വടക്കൻ ഗാസയിൽ ഹമാസിനെ ഉന്മൂലനം ചെയ്തു; ഹമാസിനെതിരായ ദൗത്യം ഇനി തെക്കൻ-മധ്യ ഗാസയിലെന്ന് ഇസ്രയേൽ

എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കരുതെന്ന് നെതന്യാഹു
വടക്കൻ ഗാസയിൽ ഹമാസിനെ ഉന്മൂലനം ചെയ്തു; ഹമാസിനെതിരായ ദൗത്യം ഇനി തെക്കൻ-മധ്യ ഗാസയിലെന്ന് ഇസ്രയേൽ

ജറുസലേം: ഗാസ മുനമ്പിലെ വടക്കൻ പ്രദേശങ്ങളിൽ ഹമാസിൻ്റെ സൈനിക ഘടന തകർക്കുന്ന പ്രക്രിയ പൂർത്തിയായെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ഗാസ മുനമ്പിലെ ഹമാസ് സൈനിക ചട്ടക്കൂട് ഇല്ലാതാക്കുന്ന ദൗത്യം പൂർത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസ് അംഗങ്ങൾ ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് കമാൻഡർമാരില്ലാതെ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യ-തെക്കൻ ഗാസ മുനമ്പിലെ ഹമാസിനെ തകർക്കാനുള്ള സൈനിക ശ്രമങ്ങളെക്കുറിച്ച് "ഞങ്ങൾ അത് മറ്റൊരു രീതിയിൽ ചെയ്യും" എന്ന് മാത്രമായിരുന്നു ഹഗാരിയുടെ വിശദീകരണം. മധ്യ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകൾ ആൾക്കൂട്ടം കൊണ്ടും ഹമാസ് അംഗങ്ങളെക്കൊണ്ടും നിറഞ്ഞതാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ തുരങ്കങ്ങളുടെ വിപുലമായ ഭൂഗർഭ ശൃംഖലയുണ്ടെന്നും ഹഗാരി ചൂണ്ടിക്കാണിച്ചു. അതിനാൽ തന്നെ തെക്കൻ മധ്യ ഗാസകളിലെ ഹമാസ് ഉന്മൂലനത്തിന് സമയമെടുക്കുമെന്ന് ഹഗാരി വ്യക്തമാക്കി. ഹമാസിനെ ഉന്മൂലനം ചെയ്യാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും സൈന്യത്തിന് നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കരുതെന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവന.

ഗാസ മുനമ്പിൻ്റെ മധ്യഭാഗത്തും തെക്ക് ഭാഗത്തും ഹമാസിനെ തകർക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹഗാരി വ്യക്തമാക്കി. ദൗത്യത്തിന് സമയമെടുക്കുമെന്നും അദ്ദേഹം സമ്മതിച്ചു. ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചായിരുന്നു ഒക്‌ടോബർ ഏഴിന് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിൽ കടന്നു കയറി ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്. ഇസ്രായേൽ ആക്രമണം മൂന്ന് മാസം പിന്നിടുമ്പോൾ 22,722 പേർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വ്യോമാക്രമണത്തിലൂടെയും കരയുദ്ധത്തിലൂടെയുമാണ് ഇസ്രയേൽ ഗാസയിൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. ഹമാസ് ആക്രമണത്തിൽ 1,140 ഇസ്രയേലികളും കൊല്ലപ്പെട്ടു. 250 ഓളം പേരെ ഹമാസ് ബന്ദികളാക്കിയെന്നും അവരിൽ 132 പേർ തടവിലാണെന്നുമാണ് ഇസ്രായേൽ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com