
ദോഹ: ഖത്തറില് പൊതുസ്ഥലങ്ങളില് മാലിന്യങ്ങള് ഉപേക്ഷിക്കുന്നവര്ക്കെതിരെ നടപടി ശക്തമാക്കി നഗരസഭ മന്ത്രാലയം. നിയമലംഘകര്ക്ക് 10,000 റിയാല് പിഴ ചുമത്തും. ഇത് സംബന്ധിച്ച ബോധവത്ക്കരണ ക്യാമ്പയിനും നഗരസഭ മന്ത്രാലയം ആരംഭിച്ചു. ലോക ശുചീകരണ ദിനാചരണത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമത്തിലൂടെയാണ് പൊതു സ്ഥലങ്ങളില് മാലിന്യങ്ങള് വലിച്ചെറിയുന്നവര് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നഗരസഭാ മന്ത്രാലയം നല്കിയിരിക്കുന്നത്.
പൊതുശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ഓര്മിപ്പിച്ചു. ബീച്ചുകള്, റോഡുകള് എന്നിവിടങ്ങളില് ഭക്ഷണമാലിന്യങ്ങള് വലിച്ചെറിയരുത്. പൊതു ഇടങ്ങളില് മാലിന്യങ്ങള് നിക്ഷേപിക്കുന്നതിന് സ്ഥാപിച്ചിട്ടുളള പെട്ടികളില് മാത്രമെ അവ ഉപേക്ഷിക്കാന് പാടുള്ളൂ.
അനുവദനീയമല്ലാത്ത ഇടങ്ങളില് മാലിന്യം ഉപേക്ഷിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അധികൃതര് വ്യക്തമാക്കി. ഡ്രൈവിംഗിനിടയില് റോഡിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞാല് കനത്ത പിഴക്ക് പുറമെ മൂന്ന് മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പൊതുസ്ഥലത്ത് മാലിന്യങ്ങള് ഉപേക്ഷിക്കുന്നവര്ക്ക് 10,000 റിയാല് ആണ് പിഴയെന്നും മന്ത്രാലയം ഓര്മിപ്പിച്ചു.