പ്രതീക്ഷയാണ് അഫ്​ഗാൻ നിര; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 25 നാൾ

ക്രിക്കറ്റ് ലോകത്തെ പല വമ്പന്മാരെയും അഫ്​ഗാനിസ്ഥാൻ ഇതിനോടകം വിറപ്പിച്ചിട്ടുണ്ട്
പ്രതീക്ഷയാണ് അഫ്​ഗാൻ നിര; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 25 നാൾ

അവസാന നിമിഷം വരെയും ക്രിക്കറ്റ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടങ്ങള്‍. ഒടുവില്‍ നിര്‍ഭാഗ്യത്തിന്റെ കാലിൽ തട്ടി തോല്‍വിയിലേക്ക് വീഴുന്ന ആവര്‍ത്തനങ്ങള്‍. അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം. ഏറ്റവും ഒടുവില്‍ പാകിസ്താനെതിരായ പരമ്പരയിലും ശ്രീലങ്കയ്ക്ക് എതിരെ ഏഷ്യാ കപ്പിലും അത് തന്നെ സംഭവിച്ചു. ഇനി ലോകകപ്പാണ് മുന്നിലുള്ളത്. ഐസിസി റാങ്കിങ്ങില്‍ ആദ്യ എട്ടില്‍ ഉള്ളതിനാല്‍ യോഗ്യതാ മത്സരം കളിക്കാതെയാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് യോഗ്യത നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ കരുത്തരായ ഇന്ത്യയെ വിറപ്പിച്ചു വിട്ട അഫ്ഗാന്റെ പോരാട്ടവീര്യത്തിന് മുമ്പില്‍ ക്രിക്കറ്റ് വമ്പന്മാരെല്ലാം വിറച്ചിട്ടുണ്ട്. ഭാഗ്യം കൂടി തുണച്ചാല്‍ ഇത്തവണത്തെ ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി ഉണ്ടാകുമെന്ന് ഉറപ്പാണ്.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ലോകജനതയ്ക്ക് അത് അഭിമാനമാണ്. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഭൂമിയില്‍ നിന്നാണ് അവര്‍ വരുന്നത്. അത് അവര്‍ക്ക് പുതിയ കാര്യമല്ല. 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് പ്രചാരത്തിലുണ്ടായിരുന്നു. ബ്രിട്ടണ്‍ ആണ് അഫ്ഗാനില്‍ ക്രിക്കറ്റിന്റെ വിത്തുപാകിയത്. എങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ശക്തികളായി ഉയര്‍ന്നതാണ് അഫ്ഗാന്റെ മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍. പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ക്രിക്കറ്റ് പ്രചാരം നേടി. 1995ല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രൂപീകരിച്ചു.

2001 ല്‍ അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീം രൂപീകരിച്ചു. അതേ വര്‍ഷം ഐസിസി അഫ്ഗാന്‍ ടീമിന് അംഗീകാരവും നല്‍കി. അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് പിന്നീട് അഫ്ഗാന്‍ ക്രിക്കറ്റ് നടത്തിയത്. 2003 ല്‍ ഏഷ്യന്‍ ക്രിക്കറ്റിലെ ഒരു അസോസിയേറ്റ് അംഗം മാത്രമായിരുന്നു അഫ്ഗാനിസ്ഥാന്‍. 2006 ല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ട്രോഫിയുടെ സെമിയിലെത്തി. അസോസിയേറ്റ് രാജ്യങ്ങൾക്കിടയിലെ മികച്ച പ്രകടനം തുടർന്നു. യോ​ഗ്യതാ റൗണ്ടിൽ അയർലൻഡിനെ തോൽപ്പിച്ച് 2010ലെ ട്വന്റി 20 ലോകകപ്പിന് അഫ്​ഗാനിസ്ഥാൻ യോഗ്യത നേടി.

2012 ലാണ് ടെസ്റ്റ് പദവിയുള്ള രാജ്യത്തിനിരെ അഫ്ഗാനിസ്ഥാന്‍ ആദ്യ ഏകദിനം കളിക്കുന്നത്. പാകിസ്താനാണ് എതിരാളികള്‍. മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടു. എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അഫ്ഗാന്റെ കടന്നുവരവിന്റെ ആദ്യ ദിനമായിരുന്നു അത്. പിന്നാലെ 2011ല്‍ നഷ്ടമായ ലോകകപ്പ് പ്രവേശം 2015ല്‍ അഫ്ഗാനിസ്ഥാന്‍ സാധ്യമാക്കി. സ്‌കോട്ലാന്‍ഡിനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ആദ്യ ലോകകപ്പ് വിജയം. 2017ല്‍ ടെസ്റ്റ് പദവിയും അഫ്ഗാന്‍ ക്രിക്കറ്റ് സ്വന്തമാക്കി. അതിനിടെ അണ്ടര്‍ 19 ക്രിക്കറ്റിലെ മികച്ച പ്രകടനം വരാനിരിക്കുന്ന അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച സൂചിപ്പിച്ചു.

2018 ല്‍ ഇന്ത്യയ്ക്കെതിരെ ആയിരുന്നു അഫ്ഗാനിസ്ഥാന്‍ ആദ്യ ടെസ്റ്റ് കളിച്ചത്. അജിന്‍ക്യ രഹാനെ നയിച്ച ടീമിനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞില്ല. പക്ഷേ 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിച്ച ടീമായി അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു. മത്സരം ഇന്ത്യ ജയിച്ചെങ്കിലും ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇടംപിടിച്ചു.

2021 അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവി ചോദ്യം ചെയ്ത വര്‍ഷമായിരുന്നു. ക്രീസിനും സ്റ്റേഡിയത്തിനും വെളിയിലായിരുന്നു അഫ്ഗാന്‍ ക്രിക്കറ്റിന് വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വന്നത്. അഫ്ഗാന്‍ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ രാജ്യം വിട്ടോടുന്നവരുടെ കാഴ്ച ദയനീയമായിരുന്നു. പലായനത്തിന്റെ വഴിതേടി തിങ്ങിനിറഞ്ഞ വിമാനത്താവളങ്ങള്‍ വരാനിരിക്കുന്ന അപകടത്തിന്റെ നേര്‍ക്കാഴ്ചകളായി. സ്വാതന്ത്ര്യത്തിന്റെ ചിറകരിയപ്പെട്ടു. താലിബാന്‍ അധിനിവേശം കായിക മേഖലയിലേക്കും കടന്നെത്തി. അഫ്ഗാന്‍ പുരുഷ ടീമിന് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചത് ക്രിക്കറ്റ് ലോകത്തിന് ആശ്വാസമായി.

പുരുഷ ക്രിക്കറ്റ് ടീമിനോ പുരുഷന്‍മാരുടെ കായിക ഇനങ്ങള്‍ക്കോ വിലക്കില്ലെന്നു താലിബാന്‍ അറിയിച്ചു. വനിതകളുടെ മത്സരങ്ങളിലെല്ലാം വിലക്കുകള്‍ വന്നു. വനിത താരങ്ങള്‍ ഓസ്ട്രേലിയയിലും കാനഡയിലും അഭയം പ്രാപിച്ചു. നിരോധനങ്ങള്‍ക്ക് താലിബാന്‍ പറഞ്ഞ ന്യായങ്ങള്‍ ലോകത്തെ അതിശയപ്പെടുത്തി. കായിക ഇനങ്ങളില്‍ വനിതകള്‍ക്കു മുഖമോ ശരീരമോ മറയ്ക്കാന്‍ കഴിയില്ലെന്നതാണ് എല്ലാ വിലക്കുകളുടെയും അടിസ്ഥാനം.

കലഹങ്ങളും കലാപങ്ങളും സിംഹാസനത്തിലിരിക്കുന്ന ഒരു നാട്ടില്‍നിന്നാണ് അഫ്ഗാന്‍ ടീം ഓരോ വിജയവും നേടിയെടുക്കുന്നത്. ഐസിസി റാങ്കിങ്ങില്‍ ആദ്യ എട്ടില്‍ ഉള്ളതിനാല്‍ യോഗ്യതാ മത്സരങ്ങള്‍ പോലും കളിക്കാതെയാണ് അഫ്ഗാന്‍ ലോകകപ്പിനെത്തുന്നത്. പാകിസ്താനെതിരെ നടത്തിയ മിന്നും പ്രകടനം എടുത്ത് നോക്കിയാല്‍ ഒരു കാര്യം വ്യക്തം. വമ്പന്മാര്‍ ഒന്നു കരുതിയിരിക്കുക. അഫ്ഗാനില്‍ നിന്ന് ഒരു അട്ടിമറി ഉണ്ടായേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com