നിപ ബാധ: കോഴിക്കോട് കനത്ത ജാഗ്രത; കണ്ടെയ്ന്മെന്റ് സോണുകളില് കടുത്ത നിയന്ത്രണം

രോഗ ഉറവിട കേന്ദ്രങ്ങളില് നിയന്ത്രണം കര്ശനമാക്കിയിട്ടുണ്ട്. ഏഴു പഞ്ചായത്തുകളിലായി കണ്ടെയ്ന്മെന്റ് സോണുകള് പ്രഖ്യാപിച്ചു

dot image

കോഴിക്കോട്: അസ്വഭാവിക പനി ബാധിച്ചു മരിച്ച രണ്ട് പേര്ക്കും നിലവില് ചികിത്സയിലുള്ള രണ്ട് പേര്ക്കും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില് കോഴിക്കോട് ജില്ലയില് കനത്ത ജാഗ്രത. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന് മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില് ഏഴ് പേരാണ് ചികിത്സയിലുള്ളത്.

രോഗ ഉറവിട കേന്ദ്രങ്ങളില് നിയന്ത്രണം കര്ശനമാക്കിയിട്ടുണ്ട്. ഏഴു പഞ്ചായത്തുകളിലായി കണ്ടെയ്ന്മെന്റ് സോണുകള് പ്രഖ്യാപിച്ചു. കണ്ടെയിന്മെന്റ് സോണുകളില് നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന് അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്പ്പന കേന്ദ്രങ്ങള് മാത്രമെ അനുവദനീയമായിട്ടുള്ളു. രാവിലെ 07 മണി മുതല് വൈകുന്നേരം 05 മണി വരെ മാത്രമെ ഈ സ്ഥാപനങ്ങള്ക്ക് തുറന്ന് പ്രവര്ത്തിക്കാന് അനുമതിയുള്ളു. മരുന്ന് ഷോപ്പുകള്ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്ക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്ത്തിപ്പിക്കണം. സര്ക്കാര്-അര്ദ്ധസര്ക്കാര്-പൊതുമേഖല- ബാങ്കുകള്, സ്കൂളുകള്, അങ്കണവാടികള് എന്നിവ ഉള്പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്ത്തിക്കാന് പാടില്ലെന്നും നിര്ദ്ദേശമുണ്ട്. ഇതിനിടെ വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില് വവ്വാലുകളുടെ ആവാസകേന്ദ്രത്തില് സര്വെ നടത്തും. മൂന്ന് കേന്ദ്രസംഘങ്ങള് ഇന്ന് കോഴിക്കോടെത്തും.

ഇതിനിടെ നിപ സ്ഥിരീകരിച്ചവരുമായി സമ്പര്ക്കത്തിലുള്ളവരുടെ വിശദാംശങ്ങള് തയ്യാറാക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ്. നിലവില് 168 പേരുള്ള സമ്പര്ക്കപ്പട്ടിക തയ്യാറായിട്ടുണ്ട്. ഇതില് ആദ്യ കേസിലെ സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ട 158 പേരുണ്ട്. ഈ പട്ടികയില് 127 പേര് ആരോഗ്യപ്രവര്ത്തകരാണ്. ബാക്കിയുള്ള 31പേര് വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെ കേസില് 100ലേറെ പേര് സമ്പര്ക്കപ്പട്ടികയില് ഉണ്ടെങ്കിലും 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. സമ്പര്ക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്ക്, ലോ റിസ്ക് ആയി തരംതിരിക്കും. രണ്ട് കേസിലും സമ്പര്ക്ക പട്ടികയില് ഉള്പ്പെട്ടവരെ കണ്ടെത്താന് അവര് പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള് ഉള്പ്പെടെ പരിശോധിക്കും.

നിലവില് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാര്ഡ് മുഴുവന്.

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാര്ഡ് മുഴുവന്.

തിരുവള്ളൂര് ഗ്രാമപഞ്ചായത്ത് - 1,2,20 വാര്ഡ് മുഴുവന്.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാര്ഡ് മുഴുവന്.

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാര്ഡ് മുഴുവന്.

വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാര്ഡ് മുഴുവന്.

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാര്ഡ് മുഴുവന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us