അമേഠിയിൽ ആരെന്ന ചോദ്യം ബാക്കി; രാഹുലിന്റെ വയനാട് മിഷൻ 2.0 ബിജെപി വിരുദ്ധ പോരാട്ടത്തെ സ്വാധീനിക്കുമോ?

2024-ലെ പൊതുതിരഞ്ഞെടുപ്പിന് കാഹളം ഉയരുമ്പോൾ രാജ്യത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലം എന്ന നിലയിലേയ്ക്ക് വയനാട് ലോക്സഭാ മണ്ഡലം മാറിയിട്ടുണ്ട്
അമേഠിയിൽ ആരെന്ന ചോദ്യം ബാക്കി; രാഹുലിന്റെ വയനാട് മിഷൻ 2.0 ബിജെപി വിരുദ്ധ പോരാട്ടത്തെ സ്വാധീനിക്കുമോ?

രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഏഴു ദശകം പൂർത്തീകരിക്കുകയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് കാഹളം ഉയരുമ്പോൾ രാജ്യത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലം എന്ന നിലയിലേയ്ക്ക് വയനാട് ലോക്സഭാ മണ്ഡലം മാറിയിട്ടുണ്ട്. 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായ രണ്ട് കക്ഷികളുടെ ദേശീയ നേതാക്കൾ തന്നെ നേരിട്ട് ഏറ്റുമുട്ടുന്ന ഇവിടെ ബിജെപി നിയോഗിച്ചിരിക്കുന്നത് സംസ്ഥാനത്തെ അവരുടെ പരമോന്നത നേതാവിനെ തന്നെയാണ്. സുരക്ഷിത മണ്ഡലമെന്നത് പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ രണ്ടാമൂഴത്തിന് ഇറങ്ങുന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷികളായ സിപിഐഎമ്മും സിപിഐയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ഇതിനകം പരസ്യ വിമർശനം ഉയർത്തി കഴിഞ്ഞു. 'വെറുപ്പിന്റെ കടയിൽ സ്നേഹം വിൽക്കു'മെന്ന രാഹുൽ ഗാന്ധിയുടെ വൈറലായ വാക്കുകളോട് പക്ഷെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മണ്ഡലം തിരഞ്ഞെടുത്തപ്പോൾ രാഹുൽ ഗാന്ധി നീതിപുലർത്തിയോ എന്ന ചോദ്യം എന്തായാലും ബാക്കിയാണ്.

എന്തായാലും ഒരു തിരഞ്ഞെടുപ്പ് മത്സരത്തിനായി നെഹ്‌റു കുടുംബത്തിന്റെ ദക്ഷിണേന്ത്യയിലേയ്ക്കുള്ള നാലാം വരവിനാണ് ഇത്തവണ രാഹുൽ ഗാന്ധി നിയോഗിതനായിരിക്കുന്നത്. ഇതിന് മുമ്പ് ദക്ഷിണേന്ത്യയില്‍ നിന്ന് നെഹ്‌റു കുടുംബത്തില്‍ നിന്ന് മത്സരിച്ചവരൊന്നും ആദ്യം മത്സരിച്ച് വിജയിച്ച മണ്ഡലത്തില്‍ പിന്നീട് രണ്ടാമൂഴത്തിന് ഇറങ്ങിയിട്ടില്ല. അതിനാല്‍ തന്നെ വയനാട്ടില്‍ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ ഇതുവരെയുള്ള ആ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് രാഹുൽ‍ ഗാന്ധി.

1978-ലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു കര്‍ണ്ണാടകയിലെ ചിക്ക്മംഗ്ലൂരില്‍ നിന്നും ഇന്ദിരാ ഗാന്ധി മത്സരിക്കുന്നത്. അതുവരെ നെഹ്റു കുടുംബത്തില്‍ നിന്നൊരു നേതാവ് തെക്കേ ഇന്ത്യയില്‍ നിന്നും മത്സരിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഇന്ദിരയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്ന് കോണ്‍ഗ്രസ് വിട്ട നേതാവായിരുന്നു എ കെ ആന്റണി. ഈ തിരഞ്ഞെടുപ്പില്‍ ആന്റണിയുടെ മകന്‍ പത്തനംതിട്ടയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നത് മറ്റൊരു വിധി വൈപരീത്യം. ഒരു പൊതുതിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്ന വിധത്തില്‍ നെഹ്റു കുടുംബത്തില്‍ നിന്നൊരാള്‍ ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്നത് 1980ലായിരുന്നു. സിറ്റിങ്ങ് സീറ്റായിരുന്ന ചിക്ക്മംഗ്ലൂരില്‍ നിന്നും മാറി ആന്ധ്രാപ്രദേശിലെ മേഡക്കില്‍ നിന്നായിരുന്നു അന്ന് ഇന്ദിരയുടെ മത്സരം. ഉത്തർപ്രദേശിലെ റായ്ബറേലിയിലും ഇന്ദിരാ ഗാന്ധി മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ചെങ്കിലും മേഡക്ക് നിലനിര്‍ത്താനായിരുന്നു ഇന്ദിരയുടെ തീരുമാനം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തെ ഇന്ദിരാ ഗാന്ധി വ്യക്തിപ്രഭാവം കൊണ്ട് ഏതാണ്ട് ഒറ്റയ്ക്കു തന്നെ മറികടന്ന തിരഞ്ഞെടുപ്പായിരുന്നു 1980ലേത്. മേഡക്കില്‍ നിന്നുള്ള ജനപ്രതിനിധിയായിരിക്കെയാണ് 1984ല്‍ ഇന്ദിരാ ഗാന്ധിയെ സ്വന്തം അംഗരക്ഷര്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുന്നത്.

പിന്നീട് നെഹ്റു കുടുംബത്തില്‍ നിന്നും ഒരാള്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കാനെത്തുന്നത് 1999ലെ തിരഞ്ഞെടുപ്പിലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പ്രഭാവമെല്ലാം ഗൃഹാതുരതയായി മാറി കോണ്‍ഗ്രസ് തളര്‍ന്നു തുടങ്ങിയ കാലത്തായിരുന്നു 1999ലെ പൊതുതിരഞ്ഞെടുപ്പ് വരുന്നത്. നെഹ്റുകുടുംബത്തിനോടുള്ള ഗൃഹാതുരത ജീവശ്വാസം പകരുമെന്ന പ്രതീക്ഷയോടെ സോണിയാ ഗാന്ധി നേതൃത്വത്തില്‍ വന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ്. അന്ന് ഉത്തര്‍പ്രദേശിലെ അമേഠിയിലും കര്‍ണ്ണാടകയിലെ ബെല്ലാരിയിലുമായിരുന്നു സോണിയ മത്സരിച്ചത്. നെഹ്റുകുടുംബത്തിന്റെ പെരുമ സോണിയയിലൂടെ തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷയര്‍പ്പിച്ച് നടന്ന ആ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയിലും ഉത്തര്‍പ്രദേശിലും എന്ത് ചലനമുണ്ടാക്കിയെന്നത് ചരിത്രം. പിന്നീട് റായ്ബെറേലിയില്‍ നിന്നും വിജയിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി ബെല്ലാരിയിലെ ജനപ്രതിനിധി പദവി രാജിവെയ്ക്കുകയായിരുന്നു. അതിന് ശേഷം സോണിയ ഗാന്ധി തെക്കേ ഇന്ത്യയില്‍ നിന്നും പൊതുതിരഞ്ഞെടുപ്പിന് ഇറങ്ങിയിട്ടില്ല.

പിന്നീട് നെഹ്‌റു കുടുംബത്തില്‍ നിന്നും ഒരാള്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കാനെത്തുന്നത് രാഹുല്‍ ഗാന്ധിയാണ്. അതും കൃത്യം ഇരുപത് വർഷത്തിന് ശേഷം. 2019ല്‍ കേരളത്തിലെ വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ സിറ്റിങ്ങ് സീറ്റായ അമേഠിയില്‍ നിന്നുമായിരുന്നു രാഹുല്‍ ഗാന്ധി മത്സരിച്ചത്. അമേഠിയിലെ പരമ്പരാഗത ശക്തി കേന്ദ്രത്തില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. ഇത്തവണ രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിക്കാനിറങ്ങുമോ എന്നതിൽ വ്യക്തതയില്ല. ഇതുവരെ പത്ത് ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും ഉത്തർപ്രദേശിലെ ഏക സിറ്റിങ്ങ് സീറ്റായ റായ്ബറേലിയിലും പരമ്പരാഗത ശക്തി കേന്ദ്രമായ അമേഠിയിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

റായ്ബറേലിയിൽ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും അമേഠിയിൽ രാഹുൽ വീണ്ടും ഇറങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇത് രണ്ടും സംഭവിച്ചില്ലെങ്കിൽ അതും സവിശേഷമായ മറ്റൊരു ചരിത്രത്തിന്റെ അടയാളപ്പെടുത്തലാവും. കഴിഞ്ഞ രണ്ട് ദശകത്തിനിടെ നെഹ്റു കുടുംബത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയില്ലാതെ ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സഞ്ജയ് ഗാന്ധിയും, രാജീവ് ഗാന്ധിയും, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിച്ച് വിജയിച്ചിട്ടുള്ള അമേഠിയെ ഒഴിവാക്കി പോകാൻ ഇത്തവണ പ്രിയങ്കയ്ക്കോ രാഹുലിനോ കഴിയുമോ എന്നതും രാഷ്ട്രീയ കൗതുകമുള്ള ഒരു ചോദ്യമാകുന്നുണ്ട്.

നെഹ്റു കുടുംബത്തിന്റെ തെക്കേ ഇന്ത്യൻ സാന്നിധ്യം തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചതെങ്ങനെ?

പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിലയില്‍ ഇന്ദിരാ ഗാന്ധി മത്സരിച്ച 1980ല്‍ തെക്കേ ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസിന് 96 സീറ്റുകള്‍ ലഭിച്ചു. ആന്ധ്രയില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരിയ കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ ഇരുപത്തിയെട്ടില്‍ 27 സീറ്റും നേടി. തമിഴ്നാട്ടിലെ മുപ്പത്തിയൊമ്പത് സീറ്റില്‍ കോണ്‍ഗ്രസ് 20 സീറ്റാണ് കരസ്ഥമാക്കിയത്. സഖ്യകക്ഷിയായ ഡി എം കെ പതിനാറ് സീറ്റും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഒരു സീറ്റും നേടിയിരുന്നു. കേരളത്തില്‍ അഞ്ച് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സഖ്യകക്ഷിയായ മുസ്ലിംലീഗിന് 2 സീറ്റും ലഭിച്ചിരുന്നു. മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലെ മൂന്നു സീറ്റുകളും കോണ്‍ഗ്രസ് കരസ്ഥമാക്കി. ഇന്ദിരയുടെ വ്യക്തിപ്രഭാവം തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയെന്ന് തന്നെ നിസംശയം പറയാം. അന്ന് ഉത്തര്‍പ്രദേശില്‍ ആകെയുണ്ടായിരുന്ന എണ്‍പത്തിയഞ്ച് സീറ്റില്‍ 51സീറ്റും കോണ്‍ഗ്രസ് നേടി. നേതാവിന്റെ കരിസ്മയെന്ന നിലയില്‍ ഇന്ദിരാഗാന്ധിയുടെ സാന്നിധ്യം തെക്കേ ഇന്ത്യയിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കി കൊടുത്തിരുന്നതായി തന്നെ വിലയിരുത്താം.

എന്നാല്‍ 1999-ല്‍ സോണിയ ഗാന്ധി തെക്കേ ഇന്ത്യയില്‍ മത്സരിക്കാനെത്തിയപ്പോഴേയ്ക്കും രാഷ്ട്രീയ സാഹചര്യം മാറിയിരുന്നു. എണ്‍പത്തിയഞ്ച് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ 1999ല്‍ കോണ്‍ഗ്രസ് വിജയിച്ചത് കേവലം 10 സീറ്റില്‍ മാത്രമായിരുന്നു. സോണിയയുടെ കരിസ്മ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ജീവശ്വാസമായില്ല. ദക്ഷിണേന്ത്യയിലും 1980ലെ ഇന്ദിരാതരംഗം ആവര്‍ത്തിക്കാന്‍ സോണിയയ്ക്ക് സാധിച്ചില്ല. 42 സീറ്റുള്ള ആന്ധ്രയില്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത് 5 സീറ്റായിരുന്നു. ഇരുപത് സീറ്റുള്ള കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 8 സീറ്റ്. സഖ്യകക്ഷികളായ ലീഗിന് രണ്ടുസീറ്റും കേരളാകോണ്‍ഗ്രസിന് ഒരുസീറ്റും ലഭിച്ചു. ഇരുപത്തിയെട്ട് സീറ്റുള്ള കര്‍ണ്ണാടകയില്‍ 18 സീറ്റായിരുന്നു കോണ്‍ഗ്രസിന്റെ സമ്പാദ്യം. 1996ലെയും 1998ലെയും തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന് കര്‍ണ്ണാടകയില്‍ സീറ്റുകളുടെ എണ്ണത്തില്‍ ചെറിയൊരു നേട്ടമുണ്ടാക്കാന്‍ സാധിച്ചു.

മുപ്പത്തിയൊമ്പത് സീറ്റുള്ള തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 2 സീറ്റ് മാത്രം. എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യത്തിന് ആകെ ലഭിച്ചത് 13 സീറ്റ്. മൂന്ന് കേന്ദ്രഭരണ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റ്. തെക്കേ ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിന് 1999ൽ ലഭിച്ചത് 35 സീറ്റായിരുന്നു. 1980ലെ ഇന്ദിരാഗാന്ധിയുടെ കരിസ്മയുടെ സമീപത്തെത്താല്‍ സോണിയാ ഗാന്ധിക്ക് സാധിച്ചില്ല. ബെല്ലാരിയില്‍ ബിജെപിയിലെ സുഷമാ സ്വരാജിനെ സോണിയ അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ബെല്ലാരിയില്‍ നിന്നും രാജിവച്ച് അമേഠിയില്‍ തുടരാനായിരുന്നു സോണിയയുടെ തീരുമാനം.

2019-ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോഴും ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമൊന്നും രൂപപ്പെട്ടില്ല. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത് 29 സീറ്റുകള്‍ മാത്രമാണ്. അതില്‍ തന്നെ കേരളത്തില്‍ നിന്നും നേടിയ 15 സീറ്റുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് സീറ്റുകളുമാണ് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ പരാജയഭാരം കുറച്ചത്. 25 സീറ്റുകളുള്ള ആന്ധ്രാപ്രദേശില്‍ ഒരൊറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. 28 സീറ്റുള്ള കര്‍ണാടകയില്‍ നിന്ന് വിജയിക്കാന്‍ സാധിച്ചത് ഒരു സീറ്റില്‍ മാത്രമായിരുന്നു. കേരളത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദക്ഷിണേന്ത്യയില്‍ ഒരു തരംഗവും 2019ൽ സൃഷ്ടിച്ചില്ല എന്ന് വ്യക്തം. അമേഠിക്കൊപ്പം ദക്ഷിണേന്ത്യയില്‍ കൂടി മത്സരിക്കാനുള്ള രാഹുലിന്റെ നീക്കം ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിന് കോട്ടമല്ലാതെ നേട്ടമൊന്നും സമ്മാനിച്ചില്ല. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ഒരൊറ്റ സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. 2014ല്‍ വിജയിച്ച അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം 2019ല്‍ ദക്ഷിണേന്ത്യയിലും ഉത്തര്‍പ്രദേശിലും സവിശേഷമായ ചലനങ്ങള്‍ ഉണ്ടാക്കാതെയാണ് കടന്ന് പോയത്.

അതുകൊണ്ട് തന്നെയാണ് ചരിത്രം തിരുത്തി രാഹുൽ രണ്ടാമൂഴത്തിനായി ദക്ഷിണേന്ത്യയിൽ എത്തുമ്പോൾ അത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എന്തെങ്കിലും ചലനം ഉണ്ടാക്കുമോ എന്ന ചോദ്യം ഉയരുന്നത്. അമേഠിയിലോ റായ്ബറേലിയിലോ രാഹുൽ ഇത്തവണ മത്സരിച്ചാലും ഇല്ലെങ്കിലും രാഹുലിന്റെ ദക്ഷിണേന്ത്യൻ റീഎൻട്രി ഉത്തരേന്ത്യയിൽ സവിശേഷമായ രാഷ്ട്രീയ ചർച്ചയാകുമെന്ന് തീർച്ചയാണ്. അത് സാമുദായിക ധ്രുവീകരണ ചർച്ചയായും 'ഇൻഡ്യ' മുന്നണിയുടെ കെട്ടുറപ്പിന്റെ അഭാവത്തെ ചൂണ്ടിക്കാട്ടിയുള്ള ചർച്ചയായും ഉത്തരേന്ത്യയിൽ ബിജെപി മാറ്റുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. എന്ത് തന്നെയായാലും വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ബിജെപി വിരുദ്ധ പോരാട്ടത്തിൽ എന്ത് സ്വാധീനം സൃഷ്ടിച്ചു എന്ന് തന്നെയാവും തിരത്തെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം വിലയിരുത്തപ്പെടുക എന്ന് തന്നെ ഉറപ്പിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com