
പൂനെ: ഏകദിന ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും അഫ്ഗാനിസ്താനും ഏറ്റുമുട്ടും. ലോകകപ്പിൽ രണ്ട് വിജയങ്ങൾ മാത്രമുള്ള ടീമുകൾക്ക് പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യം. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെ വിറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ. ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെയും പാകിസ്താനെയും അഫ്ഗാൻ ക്യാമ്പ് ഇതിനോടകം പരാജയപ്പെടുത്തിക്കഴിഞ്ഞു.
ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതപുലർത്തുന്ന നിരയാണ് അഫ്ഗാന് ആശ്വാസം. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും നൽകുന്ന മികച്ച തുടക്കം റഹ്മത്ത് ഷാ, ഹഷ്മത്തുള്ളാഹ് ഷാഹിദിയും മുതലാക്കുന്നു. അസ്മത്തുള്ള ഒമറൈസിയും ഇക്രം അലിഖിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ കഴിയുന്നവരാണ്. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്താൻ മുഹമ്മദ് നബിക്കും റാഷിദ് ഖാനും കഴിയും.
സ്പിൻ കരുത്താണ് അഫ്ഗാന്റെ ബൗളിംഗ് പ്രതീക്ഷ. റാഷിദിനും നബിക്കുമൊപ്പം മുജീബ് റഹ്മാനും ചേരുമ്പോൾ അഫ്ഗാൻ ആരെയും തോൽപ്പിക്കാൻ കഴിയുന്ന നിരയാവുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക. പരിചയസമ്പന്നനായ എയ്ഞ്ചലോ മാത്യൂസിന്റെ തിരിച്ചുവരവ് ശ്രീലങ്കൻ നിരയെ ഉണർത്തിയിട്ടുണ്ട്.
പത്തും നിസങ്ക, കുശൽ പെരേര, കുശൽ മെൻഡിൻസ്, സദീര സമരവിക്രമ തുടങ്ങിയ മികച്ച ബാറ്റർമാർ ലങ്കയ്ക്കുണ്ട്. ഓൾ റൗണ്ട് പ്രകടനമാണ് എയ്ഞ്ചലോ മാത്യൂസിൽ നിന്നും ലങ്കൻ ആരാധകർ പ്രതീക്ഷിക്കുന്നത്. പോയിന്റ് ടേബിളിലെ മുന്നേറ്റം ഇരുടീമുകളും ലക്ഷ്യമിടുമ്പോൾ ആവേശകരമായ മത്സരം പ്രതീക്ഷിക്കാം.