
മസ്‌കത്ത്: ഒമാനിൽ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തുന്നത് ഒഴിവാക്കണമെന്ന് ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. നിയമ ലംഘകർക്ക് മൂന്ന് മാസത്തിൽ കൂടാത്ത തടവും അഞ്ഞൂറ് ഒമാനി റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഇവയിലൊന്നോ ശിക്ഷയായി ലഭിക്കുമെന്നും ആർഒപി പറയുന്നു.
ഇത്തരം പ്രവർത്തനങ്ങൾ പൊതുസുരക്ഷക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ആർ.ഒ.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആർ ഒപി ഓർമിപ്പിച്ചു. എല്ലാവരും സുരക്ഷിതമായ റോഡ് ഗതാഗതം വളർത്തിയെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആർഒപി ആഹ്വാനം ചെയ്തു. ട്രാഫിക്ക് നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കാനായി എഐ കാമറകളും ഒമാൻ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.
Content Highlights- Oman Police to Monitor driving