
കൊച്ചി: നിയമസഭാ സെക്രട്ടറി എ എം ബഷീറിനെ തിരിച്ചു വിളിച്ച് ഹൈക്കോടതി. ഡെപ്യുട്ടേഷൻ അവസാനിപ്പിച്ച് ജുഡീഷ്യൽ സർവീസിൽ മടങ്ങിയെത്തണമെന്ന് കോടതി അറിയിച്ചു. ഈ വർഷം ഡിസംബർ 31ന് നിയമസഭാ സെക്രട്ടറിപദം ഒഴിയണമെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.
എ എം ബഷീർ നിയമസഭാ സെക്രട്ടറിയായിട്ട് ഒരു വർഷമാകുന്നതേയുളളു. സാധാരണ മൂന്ന് വർഷമാണ് ഡെപ്യൂട്ടേഷൻ അനുവദിക്കുന്നത്. ലോകായുക്ത രജിസ്ട്രാർ സിജു ഷെയ്ഖ്, കെഎറ്റി രജിസ്ട്രാർ ഷാജഹാൻ എന്നിവരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. സർവീസിൽ ആൾക്ഷാമമുണ്ടെന്നാണ് ഇതിന് ഹൈക്കോടതി വിശദീകരണം നൽകുന്നത്. എന്നാൽ മൂന്ന് വർഷം തികയും മുന്നേ തിരിച്ചുവിളിക്കുന്നത് അസാധാരണ നടപടിയാണെന്ന വിമർശനം ഉയരുന്നുണ്ട്.