സൗദിയിലെ മരുഭൂമിയില്‍ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് വെള്ളം കിട്ടാതെ മരിച്ചു; മൃതദേഹം കണ്ടെത്തി

ബലിപെരുന്നാള്‍ ദിവസമാണ് യുവാവ് വീട്ടിൽ നിന്ന് പോയത്
സൗദിയിലെ മരുഭൂമിയില്‍ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് വെള്ളം കിട്ടാതെ മരിച്ചു; മൃതദേഹം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയില്‍ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് മരിച്ചു. സൗദി പൗരനായ യുവാവാണ് മരിച്ചത്. റിയാദ് പ്രവിശ്യയിലെ ശഖ്‌റാക്കിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്ന സന്നദ്ധ സംഘടനകളായ ഔന്‍ സൊസൈറ്റിയുടെയും ഇന്‍ജാദ് സൊസൈറ്റിയുടെയും വളണ്ടിയര്‍മാര്‍ നിരവധി വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്. മരങ്ങള്‍ വളരുന്ന ഗ്യാസ് പമ്പിങ് നിലയത്തിന്റെ കോമ്പൗണ്ടില്‍ പ്രവേശിച്ച് മരത്തണലില്‍ ഇരുന്ന് ക്ഷീണമകറ്റാൻ ഇദ്ദേഹം ശ്രമിച്ചതായി കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്. കോമ്പൗണ്ടിൻ്റെ വേലിക്കു ചുറ്റും യുവാവ് നടന്നെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അവസാനം വെള്ളം ലഭിക്കാതെ വേലിയുടെ അടുത്ത് തളർന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് നിഗമനം. ഉമ്മുഹസം അശൈഖിര്‍ റോഡില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ അല്‍മുസ്തവി മരുഭൂമിയില്‍ അരാംകോയ്ക്കു കീഴിലെ ​ഗ്യാസ് പമ്പിങ് സ്റ്റേഷന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അതേസമയം മരിച്ച യുവാവിന്റെ കാർ കണ്ടെത്തിയിട്ടില്ല. യുവാവിന്റെ വാഹനത്തിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ബലിപെരുന്നാള്‍ ദിവസമാണ് യുവാവ് വീട്ടിൽ നിന്ന് പോയ്ത്. പിന്നീട് യുവാവുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടമായതിനെ തുടർന്ന് കുടുംബം സുരക്ഷാ സം​ഘടനയെ വിവരം അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com