
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള് വീണാ വിജയനെതിരായ സിഎംആര്എല് വിവാദം വീണ്ടും സഭയില് ഉന്നയിച്ച് മാത്യു കുഴല്നാടന് എംഎല്എ. സംസ്ഥാനത്ത് അഴിമതി സ്ഥാപനവല്ക്കരിച്ചു. ഇതുപോലുള്ള വിഷയങ്ങള് സഭയില് ഉന്നയിക്കാന് സ്പീക്കര് പോലും അനുവദിക്കാത്ത ജനാധിപത്യവിരുദ്ധ സമീപനം ഉണ്ടായി. അങ്ങനെ വായടപ്പിച്ചാല് സത്യം ഇല്ലാതാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിക്കും വീണാ ജോര്ജിനുമെതിരെ മാത്യു കുഴല്നാടന് രൂക്ഷവിമര്ശനം ഉയര്ത്തിയത്.
ജൂണ് 12 ന് കേരളത്തെ അഭിമാനം ചോദ്യം ചെയ്യുന്ന പരാമര്ശങ്ങള് പുറത്ത് വന്നു. ഉത്തരവാദിത്തപ്പെട്ടവര് കേരള ജനതയോട് ഒരുവാക്കില് പോലും മറുപടി പറഞ്ഞിട്ടില്ല. എന്തിനാണ് മൗനം. മകളെ പറഞ്ഞാല് കിടുങ്ങി പോകുമോയെന്ന് മുഖ്യമന്ത്രി മുമ്പ് ചോദിച്ചതിന്റെ അര്ത്ഥം ഇപ്പോള് മനസ്സിലായി. മുഖ്യമന്ത്രിയുടെ മകളും കമ്പനിയും ചേര്ന്ന് 1.72 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ രണ്ട് കമ്പനികള് തമ്മിലുള്ള നിയമാനുസൃത കരാര് എന്നാണ് സിപിഐഎം പറയുന്നത്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല് നില്ക്കുന്ന പാര്ട്ടി ആയി സിപിഐഎം മാറിയെന്ന് കുഴല്നാടന് വിമര്ശിച്ചു.
ഒരു സേവനവും നല്കാതെയാണ് പണം കൈപ്പറ്റിയത്. നിയമവിരുദ്ധമായി കൈപ്പറ്റിയ പണത്തിന് സിപിഐഎം പരിച തീര്ക്കുന്നു. 1.72 കോടി പണം മുഖ്യമന്ത്രിയുടെ മടിയില് അല്ലെങ്കില് കുടുംബത്തില് ആണ്. മുഖ്യമന്ത്രിയുടെ മകളുടെ തീവെട്ടി കൊള്ളയ്ക്ക് കാവല് നില്ക്കുന്ന പാര്ട്ടിയായി സിപിഐഎം അധഃപതിച്ചു. ഇതെല്ലാം പറയുന്നത് സാധാരണ സിപിഐഎമ്മുകാര്ക്ക് വേണ്ടിയാണെന്നും കുഴല്നാന് കൂട്ടിച്ചേര്ത്തു.
തുടര്ന്ന് ആരോപണത്തില് മന്ത്രി എം ബി രാജേഷ് ക്രമ പ്രശ്നം ഉയര്ത്തി. സഭയില് ഇല്ലാത്ത ആളെക്കുറിച്ചാണ് മാത്യു കുഴല്നാടന് ആരോപണം ഉന്നയിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണമാണ്. സീറ്റ് നിലനിര്ത്തിയ ധാര്ഷ്ട്യത്തില് സഭ ദുരുപയോഗം ചെയ്യുന്നു. കോടതി ചവറ്റുകൊട്ടയില് ഇട്ട ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു രേഖയും സഭയില് ഉണ്ടാവില്ലെന്ന് സ്പീക്കര് അറിയിച്ചു.