
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും നിയന്ത്രണങ്ങൾക്ക് സാധ്യത. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർ അടിയന്തമായി ചികിത്സ തേടണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകി. ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ മെഡിക്കൽ ഓഫീസറുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ആരോഗ്യ വകുപ്പ് അതിർത്തി ജില്ലകളിൽ ജാഗ്രത വേണമെന്ന അറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ ഉള്ളവർ ഉണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലേക്കും തിരിച്ചും നിത്യേന ആയിര കണക്കിന് പേർ വിവിധ ആവശ്യങ്ങൾക്ക് സഞ്ചരിക്കുന്നതാണ്. അതിനാൽ തന്നെ അതീവ ജാഗ്രതയിലാണ് കണ്ണൂർ ജില്ല. എന്നാൽ ആശങ്കപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഏത് അടിയന്തിര ഘട്ടത്തേയും നേരിടാൻ ആരോഗ്യ വിഭാഗവും ജില്ലാ ഭരണകൂടവും തയ്യാറാണെന്നും പി പി ദിവ്യ അറിയിച്ചു.