പ്രീമിയര്‍ ലീഗിലെ വിദേശിക്ക് നാലാം കിരീടം; സിറ്റിയുടെ സ്പാനിഷ് പരിശീലകന് ലീഗില്‍ ഒന്നാമത്
ആറ് വര്‍ഷത്തിനിടെ നാലാം കിരീടം
23 May 2022 7:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുവേഫാ കപ്പ് സെമിയില്‍ തോറ്റെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി തിരികെ പ്രമിയര്‍ ലീഗിലെത്തിയത് കിരീടമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഉയര്ത്തെഴുന്നേല്ക്കാന് സിറ്റിയെ പ്രാപ്തമാക്കിയത് ശക്തമായ റിസര്‍വ് ബെഞ്ചാണ്. ആസ്റ്റന്‍ വില്ലക്കെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കേ ഗാഡിയോളയുടെ ആത്മവിശ്വാസം ഈ സൈഡ് ബെഞ്ചിലായിരുന്നു.
മധ്യനിരയില്‍ പകരക്കാരായെത്തിയ റഹിം സ്റ്റെര്‍ലിംഗും ഗുണ്ടോഗനും ചേര്‍ന്ന് സിറ്റിയെ വിജയവഴിയില്‍ തിരിച്ചെത്തിച്ചു. ഗാഡിയോളയുടെ നിര്‍ണായക നീക്കത്തില്‍ മാഞ്ചസ്റ്റര്‍ വീണ്ടും നീലനിറമായി. സിറ്റിയില്‍ ഗാഡിയോളയുടെ ആദ്യ സൈനിങ്ങായിരുന്നു ഇല്‍കേ ഗുണ്ടോഗന്.
ക്ലബിന്റെ ചരിത്രത്തിലെ എട്ടാമത്തെ കിരീടമാണ് ഗാഡിയോളയും സംഘവും നേടിയത്. 2016- ല്‍ മാനേജറായി ഗാഡിയോള ചുമതലയേറ്റ ശേഷമാണ് സിറ്റിയുടെ വസന്തകാലമാരംഭിക്കുന്നത്. ആറ് വര്‍ഷത്തിനിടെ നാലാം കിരീടമാണ് പെപ്പ് എത്തിഹാദിലെത്തിച്ചത്. എഫ് എ കപ്പും ലീഗ് കപ്പും കോണ്ടിനെന്റല് കപ്പും സിറ്റിയുടെ ഷോകെയ്സിലേ്ക്ക് ഈ കാലയളവിലെത്തി. 2017-18 കാലഘട്ടത്തില്‍ പ്രീമിയര്‍ ലീഗില്‍ 100 പോയന്റും സിറ്റിക്ക് നേടാനായി.
പ്രീമിയര്‍ ലീഗില്‍ വിദേശ കോച്ചുകള്‍ക്ക് ദീര്‍ഘകാലം വിജയം നേടാനാകില്ലന്ന പരമ്പരാഗത ധാരണകൂടിയാണ് ഗാഡിയോള നാലാം ജയത്തോടെ പൊളിച്ചെഴുതിയതിയത്. ഇംഗ്ലണ്ടിലെത്തി ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ച വിദേശ കോച്ചുമാരുടെ മുന്‍നിരയിലേക്ക് ഇതോടെ പെപ്പ് എത്തി. ആഴ്സെ വെംഗര്‍, ഹോസെ മൗറീഞ്ഞോ എന്നിവരെയാണ് സ്പാനിഷ് താരമായ പെപ്പ് പിന്നിലാക്കിയത്.
ആഴ്സനലിന്റെ ഫ്രഞ്ച് കോച്ചായിരുന്ന ആഴ്സെ വെംഗറും പോര്‍ച്ചുഗീസ് കോച്ച് ഹോസെ മൗറീഞ്ഞോയും മൂന്ന് തവണ പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി. മൗറീഞ്ഞോ ചെല്‍സിയേയും പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും പരിശീലിപ്പിച്ചു.
സ്കോട്ടിഷ് പരീശീലകനായ അലക്സ് ഫെര്‍ഗ്യൂസനാണ് ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുള്ളത്്. 13 തവണയാണ് ഫെര്ഗ്യൂസന് യുണൈറ്റഡിനായി കപ്പെടുത്തത്. കഴിഞ്ഞ ദിവസം ആസ്റ്റന്‍ വില്ലയെ തോല്്പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയത്. ബാഴ്സലോണയേയും ബയണിനേയും പരിശീലിപ്പിച്ചിട്ടുള്ള ഗാഡിയോള 10 ലീഗ് ടൈറ്റലുകളാണ് ഇതുവരെ നേടിയത്.
Story Highlights : Guardiola becomes England's most successful foreign manager