'ഫ്രം ലണ്ടൻ ടു കൊച്ചി'; കാൻസർ രോഗികളായ കുട്ടികൾക്ക് കൈത്താങ്ങാകാൻ കാർ ട്രിപ് നടത്തി രാജേഷ് കൃഷ്ണ

'ഫ്രം ലണ്ടൻ ടു കൊച്ചി'; കാൻസർ രോഗികളായ കുട്ടികൾക്ക് കൈത്താങ്ങാകാൻ കാർ ട്രിപ് നടത്തി രാജേഷ് കൃഷ്ണ

20,000ൽ അധികം കിലോമീറ്റർ ദൂരം യാത്ര ചെയ്തുകൊണ്ട് യുകെയിലെ റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (ആർഎൻസിസി) എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് രാജേഷ്

55 ദിവസങ്ങൾ കൊണ്ട് വിവിധ രാജ്യങ്ങളിലെ 75 നഗരങ്ങൾ ചുറ്റി, ലണ്ടനിൽ നിന്ന് രാജേഷ് കൃഷ്ണ തന്റെ സോളോ കാർ ട്രിപ് ഇന്ന് കൊച്ചിയിൽ അവസാനിപ്പിക്കുന്നത് വലിയൊരു ലക്ഷ്യം സാക്ഷാത്കരിക്കാൻ വേണ്ടി കൂടിയാണ്. യുകെ മലയാളിയും സിനിമ നിർമ്മാതാവുമായ രാജേഷ് കൃഷ്ണ ജൂലൈ 26നാണ് ലണ്ടനിലെ തന്റെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ചത്. കാൻസറിന്റെ പിടിയിൽ വേദനിക്കുന്ന ഒരായിരം കുരുന്നുകൾക്ക് കൈത്താങ്ങാവുക എന്നതാണ് യാത്രയുടെ പിന്നിലെ ലക്ഷ്യം.

20,000ൽ അധികം കിലോമീറ്റർ ദൂരം യാത്ര ചെയ്തുകൊണ്ട് യുകെയിലെ റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (ആർഎൻസിസി) എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് രാജേഷ്. 2014 ൽ എട്ടാം വയസിൽ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച യുകെ മലയാളി റയാന്‍ നൈനാന്റെ സ്മരണാര്‍ഥം ആരംഭിച്ചതാണ് ആർഎൻസിസി. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ ബാധിച്ച കുട്ടികളെ സഹായിക്കുകയെന്നതാണ് ഈ ജീവകാരുണ്യ സംഘടനയുടെ ലക്ഷ്യം.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെ രാജേഷ് കൊച്ചി കലൂർ സ്റ്റേഡിയം റൗണ്ടിൽ എത്തും. സെപ്റ്റംബർ ആറിന് ഇന്ത്യ, നേപ്പാൾ അതിർത്തി പ്രദേശമായ ബീഹാറിലെ റക്സോളിൽ എത്തിയിരുന്നു. അവിടെ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കർണാടകയിലെ ബെംഗളൂരുവിലെത്തി. ഇന്ന് രാവിലെ അഞ്ച് മണിയോടെ ബെംഗളൂരുവിൽ നിന്നും രാജേഷ് കേരളത്തിലേക്ക് യാത്രതിരിച്ചു. ഇന്ന് കൊച്ചിയിലെത്തുന്ന സന്തോഷവും തന്റെ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

യുകെയിലുള്ള ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നഴ്‌സിങ്‌ ടീം, തിരുവനന്തപുരത്തെ റീജനല്‍ ക്യാൻ സെന്റർ എന്നിവിടങ്ങളിൽ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും സഹായിക്കുക എന്ന ലക്ഷ്യവും ആർഎൻസിസിയ്ക്കുണ്ട്. രാജേഷ് കൃഷ്ണയുടെ സുഹൃത്തുക്കളും യുകെ മലയാളികളുമായ ജോൺ നൈനാനും ഭാര്യ ആശ മാത്യുവും ചേർന്നാണ് ആർഎൻസിസിക്ക് തുടക്കമിട്ടത്.

കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടിയും സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് യാത്രക്കിടയിൽ സംഭാവനകൾ സ്വീകരിച്ചിരുന്നു. വോള്‍വോ എക്‌സി 60യിലാണ് രാജേഷിന്റെ യാത്ര. വിവിധ യൂറോപ്യൻ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത രാജേഷ് തുർക്കി, ഇറാൻ, തുർക്മെനിസ്ഥാൻ, ഉസ്ബകിസ്ഥാൻ, കിർഗിസ്ഥാൻ, ചൈന, ടിബറ്റ്, നേപ്പാൾ വഴിയാണ് ഇന്ത്യയിൽ എത്തിയത്.

രാജേഷ് കൃഷ്ണയും ഭാര്യ അരുണ നായരും ഏറെ കാലമായി യുകെയിലാണ് താമസിക്കുന്നത്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്', 'പുഴു' എന്നിവ ഉൾപ്പടെയുള്ള സിനിമകളുടെ നിർമ്മാണ പങ്കാളിയാണ് മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ രാജേഷ് കൃഷ്ണ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com