'യൂത്ത് കോൺഗ്രസിനെ അപമാനിക്കുന്നത്'; തന്നെ പ്രസിഡന്റാക്കണമെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കെതിരെ അബിൻ വർക്കി

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു

'യൂത്ത് കോൺഗ്രസിനെ അപമാനിക്കുന്നത്'; തന്നെ പ്രസിഡന്റാക്കണമെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കെതിരെ അബിൻ വർക്കി
dot image

കൊച്ചി: തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. ഇത് യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടി ആരോ ഇറക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന സന്ദേശമുള്‍പ്പെടെ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അബിന്‍ വര്‍ക്കിയുടെ വിശദീകരണം.

'എന്നെ അധ്യക്ഷന്‍ ആക്കിയില്ലെങ്കില്‍ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും എന്നാണ് ഈ മെസ്സേജില്‍ പറഞ്ഞിരിക്കുന്നത്. ഇത് യൂത്ത് കോണ്‍ഗ്രസിനെ അപമാനിക്കാന്‍ വേണ്ടി ആരോ ഇറക്കുന്നതാണ്. ഇതുപോലുള്ള വ്യാജ പ്രചരണങ്ങള്‍ കൊണ്ട് യൂത്ത് കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തെയും ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും ആണ് ശ്രമിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് ഏത് വിധേനയും മറുപടി നല്‍കും', അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കൂടിയാലോചിച്ച് തീരുമാനങ്ങള്‍ എടുക്കും. അതുകൊണ്ട് അനാവശ്യമായ പ്രചരണങ്ങള്‍ ആര് നടത്തിയാലും അതിനെ തള്ളിക്കളയണമെന്ന് അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുളളില്‍ ഭിന്നത പുകയുകയാണെന്നാണ് വിവരം. ബിനു ചുളളിയിലിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കരുതെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. അബിന്‍ വര്‍ക്കിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടരിമാരായ ടി എം മനേഷ്, ഷഹനാസ് സലാം, എം പി സുബ്രമണ്യന്‍ എന്നിവര്‍ രംഗത്തെത്തി. അബിന്‍ വര്‍ക്കിക്കു പുറമേ ഒ ജെ ജനീഷ്, കെ എം അഭിജിത്, ബിനു ചുളളിയില്‍ എന്നിവരെയാണ് സംഘടനാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Content Highlights: Abin Varkey says whatsapp message about his president post in Youth Congress is false

dot image
To advertise here,contact us
dot image