ലോകകപ്പ് ചരിത്രത്തിലെ നാടകീയത നിറഞ്ഞ ആദ്യ മത്സരം; വിൻഡീസിന് വെല്ലുവിളി ഉയർത്തിയ പാകിസ്താൻ

203 റൺസിൽ 9 വിക്കറ്റുകൾ വീഴുമ്പോൾ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ 64 റൺസ് കൂടി വേണമായിരുന്നു
ലോകകപ്പ് ചരിത്രത്തിലെ നാടകീയത നിറഞ്ഞ ആദ്യ മത്സരം; വിൻഡീസിന് വെല്ലുവിളി ഉയർത്തിയ പാകിസ്താൻ

ഏകദിന ലോകകപ്പിന്റെ ആദ്യ പതിപ്പ് നടന്നത് 1975ലാണ്. ലോകോത്തര നിരയായ വെസ്റ്റ് ഇൻഡീസിന്റെ പടയോട്ടം മാത്രമായിരുന്നില്ല ആദ്യ ലോകകപ്പ്. ചില മത്സരങ്ങൾ ഒരു കായിക മത്സരത്തിന്റെ എല്ലാ ആവേശവും പകരുന്നതായിരുന്നു. അത്തരത്തിൽ ലോകകപ്പിലെ ആദ്യത്തെ ആവേശം നിറഞ്ഞ മത്സരമായിരുന്നു പാകിസ്താനും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്നത്.

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. പാക് നായകൻ മാജിദ് ഖാനും മുഷ്താഖ് മുഹമ്മദും വസിം രാജയും അർദ്ധ സെഞ്ചുറികൾ നേടി. 60 ഓവറിൽ പാകിസ്താൻ 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. അന്നത്തെ കാലത്ത് മികച്ച സ്കോറായിരുന്നു ഇത്. എങ്കിലും ഇതിഹാസങ്ങളാൽ അണിനിരന്ന വെസ്റ്റ് ഇൻഡീസിന് ഈ സ്കോർ ചെറുതായിരുന്നു. പക്ഷേ കളി മാറിമറിഞ്ഞു. ഫ്രെഡറിക്സിനെയും ​ഗ്രീനിഡ്ജിനെയും കാളീചരണെയും പുറത്താക്കി പാക് പേസർ സർഫറാസ് നവാസ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. രോഹൻ കൻഹായി, വിവിയൻ റിച്ചാർഡ്സ് എന്നിവർ ക്രീസിലേക്ക് പോയത് പോലെ മടങ്ങി. സ്കോർ വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് 99 റൺസ്.

നായകൻ ക്ലൈവ് ലോയ്ഡ് ക്രീസിൽ ഉണ്ടായിരുന്നതിനാൽ വിൻഡീസിന് പരാജയ ഭീതി ഉണ്ടായിരുന്നില്ല. ലോയ്ഡ് അർദ്ധ സെഞ്ചുറി കടന്നു. പക്ഷേ ബാറ്ററായി ​ടീമിലെത്തിയ ജാവേദ് മിയാൻദാദ് ബൗളിങ്ങും പരീക്ഷിച്ചു. 53 റൺസെടുത്ത ലോയ്ഡ് മടങ്ങുമ്പോൾ വെസ്റ്റ് ഇൻഡീസ് 7 വിക്കറ്റിന് 151 റൺസെന്ന നിലയിലായി. പക്ഷേ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. എട്ടാമനായി ക്രീസിലെത്തിയ ഡെറിക് മുറൈ ക്രീസിൽ ഉറച്ചു. മറുവശത്ത് രണ്ട് വിക്കറ്റുകൾ കൂടി വീണു. 44 ഓവറിൽ മത്സരമെത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 9 വിക്കറ്റിന് 203 റൺസ്. പാകിസ്താന് ജയിക്കാൻ ഒരു വിക്കറ്റ് മാത്രം മതി. വെസ്റ്റ് ഇൻഡീസിനാവട്ടെ 64 റൺസ് കൂടി വേണം.

അവസാന സ്ഥാനക്കാരനായി ആൻഡി റോബർട്ട്സ് ക്രീസിലെത്തി. മുറൈയും റോബർട്ട്സും ഒന്നിച്ചു. 10-ാം വിക്കറ്റ് വീഴ്ത്താൻ പാക് പേസർമാർ മാറിമാറിയെത്തി. 59 ഓവറുകൾ പൂർത്തിയായപ്പോൾ വെസ്റ്റ് ഇൻഡീസ് 9 വിക്കറ്റിന് 262 റൺസ്. അവസാന ഒരോവറിൽ ജയിക്കാൻ അഞ്ച് റൺസ് കൂടി വേണം. പ്രധാന ബൗളർമാരെല്ലാം ബൗളിങ് പൂർത്തിയാക്കി. പാക് നായകൻ മാജിദ് ഖാൻ പന്ത് വസിം രാജയെ ഏൽപ്പിച്ചു.

ആദ്യ പന്തിൽ ലെ​ഗ് ബൈയിലൂടെ രണ്ട് റൺസ്. അടുത്ത് പന്തിലും രണ്ട് റൺസ് വന്നതോടെ മത്സരം സമനില ആയി. നാലാം പന്തിൽ സിം​ഗിൾ വന്നതോടെ വെസ്റ്റ് ഇൻഡ‍ീസ് ജയത്തിലേക്ക്. ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ച പാകിസ്താൻ തോൽവിയോടെ മടങ്ങി. ഒരു കായിക മത്സരത്തിന്റെ എല്ലാ ആവേശവും അനിശ്ചിത്തവും നിറഞ്ഞുനിന്ന മത്സരം. ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ നാടകീയത നിറഞ്ഞ മത്സരങ്ങളിലൊന്നായി പാകിസ്താൻ-വെസ്റ്റ് ഇൻഡീസ് പോരാട്ടം കുറിക്കപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com