അനായാസം ലങ്ക; ചാമ്പ്യന്മാരെ എട്ട് വിക്കറ്റിന് തകര്‍ത്തു

ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്
അനായാസം ലങ്ക; ചാമ്പ്യന്മാരെ എട്ട് വിക്കറ്റിന് തകര്‍ത്തു

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ശ്രീലങ്ക. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ ആധികാരിക വിജയമാണ് സിംഹളപ്പട സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് എന്ന കുഞ്ഞന്‍ വിജയലക്ഷ്യം വെറും 25.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിന് ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്.

അര്‍ധ സെഞ്ച്വറി നേടിയ പതും നിസ്സങ്കയും സദീര സമരവിക്രമയുമാണ് ലങ്കയുടെ വിജയം എളുപ്പമാക്കിയത്. സമരവിക്രമ പുറത്താകാതെ 65 റണ്‍സും നിസ്സങ്ക പുറത്താകാതെ 77 റണ്‍സും അടിച്ചുകൂട്ടി. ഇരുവരും 137 റണ്‍സ് കൂട്ടിചേര്‍ത്തു. കുശാല്‍ പെരേരയും (4) കുശാല്‍ മെന്‍ഡിസുമാണ് (11) ലങ്കന്‍ നിരയില്‍ പുറത്തായത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ലങ്കയുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ 33.2 ഓവര്‍ മാത്രമേ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചുള്ളൂ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഏയ്ഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് സിംഹള ബൗളിംഗിന്റെ മൂര്‍ച്ഛകൂട്ടിയത്. ലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര മൂന്നും മാത്യൂസ്, കസുന്‍ രജിത എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമായിരുന്നു ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെന്ന നിലയില്‍ കരുത്തോടെ മുന്നേറുകയായിരുന്നു ഇംഗ്ലീഷ് പട. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് കൂടെ ചേര്‍ക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റന്‍ എന്നിവര്‍ പ്രതിരോധം തീര്‍ക്കാതെ മടങ്ങിയതാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് വിനയായത്.

മുന്‍നിരയില്‍ 25 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളടക്കം 28 റണ്‍സെടുത്ത ഡേവിഡ് മലാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മികച്ച സ്‌കോറിലെത്തും മുന്‍പ് മലാനെ പുറത്താക്കി ഏയ്ഞ്ചലോ മാത്യൂസാണ് ബൗളിംഗ് ആക്രമണത്തിന് തുടക്കമിടുന്നത്. പത്താം ഓവറില്‍ വണ്‍ ഡൗണായി എത്തിയ ജോ റൂട്ടും മടങ്ങി. പത്ത് പന്തുകളില്‍ നിന്നും വെറും മൂന്ന് റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന റൂട്ടിനെ ഏയ്ഞ്ചലോ മാത്യൂസ് മിന്നും ഫീല്‍ഡിംഗിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. അപ്രതീക്ഷിതമായി രണ്ടാം വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായി.

14ാം ഓവറില്‍ ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയും മടങ്ങി. 31 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 30 റണ്‍സ് നേടിയ ബെയര്‍സ്റ്റോയെ കസുന്‍ രജിത ധനഞ്ജയ ഡി സില്‍വയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും ലിയാം ലിവിങ്സ്റ്റണും അധിക സംഭാവനകളൊന്നും നല്‍കാതെ മടങ്ങി. ബട്ട്ലറെ (8) കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ചും ലിവിങ്സ്റ്റണെ (1) വിക്കറ്റിന് മുന്നില്‍ കുരുക്കിയും ലഹിരു കുമാരയാണ്. പിന്നീട് ക്രീസിലെത്തിയ മൊയീന്‍ അലി (15) ഏയ്ഞ്ചലോ മാത്യൂസിന് ഇരയായി മാറി. എട്ടാമനായി ക്രീസിലെത്തിയ ക്രിസ് വോക്സിനെ കസുന്‍ രജിത സംപൂജ്യനാക്കി മടക്കി.

ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ബെന്‍ സ്റ്റോക്സ് ക്രീസിലുറച്ചുനില്‍ക്കുന്നുണ്ടായിരുന്നു. 73 പന്തില്‍ നിന്ന് 43 റണ്‍സ് നേടി ഇംഗ്ലീഷ് പടയുടെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തുമ്പോഴാണ് സ്റ്റോക്സിനെ മടക്കി ലഹിരു കുമാര വില്ലനാകുന്നത്. ആദില്‍ റാഷിദിനെ (2) കുശാല്‍ മെന്‍ഡിസ് റണ്ണൗട്ടാക്കുകയും മാര്‍ക് വുഡിനെ (5) മഹീഷ് തീക്ഷ്ണയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com