ചിന്നസ്വാമിയിൽ ലങ്കൻ കൊടുങ്കാറ്റ്; ഇംഗ്ലീഷ് പടയെ 156 റൺസിന് എറിഞ്ഞിട്ടു

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഏയ്ഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് സിം​ഹള ബൗളിം​ഗിന്റെ മൂ‍‍ർച്ഛകൂട്ടിയത്
ചിന്നസ്വാമിയിൽ ലങ്കൻ കൊടുങ്കാറ്റ്; ഇംഗ്ലീഷ് പടയെ 156 റൺസിന് എറിഞ്ഞിട്ടു

ബെംഗളൂരു: ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 157 റൺസ് വിജയലക്ഷ്യം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 156 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ലങ്കയുടെ മികച്ച ബൗളിങ്ങിന് മുന്നിൽ 33.2 ഓവർ മാത്രമേ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാൻ സാധിച്ചുള്ളൂ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഏയ്ഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് സിം​ഹള ബൗളിം​ഗിന്റെ മൂ‍‍ർച്ഛകൂട്ടിയത്. ലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര മൂന്നും മാത്യൂസ്, കസുൻ രജിത എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസെന്ന നിലയിൽ കരുത്തോടെ മുന്നേറുകയായിരുന്നു ഇംഗ്ലീഷ് പട. എന്നാൽ സ്കോർ ബോർഡിൽ 40 റൺസ് കൂടെ ചേർക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ക്യാപ്റ്റൻ ജോസ് ബട്ലർ, ലിയാം ലിവിങ്സ്റ്റൻ എന്നിവർ പ്രതിരോധം തീർക്കാതെ മടങ്ങിയതാണ് മുൻ ചാമ്പ്യൻമാർക്ക് വിനയായത്.

മുൻനിരയിൽ 25 പന്തിൽ നിന്ന് ആറ് ബൗണ്ടറികളടക്കം 28 റൺസെടുത്ത ഡേവിഡ് മലാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മികച്ച സ്കോറിലെത്തും മുൻപ് മലാനെ പുറത്താക്കി ഏയ്ഞ്ചലോ മാത്യൂസാണ് ബൗളിം​ഗ് ആക്രമണത്തിന് തുടക്കമിടുന്നത്. പത്താം ഓവറിൽ വൺ ഡൗണായി എത്തിയ ജോ റൂട്ടും മടങ്ങി. പത്ത് പന്തുകളിൽ നിന്നും വെറും മൂന്ന് റൺസെടുത്ത് നിൽക്കുകയായിരുന്ന റൂട്ടിനെ ഏയ്ഞ്ചലോ മാത്യൂസ് മിന്നും ഫീൽഡിം​ഗിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. അപ്രതീക്ഷിതമായി രണ്ടാം വിക്കറ്റ് വീണതോടെ ഇം​ഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമായി.

14-ാം ഓവറിൽ ഓപ്പണർ ജോണി ബെയർസ്റ്റോയും മടങ്ങി. 31 പന്തിൽ മൂന്ന് ബൗണ്ടറിയടക്കം 30 റൺസ് നേടിയ ബെയർ‌സ്റ്റോയെ കസുൻ രജിത ധനഞ്ജയ ഡി സിൽവയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റൻ ജോസ് ബട്ട്‌ലറും ലിയാം ലിവിങ്സ്റ്റണും അധിക സംഭാവനകളൊന്നും നൽകാതെ മടങ്ങി. ബട്ട്‌ലറെ (8) കുശാൽ മെൻഡിസിന്റെ കൈകളിലെത്തിച്ചും ലിവിങ്സ്റ്റണെ (1) വിക്കറ്റിന് മുന്നിൽ കുരുക്കിയും ലഹിരു കുമാരയാണ്. പിന്നീട് ക്രീസിലെത്തിയ മൊയീൻ അലി (15) ഏയ്ഞ്ചലോ മാത്യൂസിന് ഇരയായി മാറി. എട്ടാമനായി ക്രീസിലെത്തിയ ക്രിസ് വോക്‌സിനെ കസുൻ രജിത സംപൂജ്യനാക്കി മടക്കി.

ഒരുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും ബെൻ സ്‌റ്റോക്‌സ് ക്രീസിലുറച്ചുനിൽക്കുന്നുണ്ടായിരുന്നു. 73 പന്തിൽ നിന്ന് 43 റൺസ് നേടി ഇംഗ്ലീഷ് പടയുടെ പ്രതീക്ഷകൾ സജീവമാക്കി നിർത്തുമ്പോഴാണ് സ്റ്റോക്‌സിനെ മടക്കി ലഹിരു കുമാര വില്ലനാകുന്നത്. ആദിൽ റാഷിദിനെ (2) കുശാൽ മെൻഡിസ് റണ്ണൗട്ടാക്കുകയും മാർക് വുഡിനെ (5) മഹീഷ് തീക്ഷ്ണയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com