
'സ്പോര്ട്സ് വാഷിങ്ങ് എന്റെ ജിഡിപി 1% വര്ദ്ധിപ്പിക്കാനുള്ള വഴിയാകുന്നുണ്ടെങ്കില് ഞാന് സ്പോര്ട്സ് വാഷിങ്ങ് തുടരും'; സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില് നേരത്തെ ഇങ്ങനെ വ്യക്തമാക്കിയിരുന്നു. 2034ലെ ഫുട്ബോള് ലോകകപ്പ് ആതിഥേയത്വം സൗദിയെ തേടിയെത്തിയിരിക്കുന്ന സാഹചര്യത്തില് സൗദി കിരീടാവകാശിയുടെ ഈ നിലപാടിന് കൂടുതല് പ്രധാന്യം കൈവന്നിരിക്കുകയാണ്. സൗദി അറേബ്യയില് മുഹമ്മദ് ബിന് സല്മാന്റെ ഭരണം മനുഷ്യാവകാശങ്ങള്ക്ക് കറുത്തകാലം സമ്മാനിക്കുന്നുവെന്നും സ്പോര്ട്സുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക നയ സമീപനം ഇതില് നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും ആംനെസ്റ്റി ഇന്റര്നാഷണല് അടക്കം വിമര്ശനം ഉയര്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മുഹമ്മദ് ബിന് സല്മാന് 'സ്പോര്ട്സ് വാഷിങ്ങ്' എന്ന ആരോപണത്തോട് പ്രതികരിച്ചത്.
പുതിയ കാലത്തേക്ക് സൗദിയുടെ മുഖച്ഛായ മാറ്റാന് നിയുക്ത കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് സ്വീകരിക്കുന്ന നയമാറ്റങ്ങള് വ്യത്യസ്ത കാഴ്ചപ്പാടുകളില് ലോകം ഇപ്പോള് ചര്ച്ച ചെയ്യുകയാണ്. രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതിച്ഛായ വര്ദ്ധിപ്പിക്കാനും ആഗോള ശക്തിയെന്ന കരുത്ത് കാണിക്കാനും മൃദുലമായ നയതന്ത്ര സമീപനമെന്ന നിലയില് സ്പോര്ട്സ് ഒരു മാധ്യമമാകുന്നത് ലോക ചരിത്രത്തില് ആദ്യമല്ല. ബര്ലിന് ഒളിമ്പിക്സിനെ ഹിറ്റ്ലര് ഒരു പ്രൊപ്പഗാന്ഡ ഇവന്റാക്കി മാറ്റാന് ശ്രമിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.
രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും പ്രതിച്ഛായ വര്ദ്ധിപ്പിക്കാനും ആഗോള ശക്തിയെന്ന കരുത്ത് കാണിക്കാനും മൃദുലമായ നയതന്ത്ര സമീപനമെന്ന നിലയില് സ്പോര്ട്സ് ഒരു മാധ്യമമാകുന്നത് ലോക ചരിത്രത്തില് ആദ്യമല്ല. ബര്ലിന് ഒളിമ്പിക്സിനെ ഹിറ്റ്ലര് ഒരു പ്രൊപ്പഗാന്ഡ ഇവന്റാക്കി മാറ്റാന് ശ്രമിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്
ശീതയുദ്ധകാലത്ത് അമേരിക്കന് സഖ്യവും സോവിയറ്റ് സഖ്യവും ലോക കായിക വേദിയെ ഈ നിലയില് ഉപയോഗിച്ചിട്ടുണ്ട്. സൗദി ഇപ്പോള് ശ്രമിക്കുന്നതും സ്പോര്ട്സിനെ ആഗോള പ്രതിച്ഛായ നിര്മ്മിതിക്കായി ഉപയോഗിക്കുക എന്ന നയസമീപനമാണ് എന്ന് വിമര്ശനമുണ്ട്. മുന്കാല അനുഭവകാലങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സൗദി കായിക മേഖലയില് നടത്തുന്ന നിക്ഷേപങ്ങളെ ലോകം വിലയിരുത്തുന്നത്. സൗദിയുടെ പുതിയ നയസമീപനത്തിന് രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക മാനങ്ങളുണ്ടെന്നതിനാല് ഇത്തരം വിഷയങ്ങള് വളരെ സൂക്ഷമമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്ക ഉള്പ്പെടെയുള്ള പാശ്ചാത്യ ലോകവുമായുള്ള സൗദിയുടെ ബന്ധത്തിന് പഴയ നിലയിലുള്ള ഊഷ്മളതയില്ല. സൗദി ഭരണകൂടത്തിന്റെ വിമര്ശകനായിരുന്ന മാധ്യമ പ്രവര്ത്തകന് ജമാല് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി-അമേരിക്ക ബന്ധത്തില് വലിയ വിള്ളല് ഉണ്ടായിരുന്നു. 2017ല് സൗദിയില് നിന്നും പലായനം ചെയ്ത് അമേരിക്കന് പൗരത്വം സ്വീകരിച്ച ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില് സല്മാന് രാജകുമാരനാണെന്ന അമേരിക്കന് രഹസ്യാന്വേഷണ ഏജന്സിയുടെ റിപ്പോര്ട്ട് അമേരിക്കന് കോണ്ഗ്രസില് സമര്പ്പിക്കപ്പെട്ടിരുന്നു. ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി അറേബ്യയെ ഒറ്റപ്പെടുത്തുമെന്ന പ്രഖ്യാപനം വരെ ഇപ്പോഴത്തെ അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നു.
നിലവില് ഇസ്രായേല്-ഹമാസ് യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില് അറബ് ദേശീയതാ ബോധം മധ്യപൂര്വ്വേഷ്യയില് രൂപപ്പെട്ട് വരുന്നുണ്ട്. ഈ മേഖലയിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള അറബ് രാഷ്ട്രമെന്ന നിലയില് സൗദിയുടെ നിലപാടുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. ചൈനയും റഷ്യയുമായും മികച്ച നയതന്ത്രബന്ധം പുലര്ത്തുന്ന സൗദി പഴയ നിലയില് അമേരിക്കയുമായി അടുപ്പം സൂക്ഷിക്കുന്നില്ല. അറബ് ദേശീയതയുടെ അവസാനവാക്കെന്ന വൈകാരിക പദവി സ്വദേശത്തും ഇതര അറബ് രാജ്യങ്ങളിലും നേടിയെടുക്കാന് ഇസ്രായേല്-ഹമാസ് വിഷയത്തില് സ്വീകരിക്കുന്ന നിലപാടുകള് സൗദിക്ക് തുണയാകും. ചൈനയുടെ മധ്യസ്ഥതയില് ഇറാനുമായി ദീര്ഘകാലമായി നിലനിന്നിരുന്ന ശത്രുത ഒരു പരിധിവരെ സൗദി അവസാനിപ്പിച്ചിട്ടുണ്ട്. ഇസ്രായേലുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമവും ഇതിനിടയില് സൗദി നടത്തിയിരുന്നു. എന്നാല് നിലവിലെ സാഹചര്യം ഈ നീക്കത്തിന് തടസ്സമായിട്ടുണ്ട്. ഇസ്രായേല്-ഹമാസ് യുദ്ധത്തില് അമേരിക്കയും പാശ്ചാത്യ ശക്തികളും സ്വീകരിക്കുന്ന നിലപാടില് നിന്ന് ഭിന്നമായ നിലപാടാണ് സൗദി സ്വീകരിക്കുന്നത്, ഇത് ഒരുപരിധിവരെ ഇറാന്റെ നിലപാടിനോട് ചേര്ന്ന് നില്ക്കുന്നതാണ്.
ഈ നിലയില് ഭൗമരാഷ്ട്രീയത്തിലും മധ്യപൂര്വ്വേഷ്യയിലും അറബ് ദേശീതയതാ വികാരം പേറുന്ന രാജ്യങ്ങളിലും സൗദിയുടെ നിലപാടുകള് നിര്ണ്ണായകമായി മാറുന്ന ഘട്ടത്തിലാണ് സൗദി സ്പോര്ട്സ് ഒരു നയതന്ത്ര മാധ്യമമായി സ്വീകരിച്ചിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകള് വിമര്ശനപരമായി അവതരിപ്പിക്കുന്ന 'സ്പോര്ട്സ് വാഷിങ്ങ്' എന്ന ടേമിനെ സൗദി കിരീടാവകാശി ഏറ്റവും ഗുണപരമായ നയസമീപനമായാണ് ചൂണ്ടിക്കാണിക്കുന്നത്. സൗദിയുടെ 'സ്പോര്ട്സ് വാഷിങ്ങി'ന്റെ കൊടിക്കൂറയായി മാറാന് സാധ്യതയുള്ള കായിക മാമാങ്കമായിരിക്കും 2034ലെ ലോകകപ്പ് ഫുട്ബോള് എന്ന് കൂടിയാണ് അതിനാല് തന്നെ ലോകം തീര്ച്ചപ്പെടുത്തുന്നത്.
സൗദിയുടെ 'സ്പോര്ട്സ് വാഷിങ്ങി'ന്റെ കൊടിക്കൂറയായി മാറാന് സാധ്യതയുള്ള കായിക മാമാങ്കമായിരിക്കും 2034ലെ ലോകകപ്പ് ഫുട്ബോള് എന്ന് കൂടിയാണ് അതിനാല് തന്നെ ലോകം തീര്ച്ചപ്പെടുത്തുന്നത്
സൗദിയുടേത് കേവലം സ്പോര്ട്സ് നയതന്ത്രം മാത്രമല്ല
'സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കണമെങ്കില് ഖനനം, അടിസ്ഥാന സൗകര്യങ്ങള്, നിര്മ്മാണം, ഗതാഗതം, ലോജിസ്റ്റിക്സ് ഇതെല്ലാം എല്ലാ മേഖലകളിലും പ്രവര്ത്തിക്കണം. ഇതിന്റെ ഒരു ഭാഗമാണ് ടൂറിസം. ടൂറിസം വികസിപ്പിക്കുന്നതിന്റെ ഒരുഭാഗം സംസ്കാരമാണ്, മറ്റൊരു ഭാഗം കായികമേഖലയാണ്.' സ്പോര്ട്സുമായി ബന്ധപ്പെട്ടുള്ള നിക്ഷേപത്തെ ടൂറിസവുമായി ബന്ധപ്പെടുത്തിയാണ് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില് മുഹമ്മദ് ബിന് സല്മാന് വ്യക്തമാക്കിയത്. നേരത്തെ സൗദിയുടെ ജിഡിപിയില് 3% സംഭാവന ചെയ്തിരുന്ന ടൂറിസം നിലവില് 7% സംഭാവന ചെയ്യുന്നതായി ചൂണ്ടിക്കാണിച്ച കിരീടാവകാശി സ്പോര്ട്സിന്റെ ജിഡിപി സംഭാവന നേരത്തെ 0.4% ആയിരുന്നത് ഇപ്പോള് 1.5% ആണെന്നും വ്യക്തമാക്കിയിരുന്നു.
ഭാവിയില് ടൂറിസം മേഖലയെ രാജ്യത്തിന്റെ ജിഡിപി സംഭാവനയിലെ പ്രധാനപ്പെട്ടൊരു സ്രോതസ്സാക്കി മാറ്റാന് ലക്ഷ്യമിടുന്നു എന്നാണ് കിരീടാവകാശി അടിവരയിടുന്നത്. അതില് സ്പോര്ട്സ് പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്പോര്ട്സും സ്പോര്ട്സ് അധിഷ്ഠിത ടൂറിസവും സൗദിയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ഏതുനിലയില് സ്വാധീനിക്കുമെന്നതും ഇത് സൗദിയുടെ ആഭ്യന്തര രാഷ്ട്രീയത്തെ ഏതുനിലയില് ബാധിക്കുമെന്നതും അതിനാല് നിര്ണ്ണായകമാണ്. എണ്ണവിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥ എന്നതില് നിന്നും സൗദിയെ വ്യത്യസ്ത മേഖലകളുടെ പിന്ബലമുള്ള സമ്പദ് വ്യവസ്ഥയാക്കി മാറ്റാന് ലക്ഷ്യമിടുന്നു എന്ന് കൂടിയാണ് മുഹമ്മദ് ബിന് സല്മാന് വ്യക്തമാക്കുന്നത്.
നിലവില് സൗദി കായിക മേഖലയില് നടത്തുന്ന നിക്ഷേപം കേവലം നയതന്ത്ര സമീപനം മാത്രമല്ലെന്നും സാമൂഹിക-സാമ്പത്തിക മേഖലകളില് സൗദിയുടെ സ്വാധീനം ലോകത്തിന് മുന്നില് തെളിയിക്കാനുള്ള നീക്കമാണെന്നും കൂടിവേണം വിലയിരുത്താന്.
സൗദിയുടേത് കൃത്യതയോടെയുള്ള ഫ്രീകിക്ക്
കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ചെയര്മാനായ സൗദിയുടെ പരമാധികാര സാമ്പത്തിക ഫണ്ട് ഫുട്ബോളില് നിക്ഷേപിക്കാനുള്ള തീരുമാനം വിപ്ലവകരമായിരുന്നു. സൗദി അറേബ്യന് പബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിക്കുന്ന ഒരു കണ്സോര്ഷ്യം ഇംഗ്ലീഷ് ഫുട്ബോള് വമ്പന്മാരായ ന്യൂകാസിലിനെ സ്വന്തമാക്കിയതും സൗദിയുടെ പരമാധികാര സാമ്പത്തിക ഫണ്ട് ഉപയോഗിച്ച് സൗദി പ്രോലീഗിലെ പ്രമുഖ ക്ലബ്ബുകളായ അല് നസര്, അല് ഹിലാല്, അല് ഇത്തിഹാദ്, അല് അഹ്ലി ക്ലബ്ബുകളുടെ ഓഹരികള് വാങ്ങിയതും മുഹമ്മദ് ബിന് സല്മാന്റെ പുതിയ നയസമീപനത്തിന്റെ ഭാഗമായിരുന്നു. നേരത്തെ ഖത്തര് നടന്ന വഴിയേ ആണ് കൂടുതല് കൃത്യതയോടെ സൗദി നടക്കാന് ശ്രമിക്കുന്നത്. 2011ല് ഖത്തരി സ്പോര്ട്സ് ഇന്വെസ്റ്റ്മെന്റ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില് ഖത്തറിന്റെ പ്രതിച്ഛായ മേശമായിരുന്ന ഘട്ടത്തില് നടന്ന ഈ നീക്കം ഒരുദശകത്തിനിപ്പുറം ഖത്തറിന് രാഷ്ട്രീയമായി ഗുണകരമായിരുന്നു എന്ന് വ്യക്തം.
ഭൗമരാഷ്ട്രീയത്തില് ഖത്തറിന്റെ സ്വാധീനശേഷി വര്ദ്ധിപ്പിക്കാനും മധ്യപൂര്വ്വേഷ്യയില് ഖത്തറിന്റെ സ്വാധീനം കൂട്ടുന്നതിനും അമേരിക്കയും പാശ്ചാത്യശക്തികളുമായുള്ള നയതന്ത്രബന്ധം ശക്തമാകുന്നതിനും ഈ നീക്കം സഹായകമായിട്ടുണ്ട്. ഇതിന്റെ തുടര്ച്ചയായിട്ടായിരുന്നു 2022ലെ ലോകകപ്പ് ഫുട്ബോള് ആതിഥേയത്വം ഖത്തറിന് ലഭിച്ചത്. സാമ്പത്തികമായി ഖത്തറിനെക്കാള് ഏറെ മുന്നിയിലുള്ള സൗദിയ്ക്ക് പോലും സാധിക്കാത്ത സ്വപ്ന നേട്ടമായിരുന്നു 2022ലെ ലോകകപ്പ് ആതിഥേയത്വം.
ഖത്തര് ഫുട്ബോളിലെ നിക്ഷേപ ശക്തിയായതിന് പിന്നാലെ സൗദി-ഖത്തര് നയതന്ത്രബന്ധത്തില് വിള്ളല് വീണിരുന്നു. ഖത്തര് തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് സൗദി ഖത്തറുമായുള്ള ബന്ധങ്ങള് വിച്ഛേദിച്ചു. യുഎഇ, ബഹ്റൈന്, ഈജിപ്ത് എന്നീ രാജ്യങ്ങളും സൗദിക്കൊപ്പം 2017ല് ഖത്തറുമായുള്ള നയതന്ത്ര, വ്യാപാര, യാത്രാ ബന്ധങ്ങള് വിച്ഛേദിച്ചിരുന്നു. ഉപരോധത്തിന് പിന്നാലെ റിയാദ് ആസ്ഥാനമായുള്ള അറബ്സാറ്റ് സാറ്റലൈറ്റ് ഓപ്പറേറ്ററില് beoutQ എന്ന പൈറേറ്റ് നെറ്റ്വര്ക്ക് ആരംഭിച്ചു. ഈ സമയം മധ്യപൂര്വ്വേഷ്യയില് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംപ്രേക്ഷണം ചെയ്യാനുള്ള പകര്പ്പവകാശം ഖത്തര് ആസ്ഥാനമായ മധ്യപൂര്വ്വേഷ്യയിലെ സ്ട്രീമിംഗ്, സ്പോര്ട്സ് പ്രോഗ്രാമിങ്ങ് ഔട്ട്ലെറ്റായ beIN സ്പോര്ട്സിനായിരുന്നു.
എന്നാല് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൗദിയിലെ ലക്ഷക്കണക്കിന് ആളുകള്ക്ക് നിയമവിരുദ്ധമായി കാണാനുള്ള അവസരം beoutQ നല്കിയതായി ആരോപണം ഉയര്ന്നു. ഈ സംഭവത്തെ തുടര്ന്ന് പൈറസിയും ബൗദ്ധികസ്വത്തവകാശവുമെല്ലാം ആരോപിച്ച് ബിഇഐഎന് സൗദിക്കെതിരെ കേസ് നല്കി. സ്പോര്ട്സ് പൈറസിയുമായി ബന്ധപ്പെട്ട് ലോകത്ത് തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ബിഇഐഎന് കേസ് നല്കിയത്. പിഎസ്ജി ചെയര്മാന് നാസര് അല് ഖലീഫിയായിരുന്നു ബിഇഐഎന് സ്പോര്ട്സിനെയും നിയന്ത്രിച്ചിരുന്നത്. ബൗദ്ധിക സ്വത്തും പൈറസിയും സംബന്ധിച്ച കടുത്ത തര്ക്കങ്ങളെ തുടര്ന്ന് 2020 ജൂലൈയില് സൗദി അറേബ്യ beIN സ്പോര്ട്സിന് സമ്പൂര്ണ നിരോധനം പ്രഖ്യാപിച്ചു.
സൗദിയിലെ മുതിര്ന്ന ഉദ്യോഗസ്ഥര് beoutQ പ്രോത്സാഹിപ്പിച്ചിരുന്നതായി 2020ല് ലോക വ്യാപാര സംഘടനയുടെ റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു. പിന്നീട് ഖത്തര്-സൗദി ബന്ധം മെച്ചപ്പെട്ടതിന്റെ ഭാഗമായി യലകച സ്പോര്ട്സ് കവറേജ് വീണ്ടും സൗദികളുടെ വിരല്ത്തുമ്പിലെത്തി. ഇതേ തുടര്ന്ന് ബിഇഐഎന് സൗദിക്കെതിരെ നല്കിയിരുന്ന കേസ് പിന്വലിച്ചിരുന്നു. എന്നാല് 2022ലെ ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്ക്ക് മുമ്പ് ശയകച സ്പോര്ട്സിന് സൗദിയില് പ്രവര്ത്തനം തടസ്സപ്പെട്ടതും വിവാദമായിരുന്നു.
നിലവില് സൗദി പ്രോലീഗിന്റെ വരുമാനം 120 മില്യണ് ഡോളറാണ്. 2030ഓടെ ഇത് 480 മില്യണ് ഡോളറാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങള് ആവിഷ്കരിച്ചിരിക്കുന്നത്. ലീഗിന്റെ നിലവിലെ മൂല്യമായ 800 മില്യണ് ഡോളറില് നിന്നും ഇതേ കാലയളവില് 2.14 ബില്യണ് ഡോളറിലേയ്ക്ക് മൂല്യം ഉയര്ത്തുക എന്നതും പുതിയ നീക്കങ്ങള് ലക്ഷ്യം വയ്ക്കുന്നു
ഈ നിലയില് ഖത്തറിനും സൗദിയ്ക്കുമിടയില് കഴിഞ്ഞ അരദശകത്തോളമായി ഫുട്ബോളിനെ കേന്ദ്രസ്ഥാനത്ത് നിര്ത്തി ഒരു നിഴല്യുദ്ധം നടന്നുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സൗദി അറേബ്യന് പബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് 2021ല് ന്യൂകാസില് യുണൈറ്റഡിനെ സ്വന്തമാക്കിയതും സൗദി പ്രോലീഗിനെ നാല് ക്ലബ്ബുകളെ ഏറ്റെടുത്തതും ഏറ്റവും ഒടുവില് ലോകകപ്പ് ആതിഥേയത്വം തേടിയെത്തിയിരിക്കുന്നതും.
റിയാദ് ആസ്ഥാനമായ അല് നസര്, അല് ഹിലാല് ജിദ്ദ ആസ്ഥാനമായ അല് ഇത്തിഹാദ്, അല് അഹ്ലി ക്ലബ്ബുകളെ സര്ക്കാര് ഉടമസ്ഥതയില് നിന്ന് മാറ്റി സ്വകാര്യവത്കരിക്കുന്നതിനും കൂടുതല് പ്രൊഫഷണല് ആക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഭാവിയില് മറ്റു ക്ലബ്ബുകളില് അടക്കം സ്വകാര്യ നിക്ഷേപം എത്തുകയും സൗദി പ്രോലീഗിനെ ലോകത്തെ എറ്റവും പ്രധാനപ്പെട്ട പ്രൊഫഷണല് ലീഗാക്കി മാറ്റുകയും ചെയ്യുക എന്ന ദീര്ഘകാല ലക്ഷ്യവും ഈ നീക്കത്തിനുണ്ട്. സൗദി ക്ലബ്ബുകളെ യൂറോപ്യന് ക്ലബ്ബുകളെപ്പോലെ വാണിജ്യ സാധ്യതയുള്ള സ്ഥാപനങ്ങളാക്കി മാറ്റുകയെന്നതും സൗദിയുടെ ദീര്ഘകാല ലക്ഷ്യമാണ്.
നിലവില് സൗദി പ്രോലീഗിന്റെ വരുമാനം 120 മില്യണ് ഡോളറാണ്. 2030ഓടെ ഇത് 480 മില്യണ് ഡോളറാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങള് ആവിഷ്കരിച്ചിരിക്കുന്നത്. ലീഗിന്റെ നിലവിലെ മൂല്യമായ 800 മില്യണ് ഡോളറില് നിന്നും ഇതേ കാലയളവില് 2.14 ബില്യണ് ഡോളറിലേയ്ക്ക് മൂല്യം ഉയര്ത്തുക എന്നതും പുതിയ നീക്കങ്ങള് ലക്ഷ്യം വയ്ക്കുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള നിക്ഷേപമാണ് ക്രിസ്ത്യാനോ റൊണാള്ഡോ, നെയ്മര് ജൂനിയര്, കരീം ബെന്സിമ, സാദിയോ മാനേ അടക്കമുള്ള സൂപ്പര് താരങ്ങളുടെ സൗദി പ്രോലീഗിലെ സാന്നിധ്യം. ലോകകപ്പ് ആഥിതേയത്വം കൂടി ലഭിച്ചതോടെ വരുന്ന വര്ഷങ്ങളിലെ ട്രാന്സ്ഫര് ജാലകങ്ങളില് സൗദി ക്ലബ്ബുകള് എന്തെല്ലാം അതിശയമാണ് കാത്തുവച്ചിരിക്കുന്നതെന്നാണ് ഫുട്ബോള് ലോകം അതിശയിക്കുന്നത്.
യൂറോപ്യന് ക്ലബ്ബുകളുടെ പ്രൊഫഷണലിസവും മാനേജ്മെന്റ് കണിശതയും പിന്തുര്ന്നില്ലെങ്കില് ഫുട്ബോള് ലീഗ് ലക്ഷ്യമിട്ട് ചൈന നേരത്തെ നടത്തിയ ശതകോടികളുടെ നിക്ഷേപം വെള്ളത്തിലായ അനുഭവം സൗദിയെയും കാത്തിരിപ്പുണ്ടെന്ന മുന്നറിയിപ്പുകളുമുണ്ട്. ഫുട്ബോളിനെ പ്രതി ഷി ജിന്പിങ്ങിനുണ്ടായിരുന്ന ആഗ്രഹങ്ങളായിരുന്നു ലോകത്തെ ഏറ്റവും മികച്ച ചൈനീസ് ലീഗ് എന്ന നീക്കത്തിന് പിന്നില്. ചൈനയുടെ ലോകകപ്പ് ആതിഥേയത്വം ലോകകപ്പ് പങ്കാളിത്തം എന്നതും ഷി ജിന്പിങ്ങിന്റെ സ്വപ്നമായിരുന്നു. ഇത്തരം ലക്ഷ്യങ്ങളെല്ലാം ചരുങ്ങിയ കാലയളവില് നേടിയെടുത്താണ് പക്ഷെ മുഹമ്മദ് ബിന് സല്മാന്റെ സൗദി അറേബ്യ ഫുട്ബോള് രംഗത്തെ നിക്ഷേപത്തിലൂടെ കുതിക്കുന്നത്.
വിമര്ശകര് കുറ്റപ്പെടുത്തുന്ന 'സ്പോര്ട്സ് വാഷിങ്ങി'ന്റെ ഏറ്റവും മികച്ച വേദിയായി 2034ലെ ഫുട്ബോള് ലോകകപ്പിനെ സൗദി മാറ്റിയെടുക്കുമെന്ന് തീര്ച്ചയാണ്. ടൂറിസം വളര്ച്ചയുടെ ഭാഗമായാണ് കായികമേഖലയിലെ നിക്ഷേപവുമെന്ന് ഇതിനകം മുഹമ്മദ് ബിന് സല്മാന് വ്യക്തമാക്കി കഴിഞ്ഞു. സ്വഭാവികമായും സൗദിയുടെ സ്്പോര്ട്സ് നയതന്ത്രത്തിന്റെയും ടൂറിസം വികസനത്തിന്റെയും മെഗാ ഇവന്റായി 2034ലെ ലോകകപ്പ് ഫുട്ബോള് അതിഥേയത്വം മാറിയേക്കാം. യൂറോപ്യന് രാജ്യങ്ങളില് നിന്നടക്കം ലോകത്തെ വിവിധ മേഖലകളില് നിന്നും ഫുട്ബോള് ആരാധകര് സൗദിയിലേക്ക് ഒഴുകിയെത്തുമ്പോള് സൗദി പിന്തുടരുന്ന പല സാമൂഹ്യനിയന്ത്രണങ്ങളിലും ഇളവുകള് പ്രഖ്യാപിക്കേണ്ടി വന്നേക്കാം. സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും മനുഷ്യാവകാശവുമായി ബന്ധപ്പെട്ടും ഉയരുന്ന വിമര്ശനങ്ങളെ സൗദി ഭരണകൂടത്തിന് അഭിസംബോധന ചെയ്യേണ്ടിയും വന്നേക്കാം. സാമൂഹ്യമായി ഉദാരവത്കരിക്കപ്പെടുന്ന സൗദി പൗരസമൂഹത്തെ നിലവിലെ വഹാബി ആശയ പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്യുന്ന മതനേതൃത്വം ഏതുനിലയില് സ്വീകരിക്കുമെന്നതും നിര്ണ്ണായകമാണ്.
1979ലെ ഗ്രാന്ഡ് മോസ്ക് ആക്രമണത്തിന് ശേഷം സൗദിയില് ഭരണക്രമത്തിലും വേരുറപ്പിച്ച വഹാബിസം സൗദിയുടെ സാമൂഹ്യ ജീവിതത്തിലെ പുരോഗമന സ്വതന്ത്ര്യ ചിന്തകളെ പാരമ്പര്യ-വിശ്വാസ മൂല്യങ്ങളില് ബന്ധിച്ചതാണ് ചരിത്രം. സൗദിയുടെ സാമൂഹിക ചരിത്രത്തെ ഗ്രാന്ഡ് മോസ്ക് ആക്രമണത്തിന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്
1979ലെ ഗ്രാന്ഡ് മോസ്ക് ആക്രമണത്തിന് ശേഷം സൗദിയില് ഭരണക്രമത്തിലും വേരുറപ്പിച്ച വഹാബിസം സൗദിയുടെ സാമൂഹ്യ ജീവിതത്തിലെ പുരോഗമന സ്വതന്ത്ര്യ ചിന്തകളെ പാരമ്പര്യ-വിശ്വാസ മൂല്യങ്ങളില് ബന്ധിച്ചതാണ് ചരിത്രം. സൗദിയുടെ സാമൂഹിക ചരിത്രത്തെ ഗ്രാന്ഡ് മോസ്ക് ആക്രമണത്തിന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാവുന്നതാണ്. ഫുട്ബോള് നയതന്ത്രം ഭാവിയില് സൗദിയുടെ സാമൂഹിക ജീവിതത്തില് വീണ്ടും ചരിത്ര മാറ്റത്തിന് സാക്ഷ്യമാകുമോയെന്ന് കാത്തിരിക്കേണ്ടതുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്ന സൗദിയുടെ സാമ്പത്തികവും സാമൂഹികവുമായ ആധുനിക വത്കരണത്തിന് 2034ലെ ഫുട്ബോള് ലോകകപ്പ് വഴിതെളിക്കുമോയെന്നത് സൗദിയുടെ ആഭ്യന്തര രാഷ്ട്രീയത്തെ സംബന്ധിച്ചും ഭൗമരാഷ്ട്രീയത്തെ സംബന്ധിച്ചും നിര്ണ്ണായകമായ ചോദ്യമാണ്.