
അബുദബി: യുഎഇയില് ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഒരു മാസം നീണ്ടു നില്ക്കുന്ന ക്ലൗഡ് സീഡിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യത്ത് മഴ ശക്തമാകുന്നത്. വിവിധ എമിറേറ്റുകളില് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കിഴക്കന് മേഖലയിലായിരിക്കും കൂടുതല് മഴ ലഭിക്കുക. രാജ്യത്തെ താപനിലയിലും മാറ്റമുണ്ടാകും. രാത്രി കാലങ്ങളില് അന്തരീക്ഷ ഈര്പ്പം കൂടും. പുലര് കാലങ്ങളിലും രാവിലെയും മൂടല്മഞ്ഞ് ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദൂരക്കാഴ്ച മറയാന് സാധ്യതയുള്ളതിനാല് വാഹനം ഓടിക്കുന്നവര് ജാഗ്രത പുലര്ത്തണമെന്ന് മുന്നറിയിപ്പില് പറയുന്നു. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് വിവിധ റോഡുകളിലെ വേഗ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് മഴ ലഭിച്ചിരുന്നു. ഈ മാസം അവസാനം വരെ ക്ലൗഡ് സീഡിംഗ് തുടരാനാണ് തീരുമാനം.