സരരംഗത്തില്ലെങ്കില് പുതുമുഖ സ്ഥാനാര്ത്ഥിയായിരിക്കും ഇത്തവണ മത്സരിക്കുക. സംസ്ഥാന സെക്രട്ടറി കെ എം ഷാജി, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്, യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി അഡ്വ വി കെ ഫൈസല് ബാബു, സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരുകളാണ് സ്ഥാനാര്ത്ഥി സാധ്യത ചര്ച്ചകളില് നിറഞ്ഞുനില്ക്കുന്നത്.

dot image
To advertise here,contact us
dot image