അബുദബി വിമാനത്താവളം; പുതിയ ടെര്മിനല് നവംബര് ഒന്ന് മുതൽ പ്രവര്ത്തിക്കും

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്മിനലുകളില് ഒന്നാണ് യാത്രക്കാരെ വരവേല്ക്കാന് തയ്യാറെടുക്കുന്നത്

dot image

അബുദബി: രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്മിനല് അടുത്ത മാസം ഒന്നിന് പ്രവര്ത്തനം ആരംഭിക്കും. ഈ മാസം 31ന് ഇത്തിഹാദ് എയര്വെയ്സ് പുതിയ ടെര്മിനലില് നിന്നും ഉദ്ഘാടന പറക്കല് നടത്തുമെന്ന് എയര്പോര്ട്ട് അതോറിറ്റി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്മിനലുകളില് ഒന്നാണ് യാത്രക്കാരെ വരവേല്ക്കാന് തയ്യാറെടുക്കുന്നത്.

വിമാനങ്ങളുടെ പരിശീലന പറക്കല് ഉള്പ്പെടെ എല്ലാ സുരക്ഷാ നടപടികളും പൂര്ത്തിയാക്കിയാണ് അബുദബി വിമാനത്താവളത്തിലെ പുതിയ ഗ്രീന്ഫീല്ഡ് ടെര്മിനല് യത്രക്കാരെ വരവേല്ക്കാന് തയ്യാറെടുക്കുന്നത്. അടുത്ത മാസം ഒന്നിന് പുതിയ ടെര്മിനലില് നിന്ന് സര്വീസ് ആരംഭിക്കും. വിസ് എയര് അടക്കം 15 എയര്ലൈനുകളായിരിക്കും ആദ്യ ദിനം ഇവിടെ നിന്ന് സര്വീസ് നടത്തുക.

നവംബര് ഒമ്പത് മുതൽ ഇത്തിഹാദ് എയര്വെയ്സ് പ്രതിദിനം 16 സര്വീസുകള് ആരംഭിക്കും. നവംബര് 10 മുതല് ഇത്തിഹാദ് എയര്വെയ്സിന്റെ മുഴുവന് സര്വീസുകളും പുതിയ ടെര്മിനലിലേക്ക് മാറ്റും. എയര് അറേബ്യ അടക്കം 24 എയര്ലൈനുകളും നവംബര് 14 മുതല് പുതിയ ടെര്മിനലില് നിന്ന് സര്വീസ് തുടങ്ങും. രണ്ട് ആഴ്ച്ചക്കാലം നീണ്ടുനില്ക്കുന്ന മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും എയര്ലൈനുകള് പുതിയ ടെര്മിനലിലേക്ക് മാറുക.

മണിക്കൂറില് 11,000 യാത്രക്കാരെ ഉള്ക്കൊളളാന് ശേഷിയുളളതാണ് പുതിയ ടെര്മിനല്. പ്രതിവര്ഷം 45 ദശലക്ഷം ആളുകള് ഇത് വഴി യാത്ര ചെയ്യും. കൂടുതല് യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനും വേഗത്തില് ചരക്ക് നീക്കം സാധ്യമാക്കുന്നതിനും ആവശ്യമായ ആധുനിക ക്രമീകരണങ്ങളും പുതിയ ടെര്മിനലില് ഉണ്ട്. എമിഗ്രേഷന് നടപടികള്ക്കായി ഇന്റര് കണക്റ്റഡ് ബയോമെട്രിക് സംവിധാനം, സെല്ഫ് സര്വീസ് കിയോസ്കുകള് ആധുനിക രീതിയിലുളള സെക്യുരിറ്റി ചെക്ക് ഇന് പോയിന്റുകള് എന്നിവയും മിഡ്ഫീല്ഡ് ടെര്മിനലിന്റെ പ്രത്യേകതയാണ്. 2012ല് ആരംഭിച്ച നിര്മ്മാണ പ്രവര്ത്തനങ്ങള് 2017 പൂര്ത്തിയാക്കാന് ലക്ഷ്യമിട്ടെങ്കിലും പല കാരണങ്ങള് കൊണ്ട് നീണ്ടുപോവുകയായിരുന്നു. 1080 കോടി ദിര്ഹം മുതല് മുടക്കിലാണ് പുതിയ ടെര്മിനല് സജ്ജമാക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image