'പീഡിപ്പിച്ചത് എന്നെയല്ലേ,വേദന സഹിച്ചതും ഞാനല്ലേ; പ്രതിയെ രക്ഷിക്കാനാണ് ഡോക്ടർ ശ്രമിച്ചത്';അതിജീവിത

റിപ്പോര്‍ട്ടര്‍ ടിവിയുടെ കോഫി വിത്ത് അരുണിലായിരുന്നു, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസിലെ അതിജീവിതയുടെ വെളിപ്പെടുത്തല്‍
'പീഡിപ്പിച്ചത് എന്നെയല്ലേ,വേദന സഹിച്ചതും ഞാനല്ലേ; പ്രതിയെ രക്ഷിക്കാനാണ് ഡോക്ടർ ശ്രമിച്ചത്';അതിജീവിത

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡന പരാതിയില്‍ പരിശോധനയ്ക്ക് എത്തിയ ഡോക്ടര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അതിജീവിത. റിപ്പോര്‍ട്ടര്‍ ടിവിയുടെ കോഫി വിത്ത് അരുണിലായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തല്‍. പരിശോധിക്കാന്‍ വന്ന സമയത്ത് മോശമായിട്ടാണ് ഗൈനക്കോളജി ഡോക്ടര്‍ കെ വി പ്രീത പെരുമാറിയതെന്നും ദേഷ്യപ്പെട്ടിരുന്നെന്നും അതിജീവിത പറഞ്ഞു. ജോലിയുടെ ഭാഗമായിട്ടുള്ള പ്രശ്‌നമാണെന്നാണ് കരുതിയത്. ശാസ്ത്രീയമായ പരിശോധനയൊന്നും നടത്തിയിട്ടില്ല. പീഡനം സംബന്ധിച്ച വിവരങ്ങളെല്ലാം വിശദമായി പറഞ്ഞിരുന്നു. അതൊന്നും രേഖപ്പെടുത്തിയിട്ടില്ല. കമ്മീഷണര്‍ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞതെല്ലാം രേഖപ്പെടുത്തിയെന്നാണ് പറയുന്നത്. ആ റിപ്പോര്‍ട്ട് എവിടെയെന്നും അതിജീവിത ചോദിച്ചു.

ഒരാളുടെ നിര്‍ബന്ധത്തിന് വഴങ്ങി വന്നത് പോലെയാണ് ഡോക്ടര്‍ പരിശോധനയ്ക്ക് വന്നതെന്ന് തോന്നിയെന്ന് അതിജീവിത വ്യക്തമാക്കി. പറയുന്നത് മുഴുവന്‍ കേട്ടുവെന്നല്ലാതെ വിശദീകരണമൊന്നും ചോദിച്ചില്ല. പീഡിപ്പിക്കപ്പെട്ടില്ലെന്ന നിലപാടുണ്ടാക്കാനാണ് താല്‍പ്പര്യമെന്ന് ഡോക്ടറുടെ സമീപനത്തില്‍ നിന്നും തോന്നിയിരുന്നുവെന്നും അതിജീവിത പറഞ്ഞു. പരിശോധന കഴിഞ്ഞയുടനെ തന്റെയും ഭര്‍ത്താവിന്റെയും ഐഡി പ്രൂഫ് ചോദിച്ചതായും അതുണ്ടെങ്കിലേ റിപ്പോര്‍ട്ട് എഴുതാന്‍ കഴിയൂ എന്ന് ഡോക്ടര്‍ നിലപാടെടുത്തതായും അതിജീവിത വ്യക്തമാക്കി.

അറ്റന്‍ഡര്‍ ശശീന്ദ്രന്‍ സ്പര്‍ശിച്ചിട്ടേയുള്ളുവെന്ന് താന്‍ പറഞ്ഞതായാണ് ഡോക്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അതിജീവിത ആരോപിച്ചു. ശരീരത്തില്‍ പീഡനത്തിന്റെ ഭാഗമായി ഉണ്ടായ അടയാളങ്ങളൊന്നും കണ്ടിട്ടില്ല എന്നാണ് ഡോക്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ക്കൊപ്പം പരിശോധിക്കാനെത്തിയ നഴ്‌സ് മുറിവുകള്‍ കണ്ടിട്ട് അത് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ കൈയ്യുടെ അടയാളങ്ങളായിരിക്കാമെന്നും അതുകൊണ്ടുണ്ടായ ബ്ലീഡിങ്ങ് ആയിരിക്കാമെന്നും ഡോക്ടര്‍ പറഞ്ഞത് കേട്ടെന്നും അതിജീവിത റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി. ശരീരത്തില്‍ മുറിവുണ്ടായിരുന്നു എന്ന വിവരം പരിശോധനയ്ക്ക് എത്തിയ ഡോക്ടര്‍ പ്രീതയ്ക്ക് അറിയാമായിരുന്നു. പീഡനസമയത്ത് അറ്റന്‍ഡറുടെ കൈകൊണ്ട് സംഭവിച്ചതാണ് മുറിവെന്ന് അപ്പോള്‍ തന്നെ ഡോക്ടറോട് പറഞ്ഞതായും അതിജീവിത പറഞ്ഞു.

അതിജീവിത പറഞ്ഞ മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടില്ല, രേഖപ്പെടുത്തുന്നില്ല എന്ന് പുറത്ത് നിന്നിരുന്ന പൊലീസുകാരോട് ഡോ പ്രീത പറയുന്നത് തന്റെ അടുത്ത ബന്ധുക്കള്‍ കേട്ടുവെന്നും അതിജീവിത വെളിപ്പെടുത്തി.

സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്, ഈ മുറിവും വേദനയുമെക്കെ അനുഭവിച്ചത് താന്‍ തന്നെയായിരുന്നു. പിന്നീട് തന്നെ ശുശ്രൂഷിച്ച ഭര്‍ത്താവ് പീഡനത്തിന്റെ ഭാഗമായി ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ കണ്ടിട്ടുണ്ടെന്നും അതിജീവിത ചൂണ്ടിക്കാണിച്ചു. മൂത്രമൊഴിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ഡോക്ടറോട് പറഞ്ഞിരുന്നെന്നും എന്നാല്‍ ഡോ. പ്രീത ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത ആരോപിച്ചു. ഡോക്ടര്‍ എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ലെന്നും അതിജീവിത പറഞ്ഞു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയതെന്നും അതിജീവിത കോഫി വിത്ത് അരുണില്‍ വ്യക്തമാക്കി.

സംഭവം നടന്ന ഉടന്‍തന്നെ വിവരം നഴ്‌സുമാരോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അവര്‍ ഡോക്ടര്‍മാരോട് ഈ വിഷയം പറഞ്ഞില്ലെന്നും അതിജീവിത വെളിപ്പെടുത്തി. വൈകീട്ട് ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ റൗണ്ട്‌സിനെത്തിയപ്പോള്‍ പീഡനവിവരം പറഞ്ഞിരുന്നു. പീഡിപ്പിച്ച അറ്റന്‍ഡര്‍ പിന്നീടും അവിടെ വന്നതിനാല്‍ ഐസിയുവില്‍ കിടക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടറോട് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ ഒരുദിവസം ഐസിയുവില്‍ കിടക്കേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും ആ ഡോക്ടര്‍ അനുഭാവപൂര്‍വ്വമാണ് പ്രതികരിച്ചതെന്നും അതിജീവിത വ്യക്തമാക്കി. പിന്നീട് രാത്രി തന്നെ പീഡനവിവരം ഭര്‍ത്താവിനോട് പറഞ്ഞെന്നും ഭര്‍ത്താവ് പിറ്റേന്ന് രാവിലെ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്നുമാണ് അതിജീവിത വെളിപ്പെടുത്തുന്നത്.

ഐസിയുവില്‍ കോമാ സ്‌റ്റേജിലായിരുന്നു എന്നതും അതിജീവിത നിഷേധിച്ചു. ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും കൊണ്ടുവരുമ്പോള്‍ തന്നെ ബോധം ഉണ്ടായിരുന്നെന്നും ഭര്‍ത്താവിനോടും മറ്റും സംസാരിച്ചിരുന്നതായും അതിജീവിത. അതിന് ശേഷമാണ് ഐസിയുവിലേക്ക് കൊണ്ടുപോയത്. അവിടെ നടന്നതൊക്കെ നല്ല ഓര്‍മ്മയുണ്ട്. ഐസിയുവില്‍ എത്തിക്കുമ്പോള്‍ കോമാ സ്‌റ്റേജിലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയാകണം. ഓപ്പറേഷന്‍ നടന്ന് മണിക്കൂറുകള്‍ക്കകമാണ് പീഡനം നടന്നതെന്ന് അതിജീവിത വ്യക്തമാക്കി. ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും ഐസിയുവില്‍ എത്തിച്ച ഉടനെ പീഡനത്തിന് ഇരയാക്കിയതായാണ് അതിജീവിതയുടെ വെളിപ്പെടുത്തല്‍. പീഡനം നടക്കുന്ന സമയത്ത് കൈ അനക്കി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും കൈയൊന്നും അനങ്ങുന്ന സാഹചര്യത്തിലായിരുന്നു. പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അറ്റന്‍ഡര്‍ ശശീന്ദ്രന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നുണ്ടായിരുന്നു.

പീഡിപ്പിച്ച അറ്റന്‍ഡര്‍ പിന്നീട് മറ്റൊരു രോഗിയുമായി വന്നപ്പോള്‍ അടുത്തെത്തി കൈപിടിച്ച് എന്താ മോളെ ബോധം വന്നോയെന്ന് ചിരിച്ചുകൊണ്ട് ചോദിച്ചെന്നാണ് അതിജീവിത പറയുന്നത്. പിന്നീട് ഒരു രോഗിയുമായി വന്നപ്പോള്‍ അടുത്തേക്ക് വരാന്‍ ശ്രമിച്ചപ്പോള്‍ ഭയം കൊണ്ട് നഴ്‌സിന്റെയടുത്ത് വിവരം പറഞ്ഞെന്നും അതിജീവിത പറയുന്നു. അപ്പോള്‍ കൊണ്ടുവന്ന രോഗിയുടെ മുണ്ട് അറ്റന്‍ഡര്‍ മാറ്റുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് അറ്റന്‍ഡറോട് ചോദിച്ചെന്നും യൂറിന്‍ ബാഗ് ശരിയാക്കുകയാണെന്ന് പറഞ്ഞെന്നുമാണ് അതിജീവിത വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ അറ്റന്‍ഡര്‍ പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് അറ്റന്‍ഡര്‍ ശശീന്ദ്രനെ കണ്ടിട്ടില്ലെന്നും അതിജീവിത വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com