Top

ലിവര്‍പൂളിന് ഷോക്ക്, ടോട്ടനത്തിന് സമനില; സന്തോഷമേയുള്ളൂവെന്ന് ആഴ്‌സണല്‍

ലിവര്‍പൂള്‍ പരാജയപ്പെട്ടതോടെ പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആറു പോയിന്റിന്റെ ലീഡ് ആയി.

29 Dec 2021 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലിവര്‍പൂളിന് ഷോക്ക്, ടോട്ടനത്തിന് സമനില; സന്തോഷമേയുള്ളൂവെന്ന് ആഴ്‌സണല്‍
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ കരുത്തരായ ടീമുകള്‍ക്ക് കനത്ത തിരിച്ചടി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ലിവര്‍പൂളിന് ലെസ്റ്റര്‍ സിറ്റി ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയപ്പോള്‍ ആദ്യ അഞ്ചില്‍ ഇടംനേടാന്‍ ലക്ഷ്യമിട്ടിറങ്ങിയ ടോട്ടനം സമനിലയില്‍ കുരുങ്ങി.

ലെസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലിവര്‍പൂള്‍ വീണത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സൂപ്പര്‍ താരം മുഹമ്മദ് സല പെനാല്‍റ്റി തുലച്ചതാണ് അവര്‍ക്കു വിനയായത്. തന്നെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റിയെടുക്കാന്‍ സല തന്നെയാണ് എത്തിയത്. എന്നാല്‍ ഈജിപ്ഷ്യന്‍ താരത്തിന്റെ ഷോട്ട് ലെസ്റ്റര്‍ നായകന്‍ കൂടിയായ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേല്‍ രക്ഷപെടുത്തുകയായിരുന്നു.

തുടര്‍ന്ന് റീബൗണ്ടില്‍ സല ഹെഡ് ചെയ്തെങ്കിലും ബാറില്‍ തട്ടി മടങ്ങി. പിന്നീട് രണ്ടാം പകുതിയില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്‍പില്‍ നില്‍ക്കെ സാദിയോ മാനെക്ക് അവസരം ലഭിച്ചെങ്കിലും മത്സരത്തിന്റെ 59-ാം മിനിറ്റിലാണ് ലെസ്റ്ററിന്റെ വിജയഗോള്‍ വന്നത്. പകരക്കാരനായി ഇറങ്ങിയ ലുക്ക്മാനായിരുന്നു സ്‌കോറര്‍.

കഴിഞ്ഞ ദിവസം ലീഗ് കപ്പില്‍ ലിവര്‍പൂളിനേറ്റ തോല്‍വിക്കുള്ള മധുരം പ്രതികാരം കൂടിയായിരുന്നു ലെസ്റ്റര്‍ സിറ്റിക്ക് ഈ ജയം. ലിവര്‍പൂള്‍ പരാജയപ്പെട്ടതോടെ പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആറു പോയിന്റിന്റെ ലീഡ് ആയി.

മറ്റൊരു മത്സരത്തില്‍ 10 പേരായി ചുരുങ്ങിയ സതാംപ്ടണോടാണ് ടോട്ടനം സമനില വഴങ്ങിയത്. സ്വന്തം തട്ടകത്തില്‍ ഒരുമണിക്കൂറോളം പത്തുപേരുമായി പൊരുതിക്കളിച്ചാണ് സതാംപ്ടണ്‍ സമനില നേടിയത്. ആദ്യ പകുതിയുടെ തുടക്കത്തില്‍ ഒരു ലോങ് ത്രോയില്‍ നിന്ന് വാര്‍ഡ് പ്രോസ് സതാംപ്ടണ് ലീഡ് നല്‍കി. മുന്നിലെത്തിയ ശേഷം ആധിപത്യം തുടരുന്നതിനിടെയാണ് 39-ാം മിനിറ്റില്‍ മിനിറ്റില്‍ സലിസു ഒരു പെനാള്‍ട്ടി സ്പര്‍സിന് സമ്മാനിക്കുന്നതും ഒപ്പം ചുവപ്പ് വാങ്ങി പുറത്തേക്ക് പോകുന്നതും.

ലഭിച്ച പെനാള്‍ട്ടി കെയ്ന്‍ ലക്ഷ്യത്തില്‍ എത്തിച്ചു. കെയ്ന്‍ തുടര്‍ച്ചയായ മൂന്നാം ലീഗ് മത്സരത്തിലാണ് ഗോള്‍ നേടുന്നത്. ഇതിനു ശേഷം സ്പര്‍സ് വിജയ ഗോളിനായി ഒരുപാട് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ടോട്ടനത്തിന്റെ സമനില രക്ഷയായത് ആഴ്‌സണലിനാണ്.

നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ആഴ്‌സണല്‍ നാലാമതാണ്. രണ്ടു മത്സരം കുറച്ചുകളിച്ച ടോട്ടനം 30 പോയിന്റുമായി ആറാമതും. ഇന്നലെ ജയിക്കാനായിരുന്നെങ്കില്‍ രണ്ടു മത്സരം അധികം കൈയിലിരിക്കെ 32 പോയിന്റുമായി ആഴ്‌സണലിന് അടുത്ത് അഞ്ചാം സ്ഥാനത്ത് എത്താന്‍ ടോട്ടനത്തിന് കഴിയുമായിരുന്നു.




Next Story