'ഉമ്മൻചാണ്ടിയുടെ യശസ്സ് ഉയർത്തണം'; സോളാർ കേസ് ​ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സുധാകരൻ

ഉമ്മൻചാണ്ടിയുടെ യശസ്സ് ഉയർത്തണം. അദ്ദേഹം പൊതുസമൂഹത്തിനു മുമ്പിൽ തെറ്റിദ്ധരിക്കപ്പെട്ടു. ഏതൊക്കെ തലങ്ങളിൽ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തണമെന്നും സുധാകരൻ
'ഉമ്മൻചാണ്ടിയുടെ യശസ്സ് ഉയർത്തണം'; സോളാർ കേസ് ​ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്  സുധാകരൻ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ​ഗൂഢാലോചന ഉണ്ടെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ യശസ്സ് ഉയർത്തണം. അദ്ദേഹം പൊതുസമൂഹത്തിനു മുമ്പിൽ തെറ്റിദ്ധരിക്കപ്പെട്ടു. ഏതൊക്കെ തലങ്ങളിൽ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തണമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, വിഷയത്തിൽ കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കെ സുധാകരൻ മറുപടി നൽകിയില്ല. കെ ബി ഗണേഷ് കുമാറിനെ യുഡിഎഫ് ക്ഷണിച്ചിട്ടുമില്ല ഇങ്ങോട്ട് വരുമെന്ന് ഗണേഷ് പറഞ്ഞിട്ടുമില്ലെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗിക പീഡന കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിലാണ്, കേസിൽ ഗൂഢാലോചന നടന്നതായി സിബിഐ വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു. ഇത് പിന്നീട് എഴുതി ചേര്‍ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ നന്ദകുമാർ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്‍ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.

സോളാർ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ചർച്ച. സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേ ഉള്ളെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com