'സിബിഐക്ക് മുന്നിൽ മൊഴി നൽകിയത് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി'; സത്യമാണ് ദൈവമെന്ന് കെ ബി ഗണേഷ് കുമാർ

ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ എതിർപ്പ് ഉണ്ടായിരുന്നു എന്നത് വാസ്തവമാണെന്നും എന്നാൽ സിബിഐയ്ക്ക് മുന്നിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായാണ് മൊഴി നൽകിയതെന്നും കെ ബി ഗണേഷ് കുമാർ
'സിബിഐക്ക് മുന്നിൽ മൊഴി നൽകിയത് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി'; സത്യമാണ് ദൈവമെന്ന് കെ ബി ഗണേഷ് കുമാർ
Updated on

തിരുവനന്തപുരം: സോളാ‍ർ കേസിന്മേലുള്ള ചർച്ചയിൽ തന്റെ ഭാ​ഗം വ്യക്തമാക്കി എംഎൽഎ കെ ബി ​ഗണേഷ് കുമാർ. ഇതുവരെ പരാതിക്കാരിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ അടിയന്തര പ്രമേയ നോട്ടീസില്‍ സഭയിൽ നടന്ന പ്രത്യേക ചർച്ചയിലാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ പേരിൽ പുറത്തുവന്ന കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കെ ബി ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ്, ദല്ലാൾ ടി ജി നന്ദകുമാർ എന്നിവർ ഇടപെടൽ നടത്തിയെന്നുമാണ് സിബിഐയുടെ റിപ്പോർട്ടിൽ പറുയുന്നത്.

താൻ അടക്കം ഇടപെട്ട് ഗൂഢാലോചന നടത്തിയെന്ന ഈ റിപ്പോർട്ടിനോട് പ്രതികരിച്ച ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ എതിർപ്പ് ഉണ്ടായിരുന്നു എന്നത് വാസ്തവമാണെന്നും എന്നാൽ സിബിഐയ്ക്ക് മുന്നിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായാണ് മൊഴി നൽകിയതെന്നും വ്യക്തമാക്കി. താൻ തുറന്ന പുസ്തകമാണ്. സഹായം അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാക്കൾ സമീപിച്ചിരുന്നു. സോളാർ കേസ് സമയത്ത് കോൺഗ്രസിൽ നിന്ന് പല നേതാക്കളും തന്റെ പിതാവിനെ സമീപിച്ചിരുന്നു. കപടസദാചാരം പറയുന്നയാളല്ല താൻ. സത്യമാണ് തന്റെ ദൈവം. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആളാണ് താനെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ആരോപണം ചോദിച്ചപ്പോൾ തനിക്കറിയില്ല എന്നാണ് പറഞ്ഞത്. പരാതിക്കാരുടെ കത്ത് താൻ കണ്ടിട്ടില്ല. പിതാവ് ബാലകൃഷ്ണപിള്ള പറഞ്ഞത് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നുവെന്നാണ്. ഉമ്മൻചാണ്ടിയുടെ പേരില്ല എന്ന് താൻ സിബിഐയോട് പറഞ്ഞു. ഇത് രേഖപ്പെടുത്തണം എന്ന് താൻ സിബിഐയോട് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓർക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. അന്വേഷണ റിപ്പോർട്ടിലെ തന്റെ മൊഴിയും പരിശോധിക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അഭയം തന്ന എൽഡിഎഫിനെ മരിച്ചാലും വഞ്ചിക്കില്ല. എൽ ഡി എഫിനെ വഞ്ചിച്ച് യു ഡി എഫിലേക്ക് വരുമെന്ന് കരുതേണ്ട. അഴിമതി ചോദ്യം ചെയ്തതിന് പുറത്താക്കിയത് യുഡിഎഫാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ശരണ്യ മനോജ് കോൺഗ്രസുകാരനാണ്. പുതുപ്പള്ളിയിൽ ചാണ്ടിക്ക് വേണ്ടി പ്രസംഗിച്ച ആളാണ് മനോജ്. ശരണ്യ മനോജ് രാഷ്ട്രീയമായി തനിക്കെതിരാണ്. അയാൾ പോലും തനിക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. തന്റെ പിതാവ് ചില കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. രക്ഷിക്കണം എന്ന് പറഞ്ഞ നേതാക്കൾ ഇപ്പോൾ സഭയിൽ ഉണ്ട്. തൽക്കാലം അവരുടെ പേര് താൻ പറയുന്നില്ല. നിർബന്ധിച്ചാൽ തനിക്ക് പറയേണ്ടിവരുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com