ഇറാനില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഭീകരരുടെ വെടിവെയ്പ്പ്; രണ്ട് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍
18 Nov 2022 6:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറാന്‍: ഇറാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഭീകരരുടെ വെടിവെയ്പ്പ്. തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവശ്യയിലാണ് സംഭവം നടന്നത്. രണ്ട് സ്ഥലങ്ങളിലായി നടന്ന സംഭവത്തില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളുമുള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു എന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മോട്ടോര്‍സൈക്കിളുകളിലായി സായുധരായ തീവ്രവാദികള്‍ ഇസെഹ് നഗരത്തിലെ ഒരു സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തി പ്രതിഷേധക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം 5.30 ക്കാണ് ആദ്യ ആക്രമണമുണ്ടായതെന്ന് ഖുസെസ്ഥാന്‍ പ്രവശ്യയിലെ സീനിയര്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാല് മണിക്കൂറിന് ശേഷം ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ പട്ടണമായ ഇസ്ഫഹാനിലും സമാനമായ ആക്രമണം നടന്നു. ആയുധ ധാരികളായ ആക്രമികള്‍ ബൈക്കിലെത്തി ബസിജ് സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംശയമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാനില്‍ മത പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച 22 കാരി മഹ്‌സാ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 16 മുതല്‍ വന്‍ പ്രതിഷേധവും സമരങ്ങളും നടക്കുകയായിരുന്നു. നവംബര്‍ 17 രാവിലെ പരുക്കേറ്റവരില്‍ രണ്ട് പേര്‍ മരിച്ചതോടെ മരണസംഖ്യ ഏഴായി ഉയര്‍ന്നു. 45 വയസ്സുള്ള അമ്മയും അവരുടെ 13 ഉം ഒമ്പതും പ്രായമുള്ള കുഞ്ഞുങ്ങളുമാണ് മരിച്ചത്. അഹ്വാസ് പ്രവശ്യയിലെ ജോണ്ടിഷപൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളില്‍ രണ്ടുമാസത്തിനുള്ളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
story highlights: Terrorists shoot at protesters in Iran