'ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്'; അത് ഇന്ന് അനുഭവിക്കുന്നുവെന്ന് മുരളീധരന്‍

'യുഡിഎഫ് മന്ത്രിസഭയെ അട്ടിമറിക്കാനും അദ്ദേഹത്തെ അപമാനിക്കാനും വേണ്ടി നടത്തിയ ഗൂഢ ശ്രമമാണിത്'
'ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്'; അത് ഇന്ന് അനുഭവിക്കുന്നുവെന്ന് മുരളീധരന്‍

കോഴിക്കോട്: സോളാര്‍കേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ അധികാരമേറ്റ് മൂന്നാം നാള്‍ കഴിഞ്ഞപ്പോള്‍ കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

'പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ പുറത്തുകൊണ്ടു വരണം. ഒരു മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായ ആരോപണമായിരുന്നില്ല. വ്യക്തിപരമായി തകര്‍ത്ത് അതിലൂടെ യുഡിഎഫിനെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. അദ്ദേഹം അന്ന് പറഞ്ഞ പലകാര്യങ്ങളും നമ്മളുടെയൊക്കെ മനസ്സില്‍ ഉണ്ട്. അതിന് അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയിട്ടുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍. അന്ന് പറഞ്ഞതൊക്കെ അദ്ദേഹം ഇന്ന് വിഴുങ്ങുകയാണ്. പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളൊക്കെ പുറത്ത് വരണം. പിണറായി കൂടി തിരക്കഥയക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ നേരത്തെ വിഎസ് അച്ച്യൂതാനന്ദന്റെ ആളായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ സത്യാവസ്ഥ പുറത്ത് വരും എന്നതിന്റെ ഉദാഹരണമാണ് സിബിഐ പുറത്ത് വിട്ട റിപ്പോര്‍ട്ട്.' കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അന്നത്തെ മന്ത്രിസഭയെ അട്ടിമറിക്കാനും അദ്ദേഹത്തെ അപമാനിക്കാനും വേണ്ടി നടത്തിയ ഗൂഢ ശ്രമമാണിത്. ഉചിതമായ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടി വികാരമെന്നും കെ മുരളീധന്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐയുടെ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ഞായറാഴ്ച് പുറത്ത് വന്നിരുന്നു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ, ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നാലെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ശരണ്യ മനോജ് പ്രതികരിച്ചു. കേസില്‍ താന്‍ ഇടപെട്ടിട്ടുണ്ട്. ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടതെന്നും ശരണ്യ മനോജ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com