ക്രിസ്തുമസ് തലേന്ന് രാജ്യത്തെ മുൾമുനയിലാക്കിയ വിമാനറാഞ്ചൽ; 'നെറ്റ്ഫ്ലിക്സ്' ഓർമ്മപ്പെടുത്തുമ്പോൾ

രാജ്യത്തെ മുൾ‌മുനയിൽ നിർത്തിയ കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ ഏഴ് ദിവസം നീണ്ട ഉദ്വേ​ഗജനകമായ സംഭവപരമ്പരകൾ തീവ്രത ചോരാതെ തന്നെ പരമ്പര ദൃശ്യവത്കരിച്ചിട്ടുണ്ട്
ക്രിസ്തുമസ് തലേന്ന് രാജ്യത്തെ മുൾമുനയിലാക്കിയ വിമാനറാഞ്ചൽ; 'നെറ്റ്ഫ്ലിക്സ്' ഓർമ്മപ്പെടുത്തുമ്പോൾ
Updated on

നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ദിവസം റിലീസായ 'IC 814: ദി കാണ്ഡഹാർ ഹൈജാക്ക് സ്റ്റോറി'ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അനുഭവ് സിൻഹയാണ് രാജ്യം ഏറെ ചർച്ച ചെയ്ത കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സിലെ പരമ്പര ഒരുക്കിയിരിക്കുന്നത്. വിജയ് വർമ്മ, നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ, അരവിന്ദ് സ്വാമി എന്നിവർ പരമ്പരയിൽ പ്രധാനവേഷത്തിലെത്തുന്നു. കാണ്ഡഹാർ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തിൽ 2000-ൽ പ്രസിദ്ധീകരിച്ച ക്യാപ്റ്റൻ ദേവി ശരണിൻ്റെ 'ഫൈറ്റ് ഇൻറ്റു ഫിയർ: എ ക്യാപ്റ്റൻസ് സ്റ്റോറി' എന്ന പുസ്തകത്തെ അധികരിച്ചാണ് അനുഭവ് സിൻഹ പരമ്പര ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ മുൾ‌മുനയിൽ നിർത്തിയ കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ ഏഴ് ദിവസം നീണ്ട ഉദ്വേ​ഗജനകമായ സംഭവപരമ്പരകൾ തീവ്രത ചോരാതെ തന്നെ പരമ്പര ദൃശ്യവത്കരിച്ചിട്ടുണ്ട്.

രാജ്യത്തെ മുൾമുനയിൽ നിർത്തിയ കാണ്ഡഹാർ വിമാനറാഞ്ചൽ

1999ലെ ക്രിസ്തുമസ് തലേന്ന് രാജ്യം അവധി ആഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് ആശങ്ക നിറഞ്ഞ ആ വാ‍ർത്തയെത്തുന്നുന്നത്. കാഠ്മണ്ഡുവിൽ നിന്നും ഡൽഹിയിലേയ്ക്ക് തിരിച്ച ഇന്ത്യൻ എയർലൈൻസിൻ്റെ IC814 ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. വിമാനത്തിൽ യാത്രക്കാരായി കടന്ന് കൂടിയ ആയുധധാരികളായ അഞ്ച് പേരാണ് വിമാനം തട്ടിയെടുത്തത്. ആദ്യം ഈ വാ‍ർത്ത അറിഞ്ഞപ്പോൾ, ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ പോലും പതറി പോയിരുന്നു എന്ന് വേണം അനുമാനിക്കാൻ. ഇന്ത്യയുടെ തുടക്കത്തിലെയുള്ള പ്രതികരണം വൈകിയെന്നും ഒരു മണിക്കൂറിന് ശേഷം മാത്രമാണ് വിമാനം റാഞ്ചിയതിനെ പറ്റി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയെപ്പോലും അറിയിച്ചതെന്ന ആക്ഷേപം ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ജീവനക്കാരും യാത്രക്കാരും അടക്കം 180 പേരുമായാണ് നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ എയർലൈൻസിന്റെ IC814 ഇന്ത്യയിലേയ്ക്ക് തിരിച്ചത്. പറന്നുയർന്ന് 40-ാം മിനിട്ടിൽ തന്നെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടു

ജീവനക്കാരും യാത്രക്കാരും അടക്കം 180 പേരുമായാണ് നേപ്പാളിൻ്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ എയർലൈൻസിന്റെ IC814 ഇന്ത്യയിലേയ്ക്ക് തിരിച്ചത്. പറന്നുയർന്ന് 40-ാം മിനിട്ടിൽ തന്നെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടു. ക്യാപ്റ്റൻ ദേവി ശരണോട് 'പടിഞ്ഞാറോട്ട്' പറക്കാനായിരുന്നു വിമാനറാഞ്ചികളുടെ ആജ്ഞ. ആയുധധാരികളായ സംഘം ബോംബ് ഭീഷണി മുഴക്കിയാണ് ക്യാപ്റ്റനെ മുൾമുനയിൽ നിർത്തിയത്. പാകിസ്താനിലെ ലാഹോറിൽ വിമാനം ഇറക്കുക എന്നതായിരുന്നു ഹൈജാക്കേഴ്സിന്റെ പദ്ധതി. എന്നാൽ പാകിസ്താനി എയർ ട്രാഫിക്ക് കൺട്രോൾ വിമാനത്തിന് ലാഹോറിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ കൂടുതൽ ദൂരം പറക്കാനുള്ള ഇന്ധനം വിമാനത്തിലില്ലെന്ന് ക്യാപ്റ്റൻ ഹൈജാക്കേഴ്സിനെ അറിയിച്ചു. ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം അമൃത്സർ വിമാനത്താവളത്തിലേയ്ക്ക് പറക്കാൻ ഹൈജാക്കേഴ്സ് ക്യാപ്റ്റന് അനുമതി നൽകി.

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടെന്നും ഇന്ധനം നിറയ്ക്കാൻ അമൃത്സറിൽ ഇറങ്ങുമെന്നും ഇന്ത്യൻ അധികൃതർ‌ക്ക് ക്യാപ്റ്റൻ ദേവി ശരണിന്റെ അറിയിപ്പ് ലഭിച്ചു. അമൃത്സറിൽ‌ ഇറങ്ങിയ വിമാനത്തെ പരമാവധി വൈകിപ്പിക്കാനായിരുന്നു ഇന്ത്യൻ അതികൃതരുടെ നീക്കം. ഇതിനിടെ വിമാനത്തിൻ്റെ ടയറിന്റെ കാറ്റഴിച്ച് വിടുന്നതിനായി ഇന്ധന ടാങ്കറിനെ പിന്തുടരാൻ സജ്ജരായിരുന്ന പഞ്ചാബ് പൊലീസിലെ കമാൻഡോകൾക്ക് നിർദ്ദേശവും നൽകിയിരുന്നു. വിമാനത്തിന്റെ വഴിമുടക്കാൻ നിർദ്ദേശിച്ച് ഒരു ഇന്ധന ടാങ്കറിനെ അയച്ചിരുന്നു. വളരെ വേ​ഗത്തിൽ ടാങ്കർ ഓടിച്ച ഡ്രൈവറോട് വേ​ഗത കുറയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ഡ്രൈവർ ടാങ്കർ നിർത്തുകയാണ് ചെയ്തത്. ഇത് ഹൈജാക്കമാരിൽ സംശയമുണ്ടാക്കിയെന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. എന്തായാലും ഇതിന് പിന്നാലെ വീണ്ടും പറന്നുയരാൻ ഹൈജാക്കേഴ്സ് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. അഞ്ച് യാത്രക്കാരെ കൈകൾ ബന്ധിച്ച് മുൻവശത്തെ സീറ്റുകളിൽ ഇരുത്തി, വിമാനം ഉടൻ പറന്നുയർന്നില്ലെങ്കിൽ ഈ ബന്ദികളെ വധിക്കുമെന്നായിരുന്നു വിമാനറാഞ്ചികളുടെ ഭീഷണി ഉയർത്തി. മറ്റുമാർഗ്ഗങ്ങളില്ലാതെ അമൃത്സർ വിമാനത്താവളത്തിൽ നിന്നും വിമാനം വീണ്ടും പറന്നുയർന്നു. ഇതിന് തൊട്ട് പിന്നാലെ പ്രത്യേക പരിശീലനം സിദ്ധിച്ച എൻഎസ്ജി കമാൻഡോകൾ അമൃത്സർ വിമാനത്താവളത്തിൽ എത്തിച്ചേർന്നെങ്കിലും വൈകിപ്പോയിരുന്നു.

മതിയായ ഇന്ധനമില്ലാതെ ലാഹോർ ലക്ഷ്യമാക്കി വിമാനം വീണ്ടും പറന്നു. ഹൈജാക്ക് ചെയ്യപ്പെട്ട വിമാനം ലാഹോറിൽ ഇറക്കുന്നതിന് വീണ്ടും അനുമതി നിഷേധിക്കപ്പെട്ടു. പാകിസ്താൻ അധികൃതർ വിമാനത്താവളത്തിലെ എല്ലാ ലൈറ്റുകളും നാവിഗേഷൻ സൗകര്യങ്ങളും സ്വിച്ച് ഓഫ് ചെയ്തു. ഒടുവിൽ വിമാനം ക്രാഷ്ലാൻഡ് ചെയ്യാൻ ക്യാപ്റ്റൻ തീരുമാനിച്ചു. എന്നാൽ ഇതിന് തൊട്ടുമുമ്പായി ഇന്ധനം നിറയ്ക്കുന്നതിന് മാത്രമായി വിമാനം ഇറക്കാൻ പാകിസ്താൻ അധികൃതർ അനുമതി നൽകി. ഇതിനിടയിൽ വിമാനം ലാഹോർ വിടുന്നത് തടയണമെന്ന് പാകിസ്താൻ അധികൃതരോട് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കണമെന്ന് പാകിസ്താൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും വിമാനറാഞ്ചികൾ അത് അംഗീകരിച്ചില്ല. വിമാനം വീണ്ടും പറന്നുയരുന്നത് തടയാൻ പാകിസ്താൻ അധികൃതർ വീണ്ടും റൺവേയിലെ ലൈറ്റുകൾ അണയ്ക്കുകയും കമാൻഡോകളെ വിമാനത്തിന് സമീപം അണിനിരത്തുകയും ചെയ്തു. എന്നാൽ പിന്നീട് വിമാനം പറന്നുയരുകയായിരുന്നു.

ലാഹോറിൽ നിന്നും പറന്നുയർന്ന വിമാനം ആദ്യം അഫ്ഗാനിസ്താനാണ് ലക്ഷ്യം വെച്ചത്. എന്നാൽ രാത്രി ലാൻഡ് ചെയ്യാനുള്ള സൗകര്യം കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ല. ഒമാനിൽ വിമാനമിറക്കാൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. പിന്നാലെ യുഎഇയിലെ ദുബായ് വിമാനത്താവളത്തിൽ ഇറക്കാൻ അനുമതി തേടി. എന്നാൽ അവരും അനുമതി നിഷേധിച്ചു. ഒടുവിൽ യുഎഇയിലെ അൽ മിൻഹാദ് എയർ ബേസിൽ വിമാനം ഇറക്കാൻ അനുമതി ലഭിച്ചു. ഇവിടെ വെച്ച് വിമാനത്തിലുണ്ടായിരുന്ന 27 യാത്രക്കാരെയും ഹൈജാക്കർമാരിൽ ഒരാളായ സഹൂർ മിസ്ത്രി കൊലപ്പെടുത്തിയ രൂപിൻ കത്യാലിൻ്റെ മൃതദേഹവും റാഞ്ചികൾ അധികൃതർക്ക് കൈമാറി. ഇതിനിടയിൽ ബന്ധികളെ രക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള കമാൻഡോ സംഘത്തിന് ഓപ്പറേഷൻ നടത്താൻ അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം യുഎഇ അധികൃതർ നിരസിച്ചു.

പിന്നീടുള്ള ആറ് ദിവസങ്ങളോളം ചർച്ചകൾ തീരുമാനമാകാതെ നീണ്ടു. ഇതിനിടയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി യാത്രക്കാരുടെ ബന്ധുക്കളുടെ പ്രതിഷേധങ്ങൾ ശക്തമായി. ടെലിവിഷൻ ചാനലുകൾ കുടുംബങ്ങളുടെ പ്രതിഷേധവും പ്രതികരണവും വലിയ വാർത്തയാക്കി മാറ്റി. ഇതോടെ വാജ്പേയി സർക്കാർ കൂടുതൽ പ്രതിരോധത്തിലായി

പിന്നീട് അഫ്ഗാനിലേയ്ക്ക് പറന്ന വിമാനം അവിടെ കാണ്ഡഹാറിൽ ലാൻഡ് ചെയ്തു. ഇതിനിടെ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കണമെന്ന ആവശ്യമായി ബന്ധുക്കളുടെ പ്രതിഷേധം ഇന്ത്യയിൽ തുടങ്ങിയിരുന്നു. ഇന്ത്യൻ അധികൃതരും വിമാന റാഞ്ചികളും തമ്മിലുള്ള അനുരഞ്ജന ചർച്ചകൾക്ക് ഇന്ത്യയുമായി നയതന്ത്രബന്ധമില്ലാതിരുന്ന അഫ്ഗാനിലെ താലിബാൻ ഭരണകൂടം മധ്യസ്ഥരായി. പിന്നീടുള്ള ആറ് ദിവസങ്ങളോളം ചർച്ചകൾ തീരുമാനമാകാതെ നീണ്ടു. ഇതിനിടയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി യാത്രക്കാരുടെ ബന്ധുക്കളുടെ പ്രതിഷേധങ്ങൾ ശക്തമായി. ടെലിവിഷൻ ചാനലുകൾ കുടുംബങ്ങളുടെ പ്രതിഷേധവും പ്രതികരണവും വലിയ വാർത്തയാക്കി മാറ്റി. ഇതോടെ വാജ്പേയി സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. ഇന്ത്യയിലുള്ള 36 തടവുകാരെ മോചിപ്പിക്കാനും 200 മില്യൺ ഡോളർ മോചനദ്രവ്യമായി നൽകാനുമായിരുന്നു വിമാനറാഞ്ചികളുടെ ആവശ്യം.

തട്ടിക്കൊണ്ടു പോയി കാണ്ഡഹാറിൽ ഇറക്കിയ IC814ന് സമീപം റോന്ത് ചുറ്റുന്ന താലിബാൻ സൈനികർ
തട്ടിക്കൊണ്ടു പോയി കാണ്ഡഹാറിൽ ഇറക്കിയ IC814ന് സമീപം റോന്ത് ചുറ്റുന്ന താലിബാൻ സൈനികർ

താലിബാൻ ഭരണകൂടത്തിൻ്റെ മധ്യസ്ഥ ശ്രമങ്ങളെ തുടർന്ന് ബന്ധികളെ മോചിപ്പിക്കാൻ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ പലതും റാഞ്ചികൾ ഉപേക്ഷിച്ചിരുന്നു. താലിബാൻ സർക്കാരിൻ്റെ അഭ്യർത്ഥനയെ തുടർന്ന് വിമാനറാഞ്ചികൾ 200 മില്യൺ ഡോളർ മോചനദ്രവ്യവും ഉത്തരേന്ത്യയിൽ കുഴിച്ചിട്ട കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ മൃതദേഹം തിരികെ നൽകാനുള്ള ആവശ്യവും പിൻവലിച്ചതായി താലിബാൻ വിദേശകാര്യ മന്ത്രി അബ്ദുൾ വക്കീൽ മുഫവാക്കിലായിരുന്നു മാധ്യമങ്ങളെ അറിയിച്ചത്. ഒടുവിൽ ഇന്ത്യയിൽ തടവിൽ കഴിഞ്ഞിരുന്ന ഭീകരവാദി നേതാക്കളായ അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മസൂദ് അസ്ഹർ, മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെ ബന്ദികൾക്ക് പകരമായി മോചിപ്പിക്കാൻ തീരുമാനമായി. ഒടുവിൽ ഡിസംബർ 30ന് വൈകുന്നേരം ബന്ദികളുടെ മോചനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പിക്കാൻ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് അഫ്ഗാനിലെത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായിരുന്നു തടവുകാരെ ബന്ധികൾക്ക് പകരമായി കൈമാറിയത്.

മോചിപ്പിക്കപ്പെട്ട ബന്ധികൾ
മോചിപ്പിക്കപ്പെട്ട ബന്ധികൾ

അങ്ങനെ പുതുവർഷ തലേന്ന് വിമാനത്തിൽ ബാക്കിയുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമായ 155 പേരും പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ ഇന്ത്യയിലേയ്ക്ക് പറന്നു. ഏഴുദിവസത്തെ സംഭവബഹുലമായ അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നായിരുന്നു ആ മടക്കം. പിന്നീട് IC 814 റാഞ്ചിയത് മുതൽ വിട്ടയയ്ക്കപ്പെടുന്നത് വരെയുള്ള സംഭവപരമ്പരകൾ ക്യാപ്റ്റൻ ദേവി ശരൺ പുസ്തകമാക്കി. ആ പുസ്തകത്തെ അധികരിച്ചാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ആ സംഭവവികാസങ്ങൾ പരമ്പരയായി മാറിയിരിക്കുന്നത്. 'IC 814: ദി കാണ്ഡഹാർ ഹൈജാക്ക് സ്റ്റോറി' രാജ്യത്തെ പിടിച്ചു കുലുക്കിയ ഒരു രാഷ്ട്രീയ വിഷയത്തിൻ്റെ കൂടി ഓർമ്മകളാണ് ഉണർത്തുന്നത്.

നയതന്ത്രപരാജയത്തിൻ്റെ കറുത്ത ഏട്

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീൻ (HuM) അംഗങ്ങളായ ഇബ്രാഹിം അത്താർ, ഷാഹിദ് അക്തർ സെയ്ദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവരായിരുന്നു അഞ്ച് ഹൈജാക്കർമാർ. ഇന്ത്യ മോചിപ്പിച്ച ഭീകരന്മാർ പിന്നീട് രാജ്യത്തിനെതിരെ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളികളായിരുന്നു. ബന്ധികൾക്ക് പകരം ഇന്ത്യ മോചിപ്പിച്ച മസൂദ് അസ്ഹർ സ്ഥാപിച്ച ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ നടന്ന വിവിധ ആക്രമണങ്ങൾക്ക് പിന്നീട് ചുക്കാൻ പിടിച്ചു. 2001ലെ പാർലമെൻ്റ് ആക്രമണത്തിനും 2008ലെ മുംബൈ ഭീകരാക്രമണത്തിനും 40 സൈനീകർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിനും നേതൃത്വം നൽകിയത് ജെയ്ഷെ മുഹമ്മദ് ആയിരുന്നു. അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്.

IC 814നെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ട് പോയ ഹൈജാക്കർമാർ ഉപയോഗിച്ച ഇന്ത്യൻ എയർലൈൻസ് ടിക്കറ്റുകൾ പിന്നീട് കണ്ടെടുത്തിരുന്നു. പാകിസ്താൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തർ താമസിച്ചിരുന്ന താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നായിരുന്നു ഈ ടിക്കറ്റുകൾ കണ്ടെത്തിയത്.

വിമാനം തട്ടിക്കൊണ്ട് പോയ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വാജ്പേയിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുന്ന അന്നത്തെ ആഭ്യന്തരമന്ത്രി അദ്വാനി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർ
വിമാനം തട്ടിക്കൊണ്ട് പോയ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വാജ്പേയിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുന്ന അന്നത്തെ ആഭ്യന്തരമന്ത്രി അദ്വാനി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർ

IC 814 തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസികളുടെ പരാജയവും നയതന്ത്ര പരാജയവും ഒരുപോലെ ചർച്ചയായിരുന്നു. വാജ്പേയി സർക്കാരിൻ്റെ പരാജയം എന്ന നിലയിൽ തന്നെയാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. വിമാനം അമൃത്സർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് വലിയ പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസിസന്ധി കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ബന്ധികൾക്ക് പകരം മൂന്ന് കൊടുംഭീകരരെ വിട്ടുകൊടുക്കേണ്ടി വന്നത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയും അപമാനവുമാണെന്ന അന്ന് തന്നെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയെ സംബന്ധിച്ച് കൊടിയ അപമാനം എന്നായിരുന്നു വിഷയത്തിൽ അന്നത്തെ ഇൻ്റലിജൻസ് ബ്യൂറോ തലവനായിരുന്ന അജിത് ഡോവലിൻ്റെ പ്രതികരണം. വാജ്പേയി സർക്കാരിൻ്റെ കാലഘട്ടം അനുസ്മരിക്കുമ്പോൾ നയതന്ത്രപരാജയത്തിൻ്റെ ഈ കറുത്ത ഏട് എല്ലാക്കാലവും മുഴച്ച് നിൽക്കുമെന്നത് തീർച്ചയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com