പുതുപ്പള്ളി വിധിയെഴുതി; പോളിങ് കണക്കുകള്‍ ആരെ തുണയ്ക്കും

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ തരംഗസമാനമായ വ്യത്യാസമുണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഇരുമുന്നണികളുടെയും പ്രതീക്ഷയും ആശങ്കയും കൂടിയാണ് വര്‍ദ്ധിക്കുന്നത്
പുതുപ്പള്ളി വിധിയെഴുതി; പോളിങ് കണക്കുകള്‍ ആരെ തുണയ്ക്കും

ഉമ്മന്‍ ചാണ്ടി മത്സരരംഗത്തില്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പിന് 53 വര്‍ഷത്തിന് ശേഷം പുതുപ്പള്ളി വിധിയെഴുതിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെന്ന അവകാശവാദവുമായി മകന്‍ ചാണ്ടി ഉമ്മനും പുതുപ്പള്ളിയുടെ വികസനമുരടിപ്പ് മാറ്റാനുള്ള തിരഞ്ഞെടുപ്പ് എന്ന നിലപാടുമായി ജെയ്ക് സി തോമസും മുഖാമുഖം വന്ന ഉപതിരഞ്ഞെടുപ്പില്‍ ജനവിധി ആര്‍ക്കൊപ്പമാണെന്ന ആകാംക്ഷയാണ് ഇനി ബാക്കി. സംസ്ഥാനസര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലോ പ്രതിപക്ഷത്തിന്റെ അംഗസംഖ്യയിലോ പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വലിയ വ്യത്യാസമൊന്നും ഉണ്ടാക്കില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യത്തിലും മുന്നണി ബന്ധങ്ങളിലും പാര്‍ട്ടികളുടെ ആഭ്യന്തര സമവാക്യങ്ങളിലുമെല്ലാം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ തന്നെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി ഇടതുവലതു മുന്നണികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. രാഷ്ട്രീയമായി സിപിഐഎമ്മിനെക്കാള്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായകമാണ് പുതുപ്പള്ളിയിലെ ജനവിധി.

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ തരംഗസമാനമായ വർദ്ധനവ് ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഇരുമുന്നണികളുടെയും പ്രതീക്ഷയും ആശങ്കയും കൂടിയാണ് വര്‍ദ്ധിക്കുന്നത്. ഉമ്മന്‍ ചാണ്ടി നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ സഹതാപം ചാണ്ടി ഉമ്മന് അനുകൂലമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ജെയ്ക്ക് സി തോമസ് മുന്നോട്ടുവച്ച വികസന അജണ്ട പുതുപ്പള്ളി ഏറ്റെടുത്തുവെന്ന നിഗമനങ്ങളുമുണ്ട്. ഈ വാദങ്ങള്‍ക്ക് പിന്‍ബലമെന്ന നിലയിലാണ് ഇരുവിഭാഗവും കഴിഞ്ഞ കാലങ്ങളിലെ പോളിംഗ് ശതമാനത്തെ ചൂണ്ടിക്കാണിക്കുന്നത്.

ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ 2011ല്‍ പോളിങ്ങ് ശതമാനം 74.46% ആയിരുന്നു. 33255 വോട്ടിന് ഉമ്മന്‍ ചാണ്ടി വിജയിച്ചപ്പോള്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 59.74% വോട്ടുകളും ഉമ്മന്‍ ചാണ്ടി സ്വന്തമാക്കിയിരുന്നു. സിപിഐഎമ്മിലെ സുജ സൂസന്‍ ജോര്‍ജ്ജിന് 31.33% വോട്ടുകളും ബിജെപിയുടെ പി സുനില്‍ കുമാറിന് 5.71% വോട്ടുകളും മാത്രമാണ് പോള്‍ ചെയ്ത വോട്ടുകളില്‍ നിന്ന് നേടാനായത്.

2016ല്‍ ജെയ്ക് സി തോമസ് ആദ്യമായി ഉമ്മന്‍ ചാണ്ടിയെ നേരിടാനെത്തിയപ്പോള്‍ പോളിങ്ങ് ശതമാനം മൂന്ന് ശതമാനത്തോളം വര്‍ദ്ധിച്ച് 77.40% ആയി മാറിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 33255ല്‍ നിന്ന് 27092 ആയി കുറയുകയും ചെയ്തു. പോളിങ്ങ് ശതമാനം കൂടിയപ്പോഴും ആകെ പോള്‍ചെയ്ത വോട്ടില്‍ നിന്ന് മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച വോട്ടുവിഹിതത്തില്‍ കുറവും സംഭവിച്ചു. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 53.42% വോട്ടാണ് ഉമ്മന്‍ ചാണ്ടിക്ക് നേടാന്‍ സാധിച്ചത്. 2021നെ അപേക്ഷിച്ച് ഏതാണ്ട് 6%ത്തോളം വോട്ട് ഉമ്മന്‍ ചാണ്ടിക്ക് കുറഞ്ഞു. ജെയ്ക് സി തോമസിന് 2011ല്‍ സുജ സൂസന്‍ ജോര്‍ജ്ജ് നേടിയതിനെക്കാള്‍ ഏതാണ്ട് 2%ത്തോളം വോട്ട് കൂടുതല്‍ നേടാനും സാധിച്ചിരുന്നു. ജെയ്ക്കിന്റെ വോട്ട് വിഹിതം 33.20% ആയിരുന്നു. ബിജെപി വോട്ടുകളില്‍ 2016ല്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. 2011നെ അപേക്ഷിച്ച് ഏതാണ്ട് 6%ത്തോളം വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ബിജെപിയുടെ ജോര്‍ജ്ജ് കുര്യന് സാധിച്ചിരുന്നു. ജോര്‍ജ്ജ് കുര്യന്‍ 11.03% വോട്ടാണ് നേടിയത്.

ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച 2011ലെ വോട്ടിങ്ങ് ശതമാനത്തിന്റെ ഏതാണ്ട് തനിയാവര്‍ത്തനമാണ് 2021ല്‍ സംഭവിച്ചത്. 2021ല്‍ 74.90% വോട്ടിങ്ങ് രേഖപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 48.08%മാണ് നേടാന്‍ സാധിച്ചത്. 2011നെ അപേക്ഷിച്ച് ഏതാണ്ട് 11% വോട്ടിന്റെയും 2016നെ അപേക്ഷിച്ച് 5%ത്തിനടുത്ത് വോട്ടിന്റെയും കുറവ് ഉമ്മന്‍ ചാണ്ടിക്കുണ്ടായി. ജെയ്ക് സി തോമസ് 2016നെ അപേക്ഷിച്ച് 8%ത്തിലേറെ വോട്ടുകള്‍ കൂടുതല്‍ നേടി. 2011ല്‍ സുജ സൂസന്‍ ജോര്‍ജ്ജിന് ലഭിച്ചതിനെക്കാള്‍ ഏതാണ്ട് 10%ത്തോളം വോട്ടുകളാണ് പത്ത് വര്‍ഷത്തിനുള്ളില്‍ ജെയ്ക് കൂടുതല്‍ നേടിയത്.

2021ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 41.22% നേടാന്‍ ജെയ്കിന് സാധിച്ചിരുന്നു. ബിജെപി വോട്ടില്‍ ഏതാണ്ട് 3%ത്തിന് താഴെ വോട്ടുകളുടെ കുറവും സംഭവിച്ചിരുന്നു. 2016ലെ 11.03%ത്തില്‍ നിന്നും 8.87%മായി ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞു. പുതുപ്പള്ളിയില്‍ മത്സരിച്ച് തുടങ്ങിയ 1970ന് ശേഷം ആദ്യമായിട്ടായിരുന്നു ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50%ത്തില്‍ കുറവ് വോട്ട് ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കുന്നത്. അരനൂറ്റാണ്ട് പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ജനപ്രിയതയെ 50%ത്തിന് താഴെയെത്തിച്ചാണ് ജെയ്ക് 2021ല്‍ തന്റെ പോരാട്ടം അവസാനിപ്പിച്ചത്. പോള്‍ ചെയ്തതിന്റെ 60%ത്തിലേറെ വോട്ടുനേടി 1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് പ്രയാണം ആരംഭിച്ച ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും ഒടുവില്‍ മത്സരിച്ച 2021ല്‍ നേടാനായത് ആകെ പോള്‍ ചെയ്ത വോട്ടിന്റെ 48.08%മാണ്.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 2021നെക്കാള്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പുതുപ്പള്ളിയിലെ ജനവിധി ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ബിജെപിക്ക് 2021ല്‍ ലഭിച്ചതിനെക്കാള്‍ വോട്ടു കൂടുന്നതും കുറയുന്നതും ഇരുമുന്നണികളുടെയും ജയപരാജയങ്ങളില്‍ നിര്‍ണ്ണായകമായേക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com