ആവേശം നിറഞ്ഞ ആദ്യ ലോകകപ്പിന്റെ ഫൈനൽ; ഓസീസിനെ റൺഔട്ടാക്കിയ വിൻഡീസ്

ഓസ്ട്രേലിയയുടെ അഞ്ച് താരങ്ങളാണ് ആദ്യ ലോകകപ്പിന്റെ ഫൈനലിൽ റൺഔട്ടായത്
ആവേശം നിറഞ്ഞ ആദ്യ ലോകകപ്പിന്റെ ഫൈനൽ; ഓസീസിനെ റൺഔട്ടാക്കിയ വിൻഡീസ്

ആദ്യ ലോകകപ്പിന്റെ കലാശപ്പോരിന് വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയുമാണ് യോഗ്യത നേടിയത്. ഒരു മത്സരം പോലും തോൽക്കാതെയാണ് വെസ്റ്റ് ഇൻഡീസ് ലോകകപ്പിന്റെ ഫൈനലിനെത്തിയത്. വെസ്റ്റ് ഇൻഡീസിനോട് മാത്രം തോറ്റാണ് ഓസ്ട്രേലിയയുടെ ഫൈനൽ പ്രവേശനം. കലാശപ്പോരിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ഇയാൻ ചാപ്പൽ വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയച്ചു. ചാപ്പലിന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമായിരുന്നു ഓസീസ് ബൗളർമാർ പുറത്തെടുത്തത്.

വെസ്റ്റ് ഇൻഡീസ് സ്കോർബോർഡിൽ 50 റൺസ് കുറച്ചപ്പോഴേയ്ക്കും റോയി ഫ്രെഡറിക്സും ​ഗോൾഡൻ ​ഗ്രീനിഡ്ജും ആൽവിൻ കാളീചരണും ഡ്രസിങ് റൂമിൽ മടങ്ങിയെത്തി. രോഹൻ കൻഹായും ക്ലൈവ് ലോയ്ഡും ഒന്നിച്ചതോടെ വെസ്റ്റ് ഇൻഡീസ് സ്കോർബോർഡ് മുന്നോട്ട് നീങ്ങി. ലോയ്ഡ് പിന്തുണ നൽകാനായിരുന്നു കൻഹായി ശ്രമിച്ചത്. അടിച്ചുതകർക്കാനായിരുന്നു ലോയ്ഡിന് താൽപ്പര്യം. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 149 റൺസ്. അതിൽ 102 റൺസ് ലോയ്ഡിന്റെ ബാറ്റിൽ നിന്നായിരുന്നു പിറന്നത്. 85 പന്തിൽ 12 ഫോറും രണ്ട് സിക്സും ലോയ്ഡിന്റെ സെഞ്ചുറിയിൽ ഉൾപ്പെടുന്നു.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ക്ലാസിക്ക് ഇന്നിം​ഗ്സുകളുടെ പട്ടികയിൽ ലോയ്ഡിന്റെ സെഞ്ചുറി ഇടംപിടിച്ചു. കൻഹായി 55 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ കീത്ത് ബോയ്സ്, ബെർണാർഡ് ജൂലിയൻ എന്നിവരുടെ സംഭാവനകൾ വെസ്റ്റ് ഇൻഡീസിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചു. 8 വിക്കറ്റിന് 291 റൺസ് നേടിയാണ് വിൻഡീസ് ബാറ്റർമാർ കളം വിട്ടത്. അ‍ഞ്ച് വിക്കറ്റുകൾ നേടിയ ​ഗാരി ​ഗിൽമറാണ് ഓസ്ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ മെല്ലെ തിരിച്ചടിച്ചു. 39 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റിന് 162 റൺസെന്ന സുരക്ഷിത നിലയിലാരുന്നു. എന്നാൽ 58.4 ഓവറിൽ ഓസ്ട്രേലിയ 274 റൺസിന് ഓൾ ഔട്ടായി. അഞ്ച് ബാറ്ററുമാരാണ് ഓസീസ് നിരയിൽ റൺഔട്ടായത്. അലൻ ടർണറെയും ഇയാൻ ചാപ്പലിനെയും ​ഗ്രെയ്​ഗ് ചാപ്പലിനെയും വിവിയൻ റിച്ചാർഡ്സ് റൺഔട്ടാക്കി. മാക്സ് വാക്കറിനെ വാൻബേൺ ഹോൾഡറും ജെഫ് തോംസണെ ഡെറിക് മുറൈയും റൺഔട്ടാക്കി. 17 റൺസിന്റെ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ആദ്യ ലോകകപ്പ് സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com