Top

ഈ യാത്ര എവിടെ വരെ?; മെസ്സിയുടെ വ്യക്തിഗത മികവിൽ കപ്പടിക്കാനാകുമോ?

എല്ലാ കളിയിലും വ്യക്തിഗത മികവിന്റെ ബലത്തിൽ ജയിച്ചു കയറുക എന്നത് ഇത്തരമൊരു ടൂർണമെന്റിൽ ഏറെക്കുറെ അസാധ്യമാണ്

27 Nov 2022 4:07 PM GMT
സംഗീത് ശേഖര്‍

ഈ യാത്ര എവിടെ വരെ?; മെസ്സിയുടെ വ്യക്തിഗത മികവിൽ കപ്പടിക്കാനാകുമോ?
X

അർജന്റീനയുടെ ആദ്യത്തെ രണ്ടു ഗ്രൂപ്പ് മത്സരങ്ങൾ, താരതമ്യേന ദുർബലരായ എതിരാളികളാണെങ്കിലും കടുത്ത മത്സരങ്ങൾ നേരിടേണ്ടി വരുന്നു. തീർത്തും വ്യത്യസ്തമായ രണ്ടു റിസൾട്ടുകൾ, പക്ഷേ രണ്ടു വ്യത്യസ്തമായ ശൈലികളെയാണ് കൗണ്ടർ ചെയ്യേണ്ടി വരുന്നത്.കടലാസ്സിലെ ദൗർബല്യത്തെ സൗദി അറേബ്യയും മെക്സിക്കോയും കൃത്യമായൊരു പ്ലാനിലൂടെയാണ് മറികടക്കുന്നത്. അർജന്റീന ടാക്റ്റിക്കലി ഔട്ട്‌ പ്ലെ ചെയ്യപ്പെടുന്ന രണ്ടു കളികൾ.

സൗദി അറേബ്യ അർജന്റീനയെ കളിക്കാൻ അനുവദിക്കുന്നു. പക്ഷേ അവർ ഹൈ ലൈൻ ഡിഫൻസാണ് കളിക്കുന്നത്. ഏരിയൽ ബോളുകൾ കൊണ്ട് ബ്രേക്ക് ചെയ്യേണ്ട ഡിഫൻസിനെ ബ്രേക്ക് ചെയ്യാൻ അർജന്റീനക്ക് കഴിയുന്നില്ല. അർജന്റീന ക്ലൂ ലസാകുന്നത് തിരിച്ചറിയുന്ന സൗദി അർജന്റീനിയൻ പ്രതിരോധത്തിന്റെ പിഴവുകളിൽ നിന്നു വരുന്ന രണ്ടവസരങ്ങൾ മുതലെടുത്തു ജയിക്കുന്നു.


മെക്സിക്കോ ഓഫർ ചെയ്യുന്നത് മറ്റൊരു ചലഞ്ച് ആണ്. അവർക്ക് കൃത്യമായ ഒരു പ്ലാനുണ്ട്. അർജന്റീനക്കെതിരെ സമനില, സൗദിക്കെതിരെ വിജയവുമായി അടുത്ത റൗണ്ടിലേക്ക്. ഹൈ ലൈൻ ഡിഫൻസ് കളിക്കാത്തതിനാൽ അവർ തുടക്കം മുതലേ ഇന്റൻസ് പ്രസ്സിംഗ് തന്നെയാണ്. അർജന്റീനിയൻ ടീമുകളുടെ സവിശേഷതയായ ബാക്ക് ലൈനിൽ നിന്നു തുടങ്ങി മധ്യനിരയിലൂടെ ചൂട് പിടിക്കുന്ന പാസ്സിംഗ് ഗെയിം കളിക്കാൻ അവർ അനുവദിക്കുന്നേയില്ല. മൊത്തം 34 ഫൗളുകൾ കണ്ട കളിയിൽ മെസ്സിക്കും ഡി മരിയക്കും പുറകോട്ട് ഇറങ്ങി വന്ന് പന്ത് കളക്ട് ചെയ്യേണ്ട അവസ്ഥയായിരുന്നു. അർജന്റീനയുടെ മധ്യനിര ക്രിയേറ്റിവിറ്റിയുടെ അംശം പോലുമില്ലാതെ മരവിച്ച അവസ്ഥയിൽ സമനില ഉറപ്പിക്കാവുന്ന സമയത്താണ് മെസ്സിയുടെ ഇൻഡിവിജ്വൽ ബ്രില്യൻസിൽ കളിയുടെ വിധി നിർണയിച്ച ഗോൾ വരുന്നത്. അവിടെ മെക്സിക്കൊയുടെ ഗെയിം പ്ലാൻ ബ്രെക്ക് ചെയ്യപ്പെടുന്നു. അവർക്ക് ആക്രമിക്കേണ്ട അവസ്ഥ വരുന്നു. എൻസോയുടെ രണ്ടാം ഗോൾ ഈ ടൂർണമെന്റിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നാണ്. മെസ്സിയുടെ പാസ്സ് സ്വീകരിച്ചു ബോക്സിൽ കടന്ന ശേഷം രണ്ടു സ്റ്റെപ് ഓവർ,ദേൻ ഒരു ടോപ്‌ ക്ലാസ് curler.


എടുത്തു പറയേണ്ട കാര്യം സ്‌കലോണിയുടെ ടാക്റ്റിക്സ് തന്നെയാണ്. സൗദിയും മെക്സിക്കോയും സമനിലയ്ക്കായാണ് വരുന്നതെങ്കിലും കളിയുടെ ഗതിക്കനുസരിച്ചു അവർ അവരുടെ ടാക്റ്റിക്സ് കൃത്യമായി മാറ്റുന്നുണ്ട്. സ്‌കലോണിയുടെ ടീം മെസ്സിയിൽ കേന്ദ്രീകൃതമല്ല എന്ന നിഗമനങ്ങൾക്ക് വിരുദ്ധമായി പതിവിലും കൂടുതൽ മെസ്സിയുടെ വ്യക്തിഗത മികവിനെ ആശ്രയിക്കുന്ന രീതിയാണ് കാണുന്നത്. 90 മിനുട്ട് കളിയിൽ ആദ്യ പകുതിയിൽ എതിരാളികളുടെ തന്ത്രങ്ങൾ വ്യക്തമായി മനസ്സിലായിട്ടും രണ്ടാം പകുതിയിൽ പോലും ഭാവനാശൂന്യരായി കാണപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പോരായ്മ.


വിയ്യാറയലിന്റെ പ്ലെ മേക്കർ ജിയോവാനി ലോ സെൽസോയുടെ പരിക്കാണ് സ്കലോനിയുടെ തന്ത്രങ്ങൾ എഫക്റ്റീവ് ആകാത്തതെന്ന വാദങ്ങൾ കണ്ടു. ഫ്രാൻസിനെ എടുക്കാം. അവരുടെ മധ്യനിരയുടെ എഞ്ചിൻ എന്ന് തന്നെ വിളിക്കേണ്ട പോൾ പോഗ്ബയും കന്റെയും ഇല്ലാതെയാണ് അവർ കളിക്കുന്നത്.അതുകൊണ്ട് തന്നെ അവരുടെ സാധ്യതകൾക്ക് മങ്ങലേറ്റു എന്ന നിഗമനത്തിൽ പലരും അവരെ എഴുതിതള്ളിയിരുന്നു. സംഭവിക്കുന്നത് മറിച്ചാണ്. ഓറിയൻ ഷുമേനിയും റാബിയാട്ടും അടങ്ങുന്ന ഡിഫൻസീവ് മിഡ് ഫീൽഡിന് കന്റെയുടെയും പോഗ്ബായുടെയും എഫക്റ്റീവ് നസ് ഇല്ലെങ്കിലും തന്റെ ഗെയിമിനെ അസൂയാവഹമാം വിധം മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ഓസ്മാൻ ഡെമ്പെലെയുടെ അസാധാരണ പ്രകടനങ്ങളുടെ ബലത്തിൽ അവർ പിടിച്ചു നിൽക്കുന്നുണ്ട്. ഇവിടെയും സ്കലോണി നിസ്സഹായനാണ്. ഡി പോളും മക് അലിസ്റ്റാരും റോഡ്രിഗാസും എല്ലാം അടങ്ങുന്ന മിഡ് ഫീൽഡ് തീർത്തും ദയനീയമായ ക്രിയേറ്റിവിറ്റിയില്ലാത്ത കളിയാണ് കളിക്കുന്നത്.പകരം വക്കാൻ പോന്ന കളിക്കാരുമില്ല, തന്ത്രങ്ങൾക്ക് മറുതന്ത്രമൊരുക്കാനുള്ള ഭാവനയുമില്ല.


അർജന്റീനക്ക് ബെഞ്ച് സ്‌ട്രെങ്ത് കൂടെ ഇല്ലെന്നിരിക്കെ അവരുടെ യാത്ര എവിടം വരെ പോകുമെന്നതിനെ പറ്റി കൃത്യമായി ഊഹിക്കാവുന്നതേയുള്ളൂ. ലിമിറ്റഡ് റിസോഴ്‌സുമായി വന്ന് പ്രത്യേക ലക്ഷ്യം വച്ച് കളിക്കുന്ന ടീമുകളെ മാത്രമേ അവരിത് വരെ നേരിട്ടിട്ടുള്ളൂ. ഓർഗനൈസ്ഡ് ആയ ആക്രമണ മധ്യ നിരകൾ നൽകുന്ന പരീക്ഷണങ്ങൾ വരാൻ പോകുന്നതേയുള്ളൂ.എല്ലാ കളിയിലും വ്യക്തിഗത മികവിന്റെ ബലത്തിൽ ജയിച്ചു കയറുക എന്നത് ഇത്തരമൊരു ടൂർണമെന്റിൽ ഏറെക്കുറെ അസാധ്യമാണ്.

ലാസ്റ്റ് ബട്ട്‌ നോട്ട് ലീസ്റ്റ്, ലയണൽ മെസ്സി വാസ് ഫിനോമിനൽ, അയാളെ കുറിച്ച് പറയാതെ ഒന്നും തന്നെ പൂർണമാവില്ല. ടീമിന് വേണ്ടി നൂറു ശതമാനവും നൽകുന്ന മജീഷ്യൻ. തന്റെ അസാധാരണ പ്രകടനമില്ലാതെ ഈ ശരാശരി ടീം കരകയറില്ലെന്നു ബോധ്യമായതോടെ മെസ്സി വർക്ക് റേറ്റ് കൂട്ടുകയാണ്. ബോക്സിനു മുന്നിൽ നിന്നൊരു ഫ്രീ കിക്ക് ലഭിക്കാൻ അദ്ദേഹം ഫൗളുകൾ ഇൻവൈറ്റ് ചെയ്യുക വരെ ചെയ്യുന്നുണ്ട്. തന്നിലേക്കുള്ള സപ്ലൈ ലൈനുകൾ മുറിഞ്ഞതോടെ മധ്യനിരയിലേക്ക് ഇറങ്ങി വന്ന് പന്തെടുക്കുന്നു.ആൻഡ് ദേൻ, മനോഹരമായ എന്ന് മാത്രം പറഞ്ഞാൽ പൂർണമാകില്ല ടെക്നിക്കലി പെർഫെക്റ്റ് കൂടെയായൊരു ഫസ്റ്റ് ടച്ചിലൂടെ പന്ത് സെറ്റ് ചെയ്ത ശേഷം ബോക്സിനു വെളിയിൽ നിന്നു ഇടം കാൽ കൊണ്ടൊരു ടോപ്‌ നോച്ച് ലോ ഡ്രൈവ് ഒചോവയെ പോലൊരു ഗോളിയെ ബീറ്റ് ചെയ്ത് വലയിൽ. എക്കാലത്തെയും മികച്ചവനെ തിരഞ്ഞു വേറെയെങ്ങും അലയേണ്ട കാര്യമേയില്ല.നിർഭാഗ്യവശാൽ അർജന്റീനക്ക് വേണ്ടിയൊരു ലോകകപ്പെന്ന അയാളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോന്നതൊന്നും ഈ ടീം തൽക്കാലം ഓഫർ ചെയ്യുന്നില്ല എന്ന് മാത്രം.

STORY HIGHLIGHTS: Lionel Messi was phenomenal but the team is not like that says sangeeth shekhar

Next Story