തൃക്കാക്കര പ്രതിഫലിക്കുന്ന കണ്ണാടിയായി പുതുപ്പള്ളി; ആരുടെ അജണ്ട വിലപ്പോകും?

തൃക്കാക്കരയില്‍ പാളിയത് സിപിഐഎം തിരുത്തുമോ, തൃക്കാക്കരയിലെ തന്ത്രം വിജയകരമായി യുഡിഎഫ് ആവര്‍ത്തിക്കുമോ എന്ന രണ്ടു ചോദ്യങ്ങള്‍ക്ക് കൂടിയാവും സെപ്തംബര്‍ 8ന് മറുപടിയാകുക
തൃക്കാക്കര പ്രതിഫലിക്കുന്ന കണ്ണാടിയായി പുതുപ്പള്ളി; ആരുടെ അജണ്ട വിലപ്പോകും?

ഒരു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന അജണ്ട നിശ്ചയിക്കുക എന്നത് പ്രധാനമാണ്, ഒരു ഉപതിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കുക എന്നത് അതിലേറെ സൂക്ഷമവും തന്ത്രപരവുമായ നീക്കവുമാണ്. അതിനാല്‍ തന്നെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കപ്പെട്ടോ എന്ന ചോദ്യം കൗതുകകരമായ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്ക് കൂടി വഴിതുറക്കുന്നുണ്ട്.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ ചാണ്ടി മരിച്ച് ഒരുമാസത്തിനുള്ളില്‍ തന്നെ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ മരണവും വിലാപയാത്രയും പുതുപ്പള്ളിയുമായി ചേര്‍ന്നു നില്‍ക്കുന്ന വൈകാരികതയുമെല്ലാം രാഷ്ട്രീയത്തിന് അതീതമായി മലയാളികളുടെ ഓര്‍മ്മയില്‍ തികട്ടിയെത്തിക്കൊണ്ടിരിക്കുന്ന കാലയളവില്‍ തന്നെയായിരുന്നു പുതുപ്പള്ളി ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കണ്ണുതുറന്നത്.

അരനൂറ്റാണ്ടിലേറെയായി ചുവടുറപ്പിക്കാന്‍ പറ്റാത്ത മണ്ഡലം, തലമുറകളുടെ ചൂണ്ടുവിരല്‍ തുമ്പിലൂടെ അടയാളപ്പെടുത്തപ്പെട്ട ഒരു ജനപ്രതിനിധി അതിവൈകാരികമായി യാത്രപറഞ്ഞ് പിരിഞ്ഞ അന്തരീക്ഷം. ഇടതുപക്ഷത്തെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പിന് പരുവപ്പെടുക എന്നത് പോലും ഏറെ ദുഷ്‌കരമായ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. യുഡിഎഫിനാകട്ടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. മറ്റൊരു അജണ്ടയും തിരഞ്ഞെടുപ്പിനായി രൂപപ്പെടുത്തേണ്ട സാഹചര്യവുമില്ലായിരുന്നു. യുഡിഎഫിന് തികച്ചും അനുകൂലമായ അന്തരീക്ഷത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

പ്രതീക്ഷിച്ചതിലും വളരെ നേരത്തെ, അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്ത്രങ്ങളുടെയും ആസൂത്രണത്തിന്റെയും ഒഴിഞ്ഞ ആവനാഴിയുമായി ഇടതുപക്ഷത്തിന്റെ നേതൃത്വം പകച്ച് പോയിരിക്കുമെന്ന് തീര്‍ച്ചയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നുമണിക്കൂറിനകം യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ ഏറ്റവും അടിയുറച്ച ഇടതുപക്ഷ അനുഭാവി പോലും നിരാശരായിരുന്നിരിക്കണം.

പുതുപ്പള്ളിയിലെ ഇടതുപക്ഷത്തെ സംബന്ധിച്ച് കഴിഞ്ഞ അരനൂറ്റാണ്ടിലെ ചരിത്രത്തില്‍ ഏറ്റവും അനുകൂലമായ അന്തരീക്ഷത്തില്‍ നടന്ന തിരഞ്ഞെടുപ്പായിരുന്നു 2021ലേത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തിളക്കം ഇടതുക്ഷത്തിന് അനുകൂലമായൊരു തിരയിളക്കം കേരളം മുഴുവന്‍ സൃഷ്ടിച്ചിരുന്നു. പുതുപ്പള്ളിയിലും അതിന്റെ അലയൊലികള്‍ പ്രകടമായിരുന്നു. സോളാര്‍ കേസിന്റെ വാദമുഖങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഉമ്മന്‍ ചാണ്ടി പ്രഭാവം അസ്തമിച്ച് തുടങ്ങിയിരുന്നു. സഭാതര്‍ക്കത്തില്‍ യാക്കോബായ വിഭാഗം ഉമ്മന്‍ ചാണ്ടിക്ക് എതിരായപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും പരിപൂര്‍ണ്ണ സമ്മതനായിരുന്നില്ല ഉമ്മന്‍ ചാണ്ടി. ഇതിനെല്ലാം പുറമെയായിരുന്നു പുതുപ്പള്ളി പഞ്ചായത്തില്‍ അടക്കം മണ്ഡലത്തിലെ ആകെയുള്ള എട്ടില്‍ ആറ് പഞ്ചായത്തിലും രണ്ട് ബ്ലോക്ക് പഞ്ചായത്തിലും ഇടതുപക്ഷം വിജയക്കൊടി പാറിച്ചതിന്റെ ആത്മവിശ്വാസം. ഇതിനൊപ്പം ജെയ്ക്കിന്റെ യുവത്വത്തിന്റെ തിളക്കം കൂടിയായപ്പോള്‍ മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി നേതാക്കളും പ്രവര്‍ത്തകരും അട്ടിമറി പോലും മണത്തു. ഒടുവില്‍ ഫലം വന്നപ്പോള്‍ പുതുപ്പള്ളി പതിവ് പോലെ കുഞ്ഞൂഞ്ഞിനെ കാത്തു.

ഇത്രയും അനുകൂലമായ അന്തരീക്ഷത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ സാധിക്കാതെ പോയ പുതുപ്പള്ളിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ തിളച്ച് നില്‍ക്കുന്ന വൈകാരിക അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ചടങ്ങു തീര്‍ക്കാന്‍ ഒരു മത്സരം അതിനായി ഒരു സ്ഥാനാര്‍ത്ഥി എന്ന നിരാശയിലേക്ക് പുതുപ്പള്ളിയിലെ ഓരോ ഇടതുപക്ഷ അനുഭാവിയും പുതഞ്ഞ് പോയിരുന്നു എന്നതാണ് വാസ്തവം.

ചിത്രം മാറ്റിമറിച്ചത് റിപ്പോര്‍ട്ടര്‍ ടിവിയോടുള്ള ചാണ്ടി ഉമ്മന്റെ ആ പ്രതികരണം

റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുമ്പോള്‍, പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ചാണ്ടി ഉമ്മന്‍ വികസനമെന്ന അജണ്ട വെല്ലുവിളിയുടെ അര്‍ത്ഥത്തില്‍ ചേര്‍ത്ത് വെച്ച ആ നിമിഷം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ നിമിഷമായി അടയാളപ്പെടുത്തപ്പെട്ടു. എടുപ്പിലും നടപ്പിലും ഇരിപ്പിലും ഉമ്മന്‍ ചാണ്ടിയുമായി സമീകരിക്കപ്പെടുന്ന ചാണ്ടി ഉമ്മന്റെ ചിത്രം പുതുപ്പള്ളിയുടെ പൊതുബോധത്തിലേക്ക് സ്റ്റഫ് ചെയ്യപ്പെടുന്ന ഏതാണ്ട് അതേ നിമിഷത്തിലായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ചാണ്ടി ഉമ്മന്‍ വികസനത്തിന്റെ പേരില്‍ വെല്ലുവിളിയുയര്‍ത്തുന്നത്. നിസ്സാരമായിരുന്നില്ല ആ വെല്ലുവിളി. സിപിഐഎം സ്ഥിരമായി വിജയിക്കുന്ന കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തിന്റെ വികസനവും പുതുപ്പള്ളിയുടെ വികസനവും തമ്മില്‍ താരതമ്യം ചെയ്യാമെന്നായിരുന്നു ആ വെല്ലുവിളി. 1960 ലെ സിനിമ സെറ്റിടാതെ പുതുപ്പള്ളിയില്‍ ചിത്രീകരിക്കാമെന്ന ത?ഗ് ഡയലോ?ഗും റിപ്പോര്‍ട്ടര്‍ ടിവിയുടെ പുതുപ്പള്ളിയിലെ വോട്ട് ചര്‍ച്ചയിലാണ് മുഴങ്ങിയത്.

ഉപതിരഞ്ഞെടുപ്പ് പുതുപ്പള്ളിയിലാണെങ്കിലും സോഷ്യല്‍ മീഡിയയുടെ കാലത്ത് തിരഞ്ഞെടുപ്പ് അജണ്ടയുടെ പൊതുബോധം സെറ്റ് ചെയ്യപ്പെടുന്നത് പുതുപ്പള്ളിക്ക് പുറത്താണെന്ന് ചാണ്ടി ഉമ്മന്‍ വിസ്മരിക്കുകയും സിപിഐഎമ്മിന്റെ സൈബര്‍ ഇടങ്ങള്‍ തിരിച്ചറിയുകയും ചെയ്ത നിമിഷമായിരുന്നത്. പുതുപ്പള്ളിയെ പ്രതി 2021ല്‍ ഉയര്‍ന്നതിനെക്കാള്‍ തീവ്രമായി വികസനം ഒരു പൊതുബോധ അജണ്ടയായി രൂപപ്പെട്ട അന്തരീക്ഷത്തിലായിരുന്നു ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. വികസന അജണ്ടയുടെ സൂക്ഷ്മതലങ്ങളെ പുതുപ്പള്ളി മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളിലേക്ക് പ്രതിഷ്ഠിച്ചു കൊണ്ടായിരുന്നു ജെയ്ക്കിന്റെ രംഗപ്രവേശനം. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള വൈകാരിക കൊടുമുടിയുടെ അതേ ഉയരത്തിലും വലുപ്പത്തിലും വികസനത്തിന്റെ മറ്റൊരു കൊടുമുടി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ജെയ്ക്കിന്റെ തിരഞ്ഞെടുപ്പ് രംഗത്തേയ്ക്കുള്ള കടന്നുവരവ്.

ഇടതുപക്ഷത്തെ സംബന്ധിച്ച് പുതുപ്പള്ളിയിലെ അനുഭാവികളെയും വോട്ടര്‍മാരെയും ചലിപ്പിക്കാനും ചിന്തിപ്പിക്കാനും ഇളക്കി മറിക്കാനും ഒരു അജണ്ട അത്യാവശ്യമായിരുന്നു. സഹതാപത്തിന്റെ വൈകാരികതയില്‍ തണുത്തുറഞ്ഞ് കിടന്ന പുതുപ്പള്ളിയുടെ രാഷ്ട്രീയ താപത്തെ ആളിക്കത്തിക്കാന്‍ ചുരുങ്ങിയ ദിവസം കൊണ്ട് വികസന അജണ്ടക്ക് സാധിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. പുതുപ്പള്ളി ഇനി സഹതാപത്തിന്റെ ശിശിരത്തില്‍ തണുത്തുറഞ്ഞ് നില്‍ക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഗ്രീഷ്മത്തിന്റെ ചൂട് പകര്‍ന്ന് നല്‍കിയ നിമിഷങ്ങള്‍ അടയാളപ്പെടുത്തുമ്പോള്‍ അതില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ചുവന്ന മൈക്ക് ഐഡിയും കൈയ്യടയാളം പതിപ്പിച്ച് പോയിട്ടുണ്ട്.

വികസനം ഒരു വെല്ലുവിളിയായി ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയ ആ നിമിഷം ശൂന്യതയില്‍ പകച്ച് നിന്നിരുന്ന ഇടതുപക്ഷത്തിന് ജീവശ്വാസം ആകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും പുതുപ്പള്ളിയെ അഭിമുഖീകരിക്കാന്‍ സാധിക്കുന്ന ഒരു തിരഞ്ഞെടുപ്പ് പ്രതലം രൂപപ്പെടുത്താന്‍ ഇതിനകം സിപിഐഎമ്മിന് സാധിച്ചിട്ടുണ്ട്. തൃക്കാക്കരയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ കൂടി സിപിഐഎം ഉള്‍ക്കൊണ്ടു എന്ന് വേണം വിലയിരുത്താന്‍. തൃക്കാക്കരയെ അനുകരിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്നും വ്യക്തം. തൃക്കാക്കരയില്‍ പാളിയത് സിപിഐഎം തിരുത്തുമോ, തൃക്കാക്കരയിലെ തന്ത്രം വിജയകരമായി യുഡിഎഫ് ആവര്‍ത്തിക്കുമോ എന്ന രണ്ടു ചോദ്യങ്ങള്‍ക്ക് കൂടിയാവും സെപ്തംബര്‍ 8ന് മറുപടിയാകുക.

തൃക്കാക്കരയില്‍ സിപിഐഎമ്മിന്റെ സംഘടനാ സംവിധാനങ്ങളും മന്ത്രിമാരുമെല്ലാം വികസനം തന്നെയായിരുന്നു പ്രധാനതിരഞ്ഞെടുപ്പ് അജണ്ടയായി ചൂണ്ടിക്കാണിച്ചത്. കൊച്ചിക്കാര്‍ക്ക് ദൃശ്യമായ വികസനചിത്രങ്ങള്‍ വീടുകളില്‍ നേരിട്ടെത്തി മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അടക്കം വിശദീകരിക്കുന്ന ഡോര്‍ ടു ഡോര്‍ വികസന കാമ്പയിനായിരുന്നു തൃക്കാക്കരയിലെ ഇടതുപക്ഷ തന്ത്രം. യുഡിഎഫ് ആകട്ടെ പിടി തോമസിന്റെ മരണം സൃഷ്ടിച്ച വൈകാരികതയെ വോട്ടര്‍മാരുടെ മനസ്സില്‍ ഒരു പൊതുബോധ അജണ്ടയായി നിരന്തരം പുനര്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു.

സോഷ്യല്‍ മീഡിയയും മുഖ്യധാര മാധ്യമങ്ങളുമെല്ലാം പിടിയുടെ വൈകാരിക വിവരണങ്ങളുടെ മാധ്യമങ്ങളായി മാറുകയും വോട്ടര്‍മാരുടെ പൊതുബോധത്തെ സ്വാധീനിക്കുകയും ചെയ്തു. തൃക്കാക്കരയെ പ്രതി പടര്‍ന്ന് പന്തലിച്ച പൊതുബോധം, പിടി തോമസിന്റെ വിയോഗം സമ്മാനിച്ച വൈകാരിക ചിത്രങ്ങളായിരുന്നു. ഇടതുപക്ഷമാകട്ടെ വീടുകളില്‍ നിന്നും വീടുകളിലേക്ക് വികസനത്തിന്റെ ചര്‍ച്ചകളെ കേന്ദ്രീകരിപ്പിക്കാനാണ് ശ്രമിച്ചത്. ആള്‍ക്കൂട്ട പൊതുബോധങ്ങള്‍ക്ക് സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാന്‍ സാധിക്കുമെന്നത് സോഷ്യല്‍ മീഡിയ കാലത്തെ നേട്ടവും കോട്ടവുമാണ്. എന്തായാലും തൃക്കാക്കരയില്‍ ഇത്തരം ആള്‍ക്കൂട്ട പൊതുബോധങ്ങളെ വൈകാരികമായി വോട്ടര്‍മാരുടെ മനസ്സില്‍ സ്റ്റഫ് ചെയ്യാന്‍ യുഡിഎഫിന് സാധിച്ചു. വീടിന്റെ അടുക്കളയിലെത്തി ഗെയ്ല്‍ ഗ്യാസ് കൊണ്ട് അടുപ്പ് കത്തിച്ച് കാണിച്ച് അടുക്കളപ്പുറത്തെത്തിയ വികസനം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ഇടതുപക്ഷത്തിന്റെ തന്ത്രം ഏശാതെ പോയി.

തൃക്കാക്കരയിലെ പാളിച്ച സിപിഐഎം തിരിച്ചറിഞ്ഞു എന്ന് വേണം അനുമാനിക്കാന്‍. പുതുപ്പള്ളിയിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതുപക്ഷ മന്ത്രിമാര്‍ ഇറങ്ങുന്നില്ല. ആഗസ്റ്റ് 31ന് ശേഷം രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രിമാര്‍ ഇറങ്ങിയേക്കും, അത് ഗൃഹസമ്പര്‍ക്ക പരിപാടി ആയിരിക്കാനും വഴിയില്ല. പുതുപ്പള്ളിയില്‍ വികസനമെന്ന പടര്‍ന്ന് പന്തലിച്ച ആള്‍ക്കൂട്ട പൊതുബോധത്തെ പുതുപ്പള്ളിയിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന മാസ് കാമ്പയിനാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

പുതുപ്പള്ളിയിലെ എല്ലാ വൈകാരിക ചര്‍ച്ചകളും വികസനമെന്ന കേന്ദ്രീകൃത ചര്‍ച്ചയുടെ മൂര്‍ച്ചയില്‍ തട്ടിദുര്‍ബലമാകുന്ന തന്ത്രത്തിനാണ് സിപിഐഎം വിത്ത് പാകിയിരിക്കുന്നത്. ഇനി വൈകാരികത മാത്രം അഭിസംബോധന ചെയ്ത് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിറയാന്‍ യുഡിഎഫിന് സാധിക്കില്ല. പൊതുഇടങ്ങളില്‍ പരസ്യമായി വികസനത്തെ അഭിസംബോധന ചെയ്യാന്‍ യുഡിഎഫ് നിര്‍ബന്ധിതരായി കഴിഞ്ഞു.

വൈകാരികതയുടെ സൂക്ഷ്മതലങ്ങളെ ഇനി വീടുകളില്‍ നിന്ന് വീടുകളിലേക്ക് വ്യാപിക്കുന്ന സൂക്ഷ്മതലത്തിലുള്ള ഗൃഹസമ്പര്‍ക്കമെന്ന തന്ത്രമാണ് യുഡിഎഫിന് ഇനി പയറ്റാവുന്നത്, യുഡിഎഫ് പയറ്റുന്നതും ഇതുതന്നെയാവും. മാസ് പള്‍സിനെ സ്വാധീനിക്കുന്ന പ്രകടമായ പൊതുബോധ അജണ്ട സിപിഐഎം സെറ്റ് ചെയ്ത് കഴിഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫ് വൈകാരികത സെറ്റ് ചെയ്തത് പോലെ. ഇനി തൃക്കാക്കരയില്‍ സിപിഐഎം വീടുകളില്‍ നിന്ന് വീടുകളിലേക്ക് വികസന അജണ്ടയുമായി സഞ്ചരിച്ചത് പോലെ പുതുപ്പള്ളിയില്‍ ഡോര്‍ ടു ഡോര്‍ വൈകാരിക അജണ്ട സെറ്റ് ചെയ്യുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള പോംവഴി. ഇതില്‍ ഏതുവഴിയാണ് പതുപ്പള്ളി തിരഞ്ഞെടുക്കുക എന്നത് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തെ സംബന്ധിച്ച് ഒരു ദിശാസൂചകമാകുമെന്ന് തീര്‍ച്ച.

Related Stories

No stories found.
logo
Reporter Live
www.reporterlive.com