കൊമ്പന്മാർക്കൊപ്പം ലൂണ തുടരും; കരാർ നീട്ടി ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസൺ മുതൽ മഞ്ഞപ്പടയുടെ നായകൻ കൂടിയാണ് അഡ്രിയാൻ ലൂണ.
കൊമ്പന്മാർക്കൊപ്പം ലൂണ തുടരും; കരാർ നീട്ടി ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി അഡ്രിയാൻ‌ ലൂണ. 2027 വരെയാണ് ഉറു​ഗ്വേ താരം ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസൺ മുതൽ മഞ്ഞപ്പടയുടെ നായകൻ കൂടിയാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ലൂണയാണ്.

കഴിഞ്ഞ സീസണിൽ മുട്ടിന് പരിക്കേറ്റ താരത്തിന് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള പകുതിയോളം മത്സരങ്ങൾ നഷ്ടമായിരുന്നു. സീസണിൽ ഒമ്പത് മത്സരങ്ങൾ കളിച്ച ലൂണ മൂന്ന് ​ഗോളുകൾ നേടി. നാല് ​ഗോളുകൾക്ക് വഴിയൊരുക്കിയതും ലൂണയാണ്. ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നതിന് പിന്നാലെ പരിക്കിൽ നിന്ന് മോചിതനായ താരം തിരിച്ചെത്തി. എങ്കിലും കുറച്ച് സമയം മാത്രമാണ് കളത്തിലിറങ്ങിയത്.

മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിക്കുന്ന താരമാണ് ലൂണയെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ‌ പറഞ്ഞു. താരത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തതായും ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.

അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടിയ വിവരം പങ്കുവെയ്ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വാർത്താക്കുറിപ്പ്

കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്.

കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു.

ലൂണയുടെ കരാർ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിൻ്റെ ലക്ഷ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ലീഗിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന് ക്ലബ്ബിന് ആത്മവിശ്വാസമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഡ്രിയാൻ ലൂണയ്‌ക്കൊപ്പം അവിസ്മരണീയമായ നിരവധി നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു, അദ്ദേഹത്തിൻ്റെ സാന്നിധ്യം ക്ലബ്ബിൻ്റെ വിജയത്തിന് സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com