Top

താലിബാൻ അധിനിവേശത്തിന്റെ ഒരു വർഷം; അഫ്ഗാൻ എത്തിനിൽക്കുന്നത് എവിടെ?

17 Aug 2022 5:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താലിബാൻ അധിനിവേശത്തിന്റെ ഒരു വർഷം; അഫ്ഗാൻ എത്തിനിൽക്കുന്നത് എവിടെ?
X

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ആധിപത്യമുറപ്പിച്ചതിനും യുഎസ് ഉൾപ്പടെയുള്ള വിദേശശക്തികൾ അഫ്ഗാൻ മണ്ണിൽ നിന്നും പൂർണ്ണമായും പിൻമാറുകയും ചെയ്തിട്ട് ഒരു വർഷം പിന്നിടുന്നു. അന്ന് താലിബാന്റെ നേതൃത്വത്തിൽ രൂപീകരിക്കാൻ പോകുന്ന പുതിയ സർക്കാരിനെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങളാണ് താലിബാൻ വക്താവ്‌ സബിഹുള്ള മുജഹ്ദ് നല്കിയത്. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താലിബാൻ ഭരണകൂടം എവിടെയാണ് എത്തി നില്ക്കുന്നത്. താലിബാൻ ഭരണം ഭയപ്പാടോടെ വീക്ഷിച്ച അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും എത്രത്തോളം വലിയ തടസങ്ങളാണ് കഴിഞ്ഞ ഒരു വർഷം ഉണ്ടായതെന്നതും വിശദീകരിക്കേണ്ട വസ്തുതയാണ്.

താലിബാൻ ഭരണത്തിന് കീഴിൽ ലോകം ഏറ്റവും ആശങ്കയോടെ വീക്ഷിച്ചത് അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയായിരുന്നു. നേരത്തെ 1990ൽ ഭരണം പിടിച്ചടക്കിയ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേൽ കർശനമായ വിലക്കുകളാണ് ഏർപ്പെടുത്തിയിരുന്നത്. 2021ൽ വീണ്ടും താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തപ്പോഴും നിരവധി നിയന്ത്രണങ്ങളാണ് സ്ത്രീകളിൽ അടിച്ചേൽപ്പിച്ചത്. വസ്ത്രധാരണത്തിലും പൊതുസ്ഥലങ്ങളിൽ പുരുഷനായ ബന്ധുവിനൊപ്പമല്ലാതെ പ്രത്യക്ഷപ്പെടരുത് തുടങ്ങീ കർശന നിയന്ത്രണങ്ങളോടെയാണ് സ്ത്രീകളുടെ സ്വാതന്ത്രത്തെ താലിബാൻ ഭരണം അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസരംഗത്തും താലിബാന്റെ നിയമങ്ങൾ അഫ്ഗാനിൽ പിടിമുറുക്കുകയാണ്. മാർച്ചിൽ പുതിയ അധ്യയവർഷം സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ താലിബാൻ നേരത്തെ പറഞ്ഞ നിലപാടിൽ നിന്നും മലക്കം മറിഞ്ഞു. സെക്കന്ററി സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നല്കാൻ താലിബാൻ സർക്കാർ തയ്യാറല്ലെന്നാണ് ഇപ്പോൾ പറയുന്നത്. താലിബാൻ ഭരണകൂടത്തിന്റെ പെൺകുട്ടികൾക്കെതിരായ നീക്കം അന്താരാഷ്ട്രതലത്തിലും വലിയ വിമർശനത്തിനിടയാക്കി. ഏകദേശം 11 ലക്ഷം പെൺകുട്ടികൾക്കാണ്‌ താലിബാൻ അധിനിവേശത്തോടെ സ്‌കൂളുകൾ ഉപേക്ഷിക്കേണ്ടിവന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് പെൺകുട്ടികൾക്ക് താലിബാൻ അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ചില സർവ്വകലാശാലകൾ പ്രവർത്തനം പുനഃരാരംഭിക്കെ, സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ തന്നെ പ്രവേശനം അനുവദിച്ചിരുന്നു.

അഫ്ഗാനിൽ കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അധിനിവേശത്തിന്‌ ശേഷം സ്ത്രീകളുടെ തൊഴിൽ രംഗത്തെ പ്രാതിനിധ്യം കുത്തനെ താഴ്ന്നതായാണ് ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. 1998മുതൽ 2019 വരെയുള്ള രണ്ട് ദശാബ്ദ കാലഘട്ടത്തിൽ സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പ്രാധിനിത്യം 15 ശതമാനം മുതൽ 22 ശതമാനം വരെ വർധിച്ചതായി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം താലിബാൻ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അഫ്ഗാനിൽ തൊഴിൽരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 15 ശതമാനം കുറഞ്ഞതായും വിലയിരുത്തപ്പെടുന്നുണ്ട്. അഫ്ഗാനിൽ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ താലിബാൻ പൂർണ്ണമായും ഇല്ലാതാക്കിയതായാണ് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാണിക്കുന്നത്. തങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് താലിബാൻ ഭരണകൂടത്തിൽ നിന്നും നേരിട്ട പീഢനങ്ങളും ചൂഷണവും ആംനസ്റ്റി എടുത്തുപറയുന്നുണ്ട്. പിന്നീട് ഇത്തരത്തിൽ താലിബാനെതിരെ പ്രതിഷേധത്തിൽ പങ്കുകൊണ്ട സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയാണ് താലിബാൻ ചെയ്തതെന്നും ആംനസ്റ്റി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരമേറ്റതിന് ശേഷം രാജ്യത്തെ സാമ്പത്തിക നില കുത്തനെ തകർന്നുവീഴുന്നതായാണ് വിലയിരുത്തുന്നത്. താലിബാൻ അധിനിവേശത്തിന് ശേഷം 30 മുതൽ 40 ശതമാനം വരെ താഴ്ച്ചയിലേക്കാണ് സാമ്പത്തിക രംഗം കൂപ്പുകുത്തിയത്. യുഎൻ സുരക്ഷാകൗൺസിൽ ജൂണിൽ പുറത്ത് വിട്ട റിപ്പോർട്ടിലെ കണക്കുകളാണ് ഇത്. പുനർനിർമ്മാണത്തിന് യുഎസ് അനുവദിച്ച ഫണ്ട് ഉൾപ്പടെ അന്താരാഷ്ട്ര സഹായങ്ങൾ ഒഴുകിയെത്തിയിട്ടും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ്. അന്താരാഷ്ട്ര സഹായങ്ങൾ വെട്ടിക്കുറച്ചതും രാജ്യത്തിന്റെ വിദേശവിനിമയ റിസർവ്വ് മരവിപ്പിച്ചതും സാമ്പത്തികമായി ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരത്തിൽ തകർന്ന സാമ്പത്തിക നില പരിഹരിക്കുന്നതിനായി നികുതി വരുമാനം ഉയർത്താനാണ് താലിബാൻ ഭരണകൂടം ശ്രമിച്ചത്.

കൂടാതെ ആഗോളതലത്തിൽ കൽക്കരിയുടെ വില ഉയർന്ന സാഹചര്യം മുതലാക്കി കൽക്കരി കയറ്റുമതിയിലേക്കും താലിബാൻ നോട്ടമിട്ടു. ജനുവരിയിൽ പ്രഖ്യാപിച്ച മൂന്നുമാസകാലത്തേക്കുള്ള ബജറ്റിൽ 400ദശലക്ഷമാണ് ആഭ്യന്തര നികുതിയിനത്തിൽ സമാഹരിച്ചത്. 2021 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലത്താണ് ഇത്രയും വൻ തുക സമാഹരിച്ചത്. പ്രസ്തുത തുക സമാഹരിച്ചതിൽ സുതാര്യതയില്ലെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ അന്താരാഷ്ട്ര പിന്തുണയില്ലായ്മ, സുരക്ഷാ വെല്ലുവിളികൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആഗോളഭക്ഷ്യക്ഷാമം എന്നിവയെല്ലാം അഫ്ഗാനെ സാമ്പത്തികമായി തകർച്ചയിലേക്ക് നയിച്ച ഘടകങ്ങളാണെന്ന് വിലയിരുത്തുന്നു.

ഒപ്പിയം പോപി കൃഷിചെയ്യുന്നത് അവസാനിപ്പിക്കുമെന്നത് താലിബാൻ മുന്നോട്ടുവെച്ച നയമാണ്. രണ്ട് ദശാബ്ദകാലം മുൻപ് അധിനിവേശത്തിലൂടെ ആദ്യമായി അധികാരത്തിലേറിയ സമയത്ത് തന്നെ താലിബാൻ വിജയകരമായി അവതരിപ്പിച്ച നയമായിരുന്നു മയക്കുമരുന്ന് ചെടികൾക്ക് ഏർപ്പെടുത്തിയ നിരോധനം. കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പിയം വിഭവശേഷിയുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഹെയർ ഓയിൽ നിർമ്മിക്കുന്നതിന് മുഖ്യഘടകമാണ് ഒപ്പിയം. ഏപ്രിലിൽ കറുപ്പ് (ഒപ്പിയം പോപി) കൃഷിചെയ്യുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തി. എന്നാൽ വിലക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുന്നതിൽ കൃത്യമായ കണക്കുകൾ നിലവിൽ ലഭ്യമല്ല.

ഹെൽമണ്ട് മേഖലയിൽ കറുപ്പ് കൃഷിചെയ്യുന്ന വയലുകൾ നശിപ്പിക്കാൻ താലിബാൻ കർഷകരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ കർഷകരുടെയും മയക്കുമരുന്നു വ്യാപാരികളുടേയും പിന്തുണ നഷ്ടപ്പെടുമെന്ന വെല്ലുവിളി ഏറ്റെടുത്താണ് താലിബാൻ മയക്കുമരുന്നിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ അഫ്ഗാൻ മയക്കുമരുന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധൻ ഡോക്ടർ ഡേവിഡ് മാൻസ്ഫീൽഡ് ചൂണ്ടിക്കാട്ടുന്നത് താലിബാൻ ഒപ്പിയം പോപി കൃഷിക്ക് വിലക്കേർപ്പെടുത്തിയ സമയത്താണ് വിളവെടുപ്പ് നടന്നതെന്നാണ്. പടിഞ്ഞാറൻ അഫ്ഗാനിൽ വളരെ ചെറിയതോതിലാണ് ഒപ്പിയം പോപി കൃഷിചെയ്യുന്നതെന്നും അതിന്റെ നശിപ്പിക്കൽ കാര്യമായ ഫലമുണ്ടാക്കിയില്ലെന്നുമാണ് മാൻസ്ഫീൽഡ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ക്രിസ്റ്റൽ മെത്ത് മയക്കുമരുന്നിന്റെ നിർമ്മാണം രാജ്യത്ത് ഇപ്പോഴും തുടരുന്നുണ്ട്. മേൽ പറഞ്ഞ മയക്കുമരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഇഫെഡ്ര വളർത്തുന്നത് താലിബാൻ വിലക്കിയ സാഹചര്യം നിലനില്ക്കെയാണ് ഇവയുടെ നിർമ്മാണം തുടരുന്നത് എന്നതും പ്രസക്തമാണ്.

താലിബാൻ അധികാരത്തിലേറിയതിന്റെ സംഘർഷാവസ്ഥയ്ക്ക് ഏറെക്കുറെ വിരാമമായതായി വിലയിരുത്തപ്പെടുന്നു. അതേസമയം 2021 ആഗസ്റ്റ് മുതൽ 2022 ജൂൺ വരെ 2000ത്തോളം സംഘർഷ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ എഴുന്നൂറോളം പേർ കൊല്ലപ്പെടുകയും 1200 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്.

2021 ആഗസ്റ്റ് മുതലുള്ള മരണങ്ങളിൽ 50 ശതമാനവും അഫ്ഗാനിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ ഐഎസ്-കെ (ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസാൻ) യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. സമീപകാലങ്ങളിൽ ഐഎസ്-കെ ആക്രമണങ്ങൾ നഗരപ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുഖ്യമായും ഇത്തരം ആക്രമണങ്ങൾ ലക്ഷ്യമിടുന്നത് ഷിയാ ഉൾപ്പടെയുള്ള ന്യൂനപക്ഷവിഭാഗങ്ങളേയാണ്.

താലിബാൻ വിരുദ്ധ ശക്തികളായ നാഷണൽ റസിസ്റ്റൻസ് ഫ്രണ്ട്(എൻആർഎഫ്), അഫ്ഗാൻ ഫ്രീഡം ഫ്രണ്ട് (എഎഫ്എഫ്) എന്നിവയുടെ സാന്നിധ്യവും അഫാഗാനിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ നിലവിലെ സുരക്ഷാ അന്തരീക്ഷം പ്രവചനാതീതമാണെന്നാണ് ജൂണിൽ യുഎൻ ചൂണ്ടിക്കാട്ടിയത്. നിലവിൽ താലിബാനെതിരെ അഫ്ഗാനിൽ ചുരുങ്ങിയത് പന്ത്രണ്ടോളം വിഘടനവാദ തീവ്രവാദ ഗ്രൂപ്പുകളാണ് വളർന്നുവരുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച നിരവധി സംഭവങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. വിചാരണകൂടാതെ കൊലപ്പെടുത്തൽ, താലിബാൻ തടവിൽ വെയ്ക്കുകയും പീഢനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങൾ നടന്നതായാണ് യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2021 ആഗസ്റ്റ് മുതൽ 2022 ജൂൺ വരെയുള്ള കാലത്ത് 160തോളം എകസ്ട്രാജുഡീഷ്യൽ കൊലപാതകങ്ങൾ നടന്നു. മുൻ സർക്കാരിലെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് ഇത്തരത്തിൽ വിചാരണകൂടാതെ കൊലപ്പെടുത്തിയതെന്നാണ് യുഎൻ ചൂണ്ടിക്കാട്ടുന്നത്.

STORY HIGHLIGHTS: Afghanistan, What changed a year after Taliban return

Next Story

Popular Stories