
കോഴിക്കോട്: ഐസിയു പീഡനകേസില് അതിജീവിതയുടെ ആരോപണങ്ങൾ തള്ളി ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ വൈദ്യപരിശോധനാ റിപ്പോർട്ട്. പീഡനം നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് കെ വി പ്രീതയുടെ അന്വേഷണ റിപ്പോർട്ടില് പറയുന്നത്.
സ്വകാര്യഭാഗങ്ങളിൽ മുറിവില്ല. രക്തസ്രാവം കണ്ടില്ല. അതിജീവിതയ്ക്ക് മാനസിക സമർദ്ദമുണ്ടായിരുന്നു. ഉത്കണ്ഠ രോഗവും ഉറക്ക കുറവും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടില് പറയുന്നു. കെ വി പ്രീതയുടെ അന്വേഷണ റിപ്പോർട്ട് റിപ്പോർട്ടര് ടിവിക്ക് ലഭിച്ചു.
കെ വി പ്രീത തൻ്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും അന്തിമ കുറ്റപത്രം കോടതിയിൽ നിന്നും ലഭിച്ചപ്പോൾ മാത്രമാണ് ഇക്കാര്യം മനസ്സിലായതെന്നും അതിജീവിത റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനും യുവതി പരാതി നൽകിയിരുന്നു. എന്നാല് ഈ പരാതിയിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നും അതിജീവിത പറയുന്നു. പരാതിയിൽ പൊലീസ് തുടർ നടപടികൾ ഒന്നും സ്വീകരിച്ചില്ല. പ്രാദേശിക തലത്തില് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അന്വേഷണം എ സി പി ക്ക് കൈമാറിയെന്ന് കമ്മീഷണർ പറയുമ്പോഴും നിർദേശം കിട്ടിയില്ലെന്നാണ് എസിപി യുടെ മറുപടിയെന്നും അതിജീവിത ആരോപിച്ചു.