വൈഎസ്ആ‍ർ എന്ന വൻ മരത്തിന്റെ 'തണലിൽ' അഭയം തേടി കോൺ​ഗ്രസ്; തോറ്റാലും ജയിച്ചാലും ബിജെപിക്ക് നേട്ടം

കോണ്‍ഗ്രസ് ഒഴികെ ആര് ജയിച്ചാലും നേട്ടം ബിജെപിക്കാണ് എന്നതാണ് ആന്ധ്രയിലെ വിചിത്രമായ രാഷ്ട്രീയ സമവാക്യം
വൈഎസ്ആ‍ർ എന്ന വൻ മരത്തിന്റെ 'തണലിൽ' അഭയം തേടി കോൺ​ഗ്രസ്; തോറ്റാലും ജയിച്ചാലും ബിജെപിക്ക് നേട്ടം

ആന്ധ്രയിലെ തിരിച്ചുവരവിന് വൈഎസ്ആറിന്റെ ലെഗസിയെ ചേര്‍ത്തു പിടിക്കുകയാണ് കോണ്‍ഗ്രസ്. പ്രതാപകാലത്തേയ്ക്ക് തിരിച്ച് നടക്കണമെങ്കില്‍ കോണ്‍ഗ്രസിന് വൈഎസ്ആറിന്റെ ഓര്‍മ്മകളും മകള്‍ ശര്‍മ്മിളയുടെ കൈത്താങ്ങും അത്യാവശ്യമാണ്. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ ശര്‍മ്മിളയാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്നീട് വൈഎസ്ആര്‍ടിപിയും രൂപീകരിക്കാന്‍ മുന്‍കൈയ്യെടുത്ത ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിരുന്നു. നിലവില്‍ ആന്ധ്രയിലെ പിസിസി അധ്യക്ഷയാണ് ശര്‍മ്മിള. 25 ലോക്‌സഭാ സീറ്റുള്ള ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുന്തമുനയും ശര്‍മ്മിളയാണ്.

ശര്‍മ്മിള കോണ്‍ഗ്രസിന് വേണ്ടി രംഗത്ത് വന്നതോടെ സംസ്ഥാനത്തെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് കുടുംബ പോരാട്ടത്തിന്റെ വേദി കൂടിയാവുകയാണ്. വൈഎസ്ആര്‍ റെഡ്ഡിയുടെ കുടുംബം രണ്ട് തട്ടില്‍ നിന്നുകൊണ്ടുള്ള പോരാട്ടം. വൈഎസ്ആറിന്റെ മകനായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ഒരു ഭാഗത്ത്. സഹോദരി വൈ എസ് ശര്‍മ്മിളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികളുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്. ബിജെപി - ടിഡിപി - ജനസേനാ എന്നിവര്‍ ചേരുന്ന എന്‍ഡിഎ സഖ്യം മൂന്നാംശക്തിയാണ്. ഈ നിലയില്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ത്രികോണ മത്സരത്തിനാണ് ആന്ധ്ര തയ്യാറെടുക്കുന്നത്.

ടിഡിപിയെയോ, വൈഎസ്ആര്‍സിപിയെയോ പരാജയപ്പെടുത്തുന്ന നിലയിലേയ്ക്കുള്ള ജനപ്രീതി ശര്‍മ്മിളയ്ക്ക് നേടാനായാല്‍ ആന്ധ്രയിലെ ഗെയിം ചെയ്ഞ്ചര്‍ എന്ന ഗ്യാതി ശര്‍മ്മിളയ്ക്കുള്ളതാകും

വൈ എസ് ശര്‍മ്മിളയെന്ന കോണ്‍ഗ്രസ് തുറുപ്പുചീട്ട്

ആന്ധ്രയിലെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടം നയിക്കാന്‍ ഒടുവില്‍ കോണ്‍ഗ്രസ് വൈഎസ്ആര്‍ റെഡ്ഡിയുടെ കുടുംബത്തിനുള്ളില്‍ നിന്ന് തന്നെ ആളെ കണ്ടെത്തിയിരിക്കുകയാണ്. ശര്‍മ്മിളയുടെ വരവോടെ പാര്‍ട്ടിയെന്നാല്‍ വൈ എസ് ശര്‍മ്മിള എന്ന നിലയിലേയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടി മാറിയിട്ടുണ്ട്. തെലങ്കാനയില്‍ പയറ്റി വിജയിച്ച ആതേ തന്ത്രം ആന്ധ്രയിലും വിജയം കാണുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. രേവന്ദ് റെഡ്ഡി എപ്രകാരമാണോ ടിആര്‍എസ്സില്‍ നിന്ന് തെലങ്കാനയെ പിടിച്ചെടുത്തത് സമാനമായ നേട്ടമാണ് കോണ്‍ഗ്രസ് ശര്‍മ്മിളയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

വൈഎസ്ആര്‍ കുടുംബത്തിന്റെ തട്ടകമായ കടപ്പയിലേക്കാണ് എല്ലാ കണ്ണുകളും. മണ്ഡലത്തിലെ വൈഎസ്ആര്‍സിപിയുടെ സിറ്റിങ് എംപിയും വൈഎസ്ആര്‍ കുടുംബാഗവുമായ വൈ എസ് അവിനാഷ് റെഡ്ഡിയുടെ എതിരാളി ശര്‍മ്മിളയാണ്. 1989 മുതല്‍ വൈഎസ്ആര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് കടപ്പ മണ്ഡലം. ഇതുമാത്രമല്ല കടപ്പ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുലിവെന്ദുല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ശര്‍മ്മിളയുടെ സഹോദരനും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി മത്സരിക്കുന്നത്. വൈഎസ് രാജശേഖരറെഡ്ഡിയുടെ ഭാര്യയും ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മയുമായ വൈ എസ് വിജയമ്മയുടെ പിന്തുണ മകള്‍ ശര്‍മ്മിളയ്ക്കാണെന്നതും പോരിന് മറ്റൊരു മാനം നല്‍കുന്നു.

വൈഎസ്ആറിന്റെ സഹോദരനും ജഗന്റെയും ശര്‍മ്മിളയുടെയും പിതൃസഹോദരനുമായ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം കടപ്പയിലെ തിരഞ്ഞെടുപ്പില്‍ ഇത്തവണ നിര്‍ണ്ണായകമാകും. 2019ലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയായിരുന്നു വിവേകാനന്ദ കൊല്ലപ്പെടുന്നത്. കേസ് ഇപ്പോള്‍ സിബിഐ കോടതിയിലാണ്. വിവേകാന്ദ റെഡ്ഡിയുടെ മകള്‍ സുനിത നരറെഡ്ഡിയുടെ പിന്തുണയും ശര്‍മ്മിളയ്ക്കാണ്. ശര്‍മ്മിളയും സുനിതയും ഒരേ സ്വരത്തിലാണ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകികളെ ജഗന്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത്. ശര്‍മ്മിളയുടെ എതിര്‍ സ്ഥാനാര്‍ത്ഥി അവിനാഷ് റെഡ്ഡി വിവേകാന്ദയുടെ കൊലപാതകത്തില്‍ പ്രതിപട്ടികയിലാണ്. ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലം കൂടി കടപ്പയിലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കോണ്‍ഗ്രസ് ഒഴികെ ആര് ജയിച്ചാലും നേട്ടം ബിജെപിക്കാണ് എന്നതാണ് ആന്ധ്രയിലെ വിചിത്രമായ രാഷ്ട്രീയ സമവാക്യം

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതുമുഖമല്ല ശര്‍മ്മിള. പിതാവും ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന വൈഎസ്ആര്‍ റെഡ്ഡിയുടെ പദയാത്രകളെ ഓര്‍മ്മിപ്പിക്കും വിധം ആന്ധ്രയില്‍ പദയാത്രകള്‍ നടത്തി ശ്രദ്ധ നേടിയ നേതാവാണ് ശര്‍മ്മിള. 2014 ലും 2019 ലും ജഗന്‍മോഹന്‍ റെഡ്ഡിക്ക് വേണ്ടി ശര്‍മ്മിള യാത്രകള്‍ നടത്തി.

2009ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ റെഡ്ഡി മരിച്ചതോടെ അന്ന് ആന്ധ്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ജഗനെയും കുടുംബത്തെയും അകറ്റി നിര്‍ത്തി, ഒറ്റപ്പെടുത്തി. അതോടെയാണ് ജഗന്‍, വൈഎസ്ആര്‍സിപി രൂപീകരിച്ചത്. അന്ന് അമ്മയും സഹോദരി ശര്‍മ്മിളയും ജഗനൊപ്പം നിന്നു. അന്ന് മൂവരും സംസ്ഥാനത്തുടനീളം നടത്തിയ പദയാത്രയാണ് 2019 ലെ ആന്ധ്ര തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിലേക്ക് ജഗനെ നയിച്ചത്.

2019 ഓടെയാണ് ഇവര്‍ക്കിടയില്‍ വിള്ളലുകളുണ്ടാകുന്നത്. ബന്ധുക്കളെ അകറ്റി നിര്‍ത്തി ഭരണം നടത്തിയ ജഗന്‍മോഹന്‍ സഹോദരിയെ വേണ്ടത്ര പരിഗണിച്ചില്ല. നല്‍കിയ ചെറിയ അവസരങ്ങള്‍ ശര്‍മ്മിള സ്വീകരിച്ചതുമില്ല. ഇതോടെ തന്റെ തട്ടകം തെലങ്കാനയിലേക്ക് മാറ്റിയ ശര്‍മ്മിള 2021ല്‍ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി രൂപീകരിച്ചു. ഈ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുകൊണ്ടാണ് ശര്‍മ്മിളയും അമ്മ വൈഎസ് വിജയമ്മയും ആന്ധ്ര രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നത്.

ആന്ധ്രാ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള ശര്‍മ്മിള, പിതാവിന്റെ പാരമ്പര്യം പേറുന്ന നേതാവുകൂടിയാണെന്നത്‌ കോണ്‍ഗ്രസിന് ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ടിഡിപിയെയോ, വൈഎസ്ആര്‍സിപിയെയോ പരാജയപ്പെടുത്തുന്ന നിലയിലേയ്ക്കുള്ള ജനപ്രീതി ശര്‍മ്മിളയ്ക്ക് നേടാനായാല്‍ ആന്ധ്രയിലെ ഗെയിം ചെയ്ഞ്ചര്‍ എന്ന ഗ്യാതി ശര്‍മ്മിളയ്ക്കുള്ളതാകും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആന്ധ്രയിലുടനീളം ന്യായ് യാത്രയുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് ശര്‍മ്മിള. യാത്രയിലുടനീളം വൈഎസ്ആര്‍സിപിയെയും ടിഡിപിയെയും കടുത്ത ഭാഷയില്‍ അവര്‍ വിമര്‍ശിക്കുന്നുണ്ട്. സിദ്ധം അഥവാ തയ്യാര്‍ എന്നതാണ് വൈഎസ്ആര്‍സിപിയുടെ മുദ്രാവാക്യം. ഒരിക്കല്‍ കൂടി സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടണോ എന്നാണ് ഇതിനെതിരെ യാത്രയിലെല്ലാം ശര്‍മ്മിള മറുചോദ്യമുന്നയിക്കുന്നത്. 2.30 ലക്ഷം ജോലി നല്‍കും എന്ന വാഗ്ദാനം ജഗന്‍ പാലിച്ചില്ലെന്നതാണ് ശര്‍മ്മിള ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. സംസ്ഥാനത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മ, ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന ആയുധമാണ്. എന്നാല്‍ സഹോദരിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് പകരം കുടുംബത്തെ പിരിച്ചുവെന്നതാണ് കോണ്‍ഗ്രസിനെതിരെ ജഗന്‍ തൊടുക്കുന്ന ആരോപണം.

'ഗ്രൗണ്ട് സീറോ'യില്‍ നിന്നാണ് പഴയ പ്രതാപ കാലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്

ശര്‍മ്മിള നയിക്കുന്ന കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ വൈഎസ്ആര്‍സിപിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുന്നത് ഗുണം ചെയ്യുക എന്‍ഡിഎ മുന്നണിക്കായിരിക്കുമെന്നതാണ് വിലയിരുത്തല്‍. ത്രികോണ മത്സരം നടക്കുന്ന ആന്ധ്രയില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. പ്രതാപകാലം തിരച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികള്‍ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ വൈഎസ്ആറും പാര്‍ലമെന്റിലെ അംഗസംഖ്യ 400 ലെത്തിക്കാന്‍, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണശ്രദ്ധ കൊടുത്ത് എന്‍ഡിഎയും ആഞ്ഞ് പയറ്റുമ്പോള്‍ ആന്ധ്രയില്‍ മത്സരം കടുക്കുകയാണ്.

ഒറ്റ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക പ്രശ്‌നങ്ങളും ജഗന്‍ സര്‍ക്കാരിനെതിരായ ജനകീയ വികാരവുമെല്ലാം ആന്ധ്രയില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. ആന്ധ്രയില്‍ മെയ് 13നാണ് നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 175 സീറ്റുകളുള്ള നിയമസഭയില്‍ 88 സീറ്റിലധികം നേടി കേവലഭൂരിപക്ഷം നേടുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസാണ്, 151 സീറ്റ്. അതായത് നിയമസഭയില്‍ ആകെയുള്ളതിന്റ നാലില്‍ മൂന്നിലേറെയും എംഎല്‍എമാര്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയുടേതാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് (ടിഡിപി) 23 സീറ്റ് മാത്രമാണ് നേടാനായത്. ബിജെപിക്കും കോണ്‍ഗ്രസിനും ആന്ധ്രാപ്രദേശിലെ നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമല്ല, 2014 ല്‍ 25 ല്‍ 15 സീറ്റുണ്ടായിരുന്ന ടിഡിപിക്ക് 2019ല്‍ അത് വെറും മൂന്നായി കുറഞ്ഞു. എട്ട് സീറ്റില്‍ നിന്ന് വൈഎസ് ആര്‍ കോണ്‍ഗ്രസ് 22 സീറ്റെന്ന വലിയ വിജയത്തിലേക്കാണ് എത്തിയത്. 2014ല്‍ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി 2019 ല്‍ പൂജ്യത്തിലേക്കാണ് വീണത്. കോണ്‍ഗ്രസിന് 2014ലും 2019ലും ഒരു സീറ്റ് പോലും നേടാനുമായിട്ടില്ല. അന്നും ഇന്നും നഷ്ടപ്പെടാന്‍ ഒരു സീറ്റുപോലും കോണ്‍ഗ്രസിനില്ലെന്ന് ചുരുക്കും. 'ഗ്രൗണ്ട് സീറോ'യില്‍ നിന്നാണ് പഴയ പ്രതാപ കാലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

എന്നാല്‍ 2019ല്‍ പൂജ്യത്തിലേയ്ക്ക് ഒതുങ്ങിയെങ്കിലും ഇത്തവണ ബിജെപിക്ക് ആന്ധ്രയില്‍ ലക്ഷ്യങ്ങള്‍ പലതാണ്. ഒറ്റയ്ക്ക് മത്സരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ടിഡിപിയോട് സഖ്യം ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഒഴികെ ആര് ജയിച്ചാലും നേട്ടം ബിജെപിക്കാണ് എന്നതാണ് ആന്ധ്രയിലെ വിചിത്രമായ രാഷ്ട്രീയ സമവാക്യം. 2019ല്‍ രാജ്യസഭയില്‍ ബിജെപിയുടെ നിശബ്ദ സഹയാത്രികരായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ്. സഖ്യത്തിലില്ലാതെ ബിജെപിക്ക് ഒപ്പം നീന്തുന്ന ആ ജഗന്‍ തന്ത്രം ഭാവിയിലും മാറ്റമില്ലാതെ തുടരുമെന്ന് ബിജെപിക്ക് ഉറപ്പിക്കാന്‍ എളുപ്പമാണ്. കഴിഞ്ഞ കാലങ്ങളില്‍ സുപ്രധാന ഘട്ടങ്ങളിലെല്ലാം വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയോട് ചായ്‌വ് കാണിച്ചിട്ടുണ്ട്.

ടിഡിപി 17 സീറ്റിലും ബിജെപി ആറ് സീറ്റിലും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടി രണ്ട് സീറ്റുകളിലേക്കുമാണ് മത്സരിക്കുന്നത്. നിയമസഭയിലേക്ക് 144 സീറ്റുകളിലേക്ക് ടിഡിപി മത്സരിക്കുമ്പോള്‍ 10 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്. 21 സീറ്റില്‍ ജെഎസ്പിയും മത്സരിക്കുന്നു.

ആന്ധ്രപ്രദേശ് രണ്ടായി വിഭജിക്കപ്പെട്ട ശേഷം നടക്കുന്ന രണ്ടാമത്തെ നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് 2024 ലേത്. 2014 ജൂണിലായിരുന്നു സംസ്ഥാനം അന്ധ്രാപ്രദേശ് തെലങ്കാനയെന്നും രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ചത്. സംസ്ഥാന വിഭജനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 2018ല്‍ തെലങ്കാനയില്‍ ടിആര്‍എസും (നിലവിലെ ബിആര്‍എസ്) 2019ല്‍ ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ഭരണത്തിലെത്തി. നിലവില്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലാണ് തെലങ്കാന. ആന്ധ്ര കൂടി പാര്‍ട്ടിക്ക് കീഴിലാക്കുക എന്നതാണ് ശര്‍മ്മിളയെ രംഗത്തിറക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. തെലുങ്കു മണ്ണ് പൂര്‍ണ്ണമായും കോണ്‍ഗ്രസിന്റെ കൈപ്പിടിയിലാകുമോ എന്ന് കണ്ടറിയണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com