കുവൈറ്റിൽ ജലീബ് അല്‍-ശുയൂഖ് മേഖലയിലെ 42 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു; മലയാളികളുടെ ഉൾപ്പെടെ താമസസ്ഥലം

വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുകയും നിയമലംഘനം നടത്തുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി

കുവൈറ്റിൽ ജലീബ് അല്‍-ശുയൂഖ് മേഖലയിലെ 42 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു; മലയാളികളുടെ ഉൾപ്പെടെ താമസസ്ഥലം
dot image

കുവൈറ്റിൽ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ജലീബ് അല്‍-ശുയൂഖ് മേഖലയിലെ 42 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സുരക്ഷാ ഭീഷണി നേരിടുന്ന പഴക്കമേറിയ കെട്ടിടങ്ങളാണ് ഇന്ന് രാവിലെ മുതല്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. ഫര്‍വാനിയ ഗവര്‍ണറേറ്റ് നഗരസഭ സേഫ്റ്റി മാനേജ്മെന്റ് വിഭാഗം തലവന്‍ എഞ്ചിനീയര്‍ മുബാറക് അല്‍-വതാരിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടി.

ജലീബ് അല്‍-ശുയൂഖിലെ ബ്ലോക്ക് 1, 2, 3, 4, 10, 13 എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ നഗരസഭ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മനല്‍ അല്‍-അസ്‌ഫോര്‍ നേരത്തെ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ കെട്ടിടങ്ങള്‍ താമസക്കാരുടെയും പരിസരവാസികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് മുന്‍സിപ്പാലിറ്റിയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി പൊളിച്ചുനീക്കല്‍ നടപടികള്‍ ആരംഭിച്ചത്.

അനധികൃത താമസസൗകര്യങ്ങളും വിവിധ നിയമലംഘനങ്ങളും ഇല്ലാതാക്കി ജലീബ് മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുകയും നിയമലംഘനം നടത്തുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ജലീബ് അല്‍ ശുയൂഖ്. അതുകൊണ്ട് തന്നെ മലയാളികളായ പ്രവാസി സമൂഹവും ഏറെ ആശങ്കയോടെയാണ് നടപടിയെ കാണുന്നത്.

Content Highlights: Authorities in Kuwait have started demolishing 42 buildings in the Jleeb Al-Shuyoukh area as part of regulatory and safety measures. The locality is home to a large expatriate population, including many Malayalis.

dot image
To advertise here,contact us
dot image