
തിരുവനന്തപുരം: സോളാര് പീഡനക്കേസിലെ സിബിഐ റിപ്പോട്ടിന്മേല് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്ച്ചയ്ക്ക് ശേഷം നിയമസഭ തള്ളി. അടിയന്തിര പ്രമേയ ചര്ച്ചകള്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷമാണ് പ്രമേയം സഭ തള്ളിയത്. ഉച്ചക്ക് ഒരുമണിക്കാണ് നിയമസഭയില് അടിയന്തിരപ്രമേയത്തിന്മേല് ചര്ച്ച ആരംഭിച്ചത്. ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയില് നിന്നും സണ്ണി ജോസഫ്, എന് ഷംസുദ്ദീന്, കെ കെ രമ എന്നിവര് അടിയന്ത്രി പ്രമേയ ചര്ച്ചയില് പങ്കെടുത്ത് സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെടി ജലീല്, പി ബാലചന്ദ്രൻ, പിപി ചിത്തരഞ്ജൻ, എം നൗഷാദ്, കെ വി സുമേഷ് എന്നിവരാണ് സംസാരിച്ചത്.
സോളാര് ലൈംഗികാരോപണത്തില് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ കുടുക്കാന് ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്ട്ടില് ചര്ച്ച വേണമെന്നായിരുന്നു ഷാഫി പറമ്പിൽ അടിയന്തിര പ്രമേയ നേട്ടീസിൽ ആവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്ട്ട് സര്ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില് മറുപടി പറയാന് സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില് ചര്ച്ച ആകാമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയത്തിന്മേൽ ചർച്ചയാകാമെന്ന നിലപാട് സ്വീകരിച്ചത്.
വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടിക്ക് അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പങ്ക് ഇതിലുണ്ട്. ഇതിന്റെ ഭാഗമായ മാധ്യമങ്ങളും മാപ്പ് പറഞ്ഞിട്ടില്ല. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവർ മാപ്പ് പറയണം. നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞതിന്റെ പേരിൽ ഹർത്താൽ വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി. നിരപരാധി എന്നറിഞ്ഞിട്ടും ക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ ഭരണാധികാരിയെയാണ് ഇത്തരത്തിൽ അവഹേളിച്ചത് എന്നത് കേരളത്തിന് അപമാനമാണ്. രാഷ്ട്രീയ ദുരന്തമാണ് സോളാർ കേസ് എന്നായിരുന്നു അടിയന്തിരപ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞത്. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു.
സിബിഐ റിപ്പോർട്ടിൽ എവിടെ എങ്കിലും ഇടതു പക്ഷ സർക്കാരിന്റെ പങ്കിനെ കുറിച്ച് ഒരു വാക്ക് ഉണ്ടോയെന്നായിരുന്നു അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കെടി ജലീലിൻ്റെ ചോദ്യം. ഈ കേസ് കൊണ്ടുവന്നത് ഇടതുപക്ഷമാണോ എന്നും ജലീൽ ചോദിച്ചു. ഇടതുകക്ഷികൾ നിറവേറ്റിയത് പ്രതിപക്ഷ ധർമ്മമാണെന്ന് ചൂണ്ടിക്കാണിച്ച ഉമ്മൻ ചാണ്ടി കേസ് കൊടുത്തത് ഏഷ്യാനെറ്റിന് എതിരായിട്ടാണെന്നും പറഞ്ഞു. 50 ലക്ഷം രൂപ കൊടുത്താണ് കത്ത് വാങ്ങിയതെന്ന് മറ്റൊരു മാധ്യമം ഇന്ന് റിപ്പോർട്ട് ചെയ്തില്ലേ എന്നും ജലീൽ സഭയിൽ ചോദിച്ചു.
ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് നാട്ടിൽ പാട്ടാക്കിയതിൽ ഞങ്ങൾക്ക് പങ്കില്ലെന്നായിരുന്നു പ്രതിപക്ഷ നിരയിൽ നിന്ന് സഭയിൽ സംസാരിച്ച സണ്ണി ജോസഫ് പറഞ്ഞത്. 'ഉമ്മൻചാണ്ടിയോട് ചെയ്തത് തെറ്റായി എന്ന് ഭംഗ്യന്തരേണ ജലീൽ സമ്മതിച്ചു. സോളാർ കേസ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമാണ്. ഇത് രാഷ്ട്രീയ ദുഷ്ടലാക്ക്. സ്വർണ കടത്ത്, ലൈഫ് മിഷൻ സിബി അന്വേഷണങ്ങൾക്ക് സിപിഐഎം എതിരാണ്. എന്നാൽ സോളാർ കേസിൽ സിബിഐ അന്വേഷണം വേണം. ശ്രീധരൻ നായർ കൊടുത്ത കേസിൽ ഉമ്മൻചാണ്ടി സാക്ഷി പോലുമല്ല, അത് ഒരു പ്രൈവറ്റ് കംപ്ലയിൻ്റാണ്', സണ്ണി ജോസഫ് വ്യക്തമാക്കി. ഗണേഷ് കുമാറിനെതിരായ സിബിഐ പരാമർശം സഭയിൽ വായിച്ച സണ്ണി ജോസഫ് ഗൂഢാലോചനയ്ക്ക് പിറകിലുള്ളവരെ സർക്കാർ അന്വേഷിച്ച് കണ്ടെത്തണമെന്നും സഭയിൽ ആവശ്യപ്പെട്ടു.
ഈ ദിവസം തന്നെ വേണമായിരുന്നോ? ഉമ്മൻചാണ്ടിയുടെ മക്കൾ ഇവിടെ ഉള്ളപ്പോൾ ചർച്ച ചെയ്യണമെന്ന് തീരുമാനിച്ചത് പ്രത്യേക അജണ്ടയാണെന്ന് ഭരണപക്ഷത്ത് നിന്ന് സംസാരിച്ച പി ബാലചന്ദ്രൻ ആരോപിച്ചു. നിങ്ങൾ നടത്തിയ നാടകത്തിന്റെ ഇരയാണ് ഉമ്മൻചാണ്ടി. മദനകാമകഥകൾ പുറത്ത് വന്നത് നിങ്ങളുടെ ഇടയിൽ നിന്നാണെന്നും പി ബാലചന്ദ്രൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. ഭരണപക്ഷ അംഗങ്ങളുടെ സംസാരത്തിൽ കുറ്റബോധമുണ്ടെന്നായിരുന്നു പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച എൻ ഷംസുദ്ദീൻ്റെ പ്രതികരണം. 'അന്ന് ഉമ്മൻചാണ്ടിക്കെതിരെ ക്രൂരമായ പരാമർശം നടത്തി അപമാനിച്ചു. സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കയ്യിൽ ഇല്ലെങ്കിൽ നിങ്ങളുടെ പോരായ്മ. ഗണേഷ് കുമാറിന്റെ പേര് സിബിഐ റിപ്പോർട്ടിൽ ഉണ്ട്', എൻ ഷംസുദ്ദീൻ പറഞ്ഞു.
വിഷയം ചർച്ച ചെയ്യാൻ ഇന്നത്തെ ദിവസം പ്രതിപക്ഷം തെരഞ്ഞെടുത്തത് ക്രൂരതയാണെന്നായിരുന്നു ഭരണപക്ഷത്ത് നിന്നുള്ള പിപി ചിത്തരഞ്ജൻ്റെ പ്രതികരണം. 'ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്, സോളാർ കുഞ്ഞ് ആരുടെ? അതിനെ ജനിപ്പിച്ചത് ആരാണ്? വളർത്തിയത് ആരാണ്? ഞങ്ങൾ അല്ലല്ലോ? ഇരുട്ട് കൊണ്ടുള്ള ഓട്ടയടക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും പിപി ചിത്തരഞ്ജൻ കുറ്റപ്പെടുത്തി. 'സോളാർ കത്ത് പുറത്തുവിട്ടത് ആരാണ്? ഞങ്ങളല്ല. മുഖ്യമന്ത്രി എന്ത് അപരാധം ചെയ്തു?', ചിത്തരഞ്ജൻ ചോദിച്ചു.
സിബിഐ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കെകെ രമ ചൂണ്ടിക്കാണിച്ചു. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം നന്ദകുമാറും പരാതിക്കാരിയും മുഖ്യമന്ത്രിയും ചർച്ച ചെയ്താണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. പരാതിക്കാരിയായ സ്ത്രീ കേരള സമൂഹത്തിന് അപമാനമാണ്', കെകെ രമ പറഞ്ഞു. പണം നൽകി സ്ത്രീയെ കൊണ്ട് ആരോപണം ഉന്നയിക്കുക എന്നത് എന്തൊരു രാഷ്ട്രീയമാണെന്നും രമ ചോദിച്ചു. 'ഇത് നെറികെട്ട രാഷ്ട്രീയത്തിന്റെ ഭാഗം. നിങ്ങൾ എങ്ങനെ ഇടത്തുപക്ഷമാകും?നിങ്ങൾ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ്കാരാവുക?', രമ ചോദിച്ചു.
മുഖ്യമന്ത്രി എന്തിനാണ് മാപ്പ് പറയുന്നതെന്ന ചോദ്യമാണ് ഭരണപക്ഷത്ത് നിന്ന് സംസാരിച്ച് എം നൗഷാദ് ഉന്നയിച്ചത്. ഉമ്മൻചാണ്ടിയുടെ കാലത്ത് തീവെട്ടി കൊള്ളയാണ് നടക്കുന്നത് എന്ന് പറഞ്ഞത് വി ഡി സതീശനാണെന്ന് ചൂണ്ടിക്കാണിച്ച എം നൗഷാദ് ഏഷ്യാനെറ്റ് പണം കൊടുത്താണ് കത്ത് വാങ്ങിയതെന്നും പറഞ്ഞു. ഏഷ്യാനെറ്റ് എന്ന് ഉച്ചരിക്കാൻ ഷാഫി പറമ്പിലിന് ചങ്കുറപ്പ് ഉണ്ടോയെന്നും എം നൗഷാദ് ചോദിച്ചു. ഏഷ്യാനെറ്റ് പണം നൽകി കത്ത് വാങ്ങിയത് റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയതും എം നൗഷാദ് ചൂണ്ടിക്കാണിച്ചു. ചാണ്ടി ഉമ്മൻ മറുനാടന് എതിരെ കേസ് കൊടുത്തു, ആ മറുനാടനെ സംരക്ഷിക്കുമെന്ന് പറഞ്ഞത് കെപിസിസി അധ്യക്ഷനാണെന്നും എം നൗഷാദ് ചൂണ്ടിക്കാണിച്ചു. സോളാർ കേസ് ഒന്നാം തരം സാമ്പത്തിക തട്ടിപ്പ് കേസ് ആണെന്നായിരുന്നു ഭരണപക്ഷത്ത് നിന്ന് സംസാരിച്ച കെവി സുമേഷ് ചൂണ്ടിക്കാണിച്ചത്. അതിനെതിരെയാണ് ഞങ്ങൾ സമരം ചെയ്തത്. രണ്ട് തവണ ഉമ്മൻചാണ്ടിയെ നിങ്ങൾ എന്തുകൊണ്ട് പ്രതിപക്ഷ നേതാവാക്കിയില്ലെന്നും കെവി സുമേഷ് ചോദിച്ചു.
ഉമ്മന്ചാണ്ടിക്കെതിരെ ക്രിമിനല് ഗുഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമെന്നായിരുന്നു അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണം . ക്രിമിനല് ഗൂഢാലോചന ഈ കേസില് നടന്നിട്ടുണ്ടെന്നും അധികാരത്തില് വന്ന് മൂന്നാം ദിവസം പരാതിക്കാരിയെ മുഖ്യമന്ത്രി കണ്ടുവെന്നും സതീശന് പറഞ്ഞു. 'ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. പരാതിക്കാരിക്ക് 50 ലക്ഷം കൊടുത്ത് കത്തു വാങ്ങിയത് നന്ദകുമാര്' ആണെന്നും വി ഡി സതീശന് പറഞ്ഞു. ഭരണ കക്ഷി അംഗങ്ങളുടെ പ്രസംഗം കേട്ടപ്പോള് പിലാത്തോസിനെ ഓര്മ വന്നു എന്ന് പരിഹസിച്ചായിരുന്നു വി ഡി സതീശന് പ്രസംഗം തുടങ്ങിയത്. 'ഉമ്മന്ചാണ്ടിയെ ക്രൂശിക്കാന് കഠിനാധ്വാനം ചെയ്തവര് അദ്ദേഹം നീതിമാനാണെന്ന് ഇപ്പോള് പറയുന്നു. കത്ത് സംഘടിപ്പിക്കാന് നന്ദകുമാറിന് പണം നല്കിയത് ആരാണ്. കത്ത് ആദ്യം 21 പേജായിരുന്നു. പിന്നെ 19 ആയി ചാനലിന് നല്കിയത് 25 പേജാണ്. ആ കത്ത് വ്യാജ നിര്മിതിയാണ്', വിഡി സതീശൻ പറഞ്ഞു. ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്നും അന്വേഷണം ആവശ്യപ്പെടാന് സര്ക്കാര് തയ്യാറാവുമോ എന്നും വി ഡി സതീശന് ചോദിച്ചു.
സിബിഐ റിപ്പോര്ട്ട് സര്ക്കാരിന് ലഭിച്ചിട്ടില്ലെന്ന് അടിയന്തരപ്രമേയത്തിന്മേലുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടാൽ പരിശോധിക്കാമെന്നും നിയമപരമായി സ്വീകരിക്കേണ്ട നടപടി എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'പ്രതിപക്ഷം റിപ്പോര്ട്ട് എന്താണെന്ന് ഊഹിച്ചെടുത്ത് ചര്ച്ച ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഒന്നും മറക്കാനില്ലാത്തത് കൊണ്ടാണ് ചര്ച്ച ആകാമെന്ന് പറഞ്ഞത്. സോളാര് തട്ടിപ്പ് കേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ എല്ഡിഎഫ് സര്ക്കാരോ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതല് അഭിനയിക്കുന്നവര് കോണ്ഗ്രസുകാര് തന്നെയാണ്. ഉപ്പ് തിന്നുന്നവര് വെള്ളം കുടിക്കട്ടെ എന്നാണ് അന്നും ഇന്നും ഞങ്ങളുടെ നിലപാടെ'ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിചിത്രവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങള് അവതരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാണിച്ചു. സതീശനും വിജയനും തമ്മില് വ്യത്യാസമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാളുമായുള്ള കൂടിക്കാഴ്ച ആരോപണം നിഷേധിക്കുകയും ചെയ്തു. 'ദല്ലാളിനെ യുഡിഎഫിന് നന്നായി അറിയാം. ദല്ലാളിനോട് ഇറങ്ങി പോകണം എന്ന് പറഞ്ഞയാളാണ് താന്. സതീശന് അത് പറയുമോയെന്ന് അറിയില്ല. അങ്ങനെ പറയാന് തനിക്ക് മടിയില്ല. മറ്റുപലയിടത്തും അയാള് പോകും തന്റെയടുത്ത് വരാന് പറ്റുന്ന മാനസിക നില അയാള്ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെ'ന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയം സഭ തള്ളുകയായിരുന്നു.