
പൊതുപരീക്ഷകളുടെ ഫീസ് രക്ഷിതാക്കളില്‍ നിന്ന് ഇടാക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് സ്‌കൂളുകള്‍ തന്നെ അടക്കണമെന്നാണ് പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ബെഞ്ച് മാര്‍ക്ക് ടെസ്റ്റ് ഉള്‍പ്പെടെ വിവിധ പരീക്ഷകള്‍ക്കുള്ള ഫീസാണ് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം ഫീസുകള്‍ വര്‍ഷങ്ങളായി രക്ഷിതാക്കളില്‍ നിന്ന് ഈടാക്കിയിരുന്ന സ്‌കൂളുകളുടെ നടപടിക്കാണ് ഇതോടെ അവസാനമാകുന്നത്. ദേശീയ, രാജ്യാന്തര, പ്രീ കോളജ് പരീക്ഷകളും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യ, യുഎഇ, വിദേശ സിലബസ് സ്‌കൂളുകള്‍ക്കും നിയമം ബാധകമാണെന്നും വിദ്യാഭ്യാസ വിഞ്ജാന വകുപ്പ് വ്യക്തമാക്കി.
ബോര്‍ഡ് പരീക്ഷകള്‍ക്ക് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതും സ്‌കൂളുകളുടെ ഉത്തരവാദിത്തമാണ്. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു നേടുന്ന വിദ്യാര്‍ത്ഥികളെ അടുത്ത ഘട്ടം പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കോളജ് പ്രവേശനത്തിനുള്ള രാജ്യാന്തര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനായി ഒരു അധ്യയന വര്‍ഷത്തില്‍ 4 ആഴ്ച വരെ പഠന അവധി എടുക്കാനും അനുമതിയുണ്ടാകും. പരീക്ഷയില്‍ കൃത്രിമം നടത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും നടപടി എടുക്കുന്നതിനുമായി
പ്രത്യേക നിര്‍ദേശങ്ങളും വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പുറപ്പെടുവിച്ചു.
Content Highlights: Schools must pay for compulsory exams, not parents