പ്രിഗോഷിന്‍ ആരായിരുന്നു?

റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന്റെ ദീര്‍ഘകാല സുഹൃത്ത് കൂടിയായ പ്രിഗോഷിന്‍ റഷ്യയ്ക്കെതിരെ നീക്കങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെ കൊല്ലപ്പെടുമ്പോള്‍ ദുരൂഹതകള്‍ ഏറെയാണ്.
 പ്രിഗോഷിന്‍  ആരായിരുന്നു?

റഷ്യയിലെ സ്വകാര്യ സൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ലോകം സ്വീകരിച്ചത്. പ്രിഗോഷിനോടൊപ്പം വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടതായാണ് വിവരം.

പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സേന വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണവുമായി വാഗ്നര്‍ ഗ്രൂപ്പ് രംഗത്തുവന്നിട്ടുണ്ട്. മോസ്‌കോയുടെ വടക്കുഭാഗത്തുള്ള ട്വര്‍ പ്രദേശത്ത് വെച്ച് പ്രിഗോഷിന്‍ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന് നേരെ വ്യോമപ്രതിരോധ സേന വെടിവെക്കുകയായിരുന്നുവെന്ന് വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ ഗ്രെ സോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ സൈന്യത്തിന്റെ തലവന്‍ കൊല്ലപ്പെട്ടതിനെ ദുരൂഹതയോടെ തന്നെയാണ് ആഗോളവൃത്തങ്ങള്‍ നോക്കിക്കാണുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന വാഗ്‌നര്‍ ഗ്രൂപ്പ് പിന്നീട് റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്റെ ദീര്‍ഘകാല സുഹൃത്ത് കൂടിയായ പ്രിഗോഷിന്‍ റഷ്യയ്‌ക്കെതിരെ നീക്കങ്ങള്‍ നടത്തിയത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. വാഗ്നര്‍ ഗ്രൂപ്പിന്റെ സൈനിക നീക്കം റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഫലമായി പിന്തിരിഞ്ഞത്.

പുടിന്റെ ജന്മദേശമായ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗാണ് പ്രിഗോഷിന്റെയും നാട്. 1961 ജൂണ്‍ ഒന്നിനായിരുന്നു ജനനം. പതിനെട്ടാമത്തെ വയസ്സില്‍ ഒരു മോഷണക്കുറ്റത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. ജയില്‍ മോചിതനായ ശേഷം വീണ്ടും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. വീണ്ടും ശിക്ഷിക്കപ്പെട്ടു. അങ്ങനെ ദീര്‍ഘ കാലത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന പ്രിഗോഷിന്‍ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗില്‍ 'ഹോട്ട് ഡോഗ്' വില്‍ക്കുന്ന ഒരു ഹോട്ടല്‍ ശൃംഖല ആരംഭിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിലൂടെയും നിയമവിരുദ്ധമാര്‍ഗങ്ങളിലൂടെയും പണമുണ്ടാക്കാന്‍ യാതൊരു മടിയുമില്ലാതിരുന്ന പ്രിഗോഷിന്‍ എളുപ്പത്തില്‍ വളര്‍ന്നു. 1990-കളില്‍ റഷ്യയിലുടനീളം ആഡംബര ഭക്ഷണശാലകള്‍ പ്രിഗോഷിന്‍ തുറന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു പ്രിഗോഷിന്റെ വളര്‍ച്ച. റഷ്യയിലെ ഉന്നതരായ ആളുകള്‍ അടക്കം വന്നുപോകുന്ന പ്രശസ്തമായ കേന്ദ്രങ്ങളായിരുന്നു പ്രിഗോഷിന്റെ ഭക്ഷണശാലകള്‍.

പ്രിഗോഷിന്റെ ഭക്ഷണശാലകളിലെ വിശിഷ്ട അതിഥികളിലൊരാളായിരുന്നു അവിടുത്തെ നിത്യസന്ദര്‍ശകനായിരുന്ന വ്ലാദിമിര്‍ പുടിന്‍. നെവാനദിയിലൂടെ സഞ്ചരിക്കുന്ന 'ന്യൂ ഐലന്‍ഡ്' എന്നറിയപ്പെടുന്ന പ്രിഗോഷിന്റെ ഒഴുകുന്ന ആഡംബര റെസ്റ്റോറന്റായിരുന്നു പുടിന്റെ ഇഷ്ടസ്ഥലം. പ്രസിഡന്റായ ശേഷം ഇവിടെവെച്ചാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന അതിഥികളെ പുടിന്‍ സ്ഥിരമായി സത്കരിക്കാറുളളത്. 2000-ല്‍ ജപ്പാന്‍ മുന്‍പ്രധാനമന്ത്രി യോഷിറോ മോറിക്കൊപ്പം ഈ ആഡംബര റെസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് പുടിന്‍ പ്രിഗോഷിനെ ആദ്യമായി കാണുന്നത്. 2003-ലെ തന്റെ പിറന്നാളാഘോഷം 'ന്യൂ ഐലന്‍ഡില്‍'വെച്ച് സംഘടിപ്പിക്കാന്‍ പുടിന്‍ പ്രിഗോഷിനോട് ആവശ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള അടുപ്പം കൂട്ടി. പുടിന്‍സ് ഷെഫ് അഥവാ പുടിന്റെ വിശ്വസ്ഥന്‍ എന്നാണ് പ്രിഗോഷിന്‍ അറിയപ്പെട്ടത്.

2014-ലെ ക്രിമിയെൻ അധിനിവേശത്തിന് ശേഷമാണ് പ്രിഗോഷിന്‍ കേവലം ഒരു വ്യവസായി മാത്രമായിരുന്നില്ലെന്ന സൂചനകള്‍ പുറത്തുവരുന്നത്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ നിഴല്‍യുദ്ധം നയിക്കുന്നത് പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സൈനിക കമ്പനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 'വാഗ്‌നര്‍ സംഘം' എന്ന് അവര്‍ അറിയപ്പെട്ടു.

തന്റെ ഖനികളുടെ സംരക്ഷണത്തിനായിരുന്നു പ്രിഗോഷിന്‍ സൈനിക സംഘത്തെ രൂപീകരിച്ചത്. അനധികൃത ഖനനത്തെ മുന്നോട്ട് കൊണ്ടുപോവാനുള്ള സായുധ സംഘങ്ങളായിരുന്നു ലക്ഷ്യം. എന്നാല്‍ പിന്നീട് പുടിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രിഗോഷിന്‍ ഈ സൈനിക സംഘത്തെ വിപുലീകരിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരങ്ങള്‍.

250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ട് 50,000-ത്തിലേറെ പേര്‍ ഉള്‍പ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാന്‍ വാഗ്‌നര്‍ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതില്‍ പതിനായിരം പേര്‍ കോണ്‍ട്രാക്ടേഴ്സും 40,000 പേര്‍ കുറ്റവാളികളുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലില്‍നിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവര്‍ക്ക് ജയില്‍ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉള്‍നാടന്‍ പ്രദേശമായ മോള്‍ക്കിനിയില്‍വെച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.

കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്ന സേന ഏറ്റവുമൊടുവില്‍ റഷ്യന്‍ സൈനിക നേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് വലിയ ചര്‍ച്ചകളില്‍ ഇടംപിടിച്ചത്.

ഇത് ഇരു സേനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് ഇടവയ്ക്കുകയും ചെയ്തു. തന്റെ പടയാളികള്‍ക്ക് ആവശ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നില്ലെന്നും അവരുടെ പ്രതിസന്ധികള്‍ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യന്‍ സൈന്യത്തിനെതിരെയുളള പ്രിഗോഷിന്റെ പ്രധാന പരാതി. ഏറെ നാടകീയമായ നീക്കങ്ങള്‍ക്ക് ശേഷമുള്ള പ്രിഗോഷിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com