വെനസ്വേലയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കാനഡ; സെമിയില്‍ അര്‍ജന്റീനയെ നേരിടും

വെനസ്വേലയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കാനഡ; സെമിയില്‍ അര്‍ജന്റീനയെ നേരിടും

ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന- കാനഡ സെമി പോരാട്ടം

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക സെമി ഫൈനലില്‍ അര്‍ജന്റീന കാനഡയെ നേരിടും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് കാനഡ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന്റെ വിജയത്തോടെ കാനഡ സെമിയിലേക്ക് മുന്നേറി. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന- കാനഡ സെമി പോരാട്ടം.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ കാനഡയാണ് ആദ്യം മുന്നിലെത്തിയത്. ജേക്കബ് ഷാഫെല്‍ബര്‍ഗ് നേടിയ ഗോളിന്റെ ലീഡ് ആദ്യ പകുതിയിലുട നീളം കാത്തുസൂക്ഷിക്കാന്‍ കാനഡയ്ക്ക് സാധിച്ചു. 65-ാം മിനിറ്റില്‍ സലോമോന്‍ റോന്‍ഡനിലൂടെ വെനസ്വേല ഒപ്പമെത്തി. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു.

ഷൂട്ടൗട്ടില്‍ വെനസ്വേലയ്ക്ക് വേണ്ടി സലോമോന്‍ റോന്‍ഡന്‍, തോമസ് റിങ്കന്‍, ജോണ്ടര്‍ കാഡിസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ യാംഗല്‍ ഹെറേര, ജെഫേഴ്‌സന്‍ സവാറിനോ, വില്‍കര്‍ ഏയ്ഞ്ചല്‍ എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. കാനഡയുടെ ജോനാഥന്‍ ഡേവിഡ്, മൊയ്‌സ് ബോംബിറ്റോ, അല്‍ഫോണ്‍സോ ഡേവിസ്, ഇസ്മായില്‍ കോനെ എന്നിവര്‍ വലകുലുക്കി. ഇതോടെ 4-3ന് കാനഡ വിജയമുറപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് കാനഡ കോപ്പ സെമിയിലെത്തുന്നത്.

logo
Reporter Live
www.reporterlive.com